വർഗീയ പ്രസ്താവന: എ.കെ. ബാലന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ്
text_fieldsകോഴിക്കോട്: മുൻ മന്ത്രിയും സി.പി.എം നേതാവുമായ എ.കെ. ബാലന്റെ വർഗീയ പ്രസ്താവനക്കെതിരെ ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ്. ജമാഅത്ത് വർഗീയ കലാപം നടത്തിയെന്ന പ്രസ്താവന തിരുത്തണമെന്നും മാപ്പുപറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്. ഇല്ലെങ്കിൽ സിവിൽ, ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്നും അഡ്വ. അമീൻ ഹസൻ മുഖേന ജമാഅത്ത് സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ അയച്ച നോട്ടീസിൽ വ്യക്തമാക്കി.
കഴിഞ്ഞദിവസം സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് എ.കെ. ബാലൻ ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് വർഗീയ പ്രസ്താവന നടത്തിയത്. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും അഭ്യന്തര വകുപ്പ് ഭരിക്കുകയെന്നും അത് മറ്റൊരു മാറാട് കലാപത്തിലേക്ക് നയിക്കുമെന്നുമായിരുന്നു ബാലൻ പറഞ്ഞത്.
വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിൽ നിന്ന് സി.പി.എം പിൻമാറണം -പി.മുജീബുറഹ്മാൻ
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയെ ഉപകരണമാക്കി ഭൂരിപക്ഷവോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള വർഗീയ ധ്രുവീകരണ രാഷ്ട്രീയമാണ് സി.പി.എം നടത്തുന്നതെന്നും ഇതിൽ നിന്ന് പിന്തിരിയണമെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ. സി.പി.എമ്മിനെ എഴുതിത്തള്ളണമെന്ന അഭിപ്രായം ജമാഅത്തെ ഇസ്ലാമിക്കില്ല. സി.പി.എം കേരളത്തിലുണ്ടാകണമെന്ന് തന്നെയാണ് നിലപാട്. പക്ഷേ അധികാരത്തിന് വേണ്ടി അവർ സ്വീകരിക്കുന്ന രാഷ്ട്രീയം അപകടകരമാണ്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ ഇടതുസർക്കാറിന്റെ അയ്യപ്പസംഗമത്തിലേക്ക് ക്ഷണിക്കുന്ന സി.പി.എമ്മിനെ പത്ത് വർഷം മുൻപ് ചിന്തിക്കാനേ ആവില്ല. നിരന്തരം വർഗീയത ആരോപിക്കുന്ന സി.പി.എമ്മിന് ജമാഅത്തെ ഇസ്ലാമി നടത്തിയ വർഗീയ പ്രവർത്തനം എന്താണെന്ന് വ്യക്തമാക്കാനുള്ള ഉത്തരവാദിത്തമുണ്ട്.
അപരമത വിദ്വേഷത്തിന്റെ ഏതെങ്കിലും പരാമർശങ്ങളോ അത്തരം ഇടപെടലുകളുടെ ലാഞ്ചനയോ ഏഴര പതിറ്റാണ്ട് നീളുന്ന ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തന വഴിയിൽ ചൂണ്ടിക്കാണിക്കാനാകുമോ എന്നും അമീർ ചോദിച്ചു. ആർ.എസ്.എസിനെ വിമർശിക്കണമെങ്കിൽ ഒരു പ്രബല രാഷ്ട്രീയ പാർട്ടിക്ക് ന്യൂനപക്ഷങ്ങളുടെ നെഞ്ചത്ത് കയറണമെന്ന് പറയുന്നതിന്റെ യുക്തിയെന്താണ്. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും സമാനമാണെന്നും ഭൂരിപക്ഷ വർഗീയതയെ എതിർക്കണമെങ്കിൽ ന്യൂനപക്ഷ വർഗീയതയെയും എതിർക്കണം എന്ന് പറയുന്നതിലുടെ വേട്ടക്കാരനെയും ഇരകളെയും ഒരുപോലെ സമീപിക്കുന്ന പ്രവണതയാണ് രൂപപ്പെട്ടിരിക്കുന്നത്.
ഇത്തരം നീക്കങ്ങൾ പ്രബുദ്ധ കേരളത്തിന് കൊടുക്കുന്ന സന്ദേശം തിരിച്ചറിഞ്ഞ് തിരുത്താൻ സി.പി.എം സന്നദ്ധമാവണം. ഇക്കാര്യം ഇടതുപക്ഷ ബുദ്ധി ജീവികളും സഹയാത്രികരും ഗൗരവത്തോടെ ആലോചിക്കണം. വെള്ളാപ്പള്ളിയെ പോലും വെല്ലുന്ന പരാമർശമാണ് എ.കെ ബാലനിൽ നിന്നുണ്ടായതത്. ഇത്തരം പ്രസ്താവനകൾ അപകടകരമാണ്. പ്രബുദ്ധ കേരളം ഇത് തിരിച്ചറിയും. ബാലനെ പോലുള്ളവർ കേരളത്തിലെ അഭിനവ ഗീബൽസുമാരാവുകയാണ്. ബി.ജെ.പി പോലും വിഷയം രാഷ്ട്രീയ ആയുധമാക്കാത്ത സാഹചര്യത്തിൽ സി.പി.എം ആയുധമാക്കുകയാണ്. ഇത് പഴയ മുറിവിൽ മുളക് തേക്കുന്ന ക്രൂര നടപടിയാണ്. എ.കെ ബാലൻ കേരളത്തോട് മാപ്പു പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സി.പി.എം വർഗീയധ്രുവീകരണത്തിന് ശ്രമിക്കുന്നു -റസാഖ് പാലേരി
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പ് കാമ്പയിനിന്റെ ഭാഗമായി സി.പി.എം നേതാക്കൾ വർഗീയധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. മതേതരപാരമ്പര്യത്തെ പരമാവധി പ്രകോപിപ്പിച്ച് സംഘ്പരിവാറിന് കളമൊരുക്കാൻ വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർ നടത്തുന്ന ആസൂത്രിത ശ്രമത്തെ സി.പി.എം പ്രോത്സാഹിപ്പിക്കുകയാണ്.
കഴിഞ്ഞ ദിവസം ഇസ്ലാമോഫോബിയ ലക്ഷ്യം വെച്ച് മാറാട് കലാപത്തെക്കുറിച്ച് മുൻ മന്ത്രി എ.കെ. ബാലൻ നടത്തിയ പ്രസ്താവന നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ സോഷ്യൽ എൻജിനീയറിങ് താൽപര്യങ്ങൾ മുൻനിർത്തിയാണെന്ന് വ്യക്തമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ കാമ്പയിനിൽ സി.പി.എം നേതൃത്വം കൊടുക്കുന്ന നിരവധി വർഗീയധ്രുവീകരണ പ്രവർത്തനങ്ങൾ കേരളം മനസ്സിലാക്കിയതാണ്.
മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നൽകി ആസൂത്രിതവും സ്ക്രിപ്റ്റഡുമായി മുസ്ലിംവിരുദ്ധത ആളിക്കത്തിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിൽ ഭരണനേട്ടങ്ങളും പരാജയങ്ങളും മുൻനിർത്തിയുള്ള പ്രചാരണങ്ങൾ നടത്താൻ ഇടതുപക്ഷം തയാറാകണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

