ധ്രുവീകരണ രാഷ്ട്രീയത്തെ തിരുത്തുന്ന തെരഞ്ഞെടുപ്പെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അമീർ
text_fieldsഅമരമ്പലം ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിലെ കൂറ്റമ്പാറ എ.കെ.എം.എം എൽ.പി സ്കൂളിൽ ഒന്നാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന ജമാഅത്ത് ഇസ് ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ
കോഴിക്കോട്: കേരളത്തിന്റെ ബഹുസ്വര സ്വഭാവത്തിന് ഭീഷണിയാവുന്ന തരത്തിൽ ഇസ്‍ലാമോഫോബിയയെ മറയാക്കി, വർഗീയ ധ്രൂവീകരണ രാഷ്ട്രീയം ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പാർട്ടിയുടെ ഭാഗത്തുനിന്ന് തന്നെ മുന്നോട്ടുവെക്കപ്പെടുന്നത് അപകടകരമായ പ്രവണതയെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബുറഹ്മാൻ. പ്രബുദ്ധ കേരളം അത് തിരിച്ചറിയുകയും തിരുത്തുകയും ചെയ്യുന്ന ഒരു തെരഞ്ഞെടുപ്പായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത ജമാഅത്തെ ഇസ്‍ലാമി പ്രശ്നവൽക്കരിക്കപ്പെട്ടത് എന്തുകൊണ്ടാണെന്നും അതിന്റെ പിന്നിലെ അജണ്ട എന്തായിരുന്നുവെന്നും മലയാളികൾക്ക് നന്നായി അറിയാം. പ്രബുദ്ധ കേരളം അത് തിരിച്ചറിയും. ഇന്ത്യയിൽ ഇന്ന് നേരിടുന്ന വലിയ വെല്ലുവിളി സംഘ്പരിവാർ ഭരണകൂടം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നിയമാനുസൃതവും നിയമവിരുദ്ധവുമായ വംശീയ അജണ്ടകളാണ്.
ന്യൂനപക്ഷവും ദളിതുകളും അതിന്റെ ഇരകളാണ്. സംഘ്പരിപാർ രാഷ്ട്രീയം വേരോട്ടം നേടിക്കൊണ്ടിരിക്കുന്ന, കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആ അർഥത്തിൽ മുന്നേറ്റം നടത്തിയ ഒരു പശ്ചാത്തലം കൂടി കേരളത്തിലുണ്ട്. എന്നിട്ടും, സംഘ്പരിവാർ രാഷ്ട്രീയം എന്തുകൊണ്ടാണ് ചർച്ചചെയ്യപ്പെടാതെ പോയത്? ആരാണ് ആ ചർച്ചക്ക് വിഘാതം നിന്നതെന്ന് കേരളം വിലയിരുത്തും.
അത് ബോധപൂർവമാണ്, അപകടകരമായ ഒരു ധ്രുവീകരണ രാഷ്ട്രീയത്തിന്റെ തുടക്കമാണ്. അതിന് നേതൃത്വം നൽകുന്നത് ആ രാഷ്ട്രീയ പ്രസ്ഥാനത്തിനോ കേരളത്തിനോ ഗുണകരമല്ല. അതല്ല കേരളം, അതിനെതിരായിരിക്കും കേരളമെന്നാണ് മനസിലാക്കുന്നതെന്നും പി. മുജീബുറഹ്മാൻ മാധ്യമങ്ങളോട് പറഞ്ഞു.
അമരമ്പലം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ കൂറ്റമ്പാറ എ.കെ.എം.എം എൽ. പി. സ്കൂളിൽ ഒന്നാം നമ്പർ ബൂത്തിൽ പി. മുജീബ് റഹ്മാൻ കുടുംബ സമേതമെത്തി വോട്ട് രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

