കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കേരള വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഓൺലൈൻ ക്ലാസിൽ അറബിക്, ഉർദു, സംസ്കൃതം ഭാഷകൾ ഉൾപ്പെടുത്തണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കോവിഡ് പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത മുസ്ലിം സംഘടനകളുടെ യോഗത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്.
ഒാൺലൈൻ വഴിയുള്ള അധ്യയനം ഒരു മാസം പിന്നിട്ടിട്ടും പത്തരലക്ഷത്തോളം വരുന്ന വിദ്യാർഥികളുടെ പഠന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. സ്കൂൾ തുറക്കാൻ ഇനിയും മാസങ്ങൾ താമസമുണ്ടെന്നിരിക്കെ രണ്ടാം ഭാഷാ ക്ലാസുകൾ ആരംഭിക്കാതിരിക്കുന്നത് വിദ്യാർഥികളുടെ പഠന നിലവാരം പിറകോട്ടു പോകുന്നതിന് കാരണമാകും. മലയാളം ഭാഷാ ക്ലാസുകൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്.
അഞ്ചാം ക്ലാസിൽ ഒന്നും പത്താം ക്ലാസിൽ നാലും രണ്ടാം ഭാഷാ ക്ലാസുകളാണ് ഇതുവരെ നടന്നത്. അതേസമയം, എൽ.പി ക്ലാസുകളിലേക്കോ മറ്റു യു.പി, ഹൈസ്കൂൾ ക്ലാസുകളിലേക്കോ ആവശ്യമായ ഭാഷാ ക്ലാസുകൾ വിക്ടേഴ്സ് ചാനലിലോ ഓൺലൈനിലോ ലഭ്യമല്ലെന്നും അബ്ദുൽ അസീസ് ചൂണ്ടിക്കാട്ടി.