ബിഷപ്പിനെ രണ്ടു ദിവസത്തിനകം ചോദ്യംചെയ്യും –ജലന്ധർ ഡി.സി.പി
text_fieldsന്യൂഡൽഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളക്കലിനെ രണ്ടു ദിവസത്തിനകം ചോദ്യംചെയ്യുമെന്ന് ജലന്ധർ ഡി.സി.പി ഗുർമീത് സിങ് പറഞ്ഞു. ചോദ്യംചെയ്യലിൽനിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് തീരുമാനിക്കുകയെന്നും അന്വേഷണത്തിന് നേതൃത്വം നൽകുന്ന കേരള പൊലീസാണ് അക്കാര്യം തീരുമാനിക്കേണ്ടതെന്നും ജലന്ധർ ഡി.സി.പി അറിയിച്ചു.
പഞ്ചാബ് പൊലീസിനോട് രണ്ടു ദിവസം മുമ്പാണ് കേരള പൊലീസ് അന്വേഷണത്തിനും ബിഷപ്പിനെ ചോദ്യംചെയ്യാനും സഹായം തേടിയത്. അതിനുമുമ്പ് ക്രമസമാധാനപാലനത്തിെൻറ ഭാഗമായി സുരക്ഷ ഉറപ്പാക്കാനായി ജലന്ധർ ബിഷപ്പിെൻറ ആസ്ഥാനത്ത് പഞ്ചാബ് പൊലീസ് പോയിരുന്നു. ആ സമയത്ത് ബിഷപ് ഫ്രാേങ്കാ മുളക്കലിനെ കാണുകയും സംസാരിക്കുകയും ചെയ്തു. അന്വേഷണവുമായി സഹകരിക്കാമെന്നും കേസിൽ നിരപരാധിയാണെന്നുമാണ് അന്ന് അദ്ദേഹം പറഞ്ഞത് -ഗുർമീത് സിങ് പറഞ്ഞു.
മിഷനറീസ് ഒാഫ് ജീസസിലെ കന്യാസ്ത്രീകളെ നാലു മണിക്കൂർ കേരള പൊലീസ് ചോദ്യംചെയ്തുവെന്നും ഗുർമീത് പറഞ്ഞു. ജലന്ധർ കേൻറാൺമെൻറിനകത്തുള്ള പള്ളിയിൽ വിളിച്ചുവരുത്തിയാണ് മദർ ജനറലിനെയും വിവിധ ഭാഗങ്ങളിൽനിന്ന് വിളിച്ചുവരുത്തിയ കന്യാസ്ത്രീകളെയും ശനിയാഴ്ച ചോദ്യംചെയ്തത്.
ഞായറാഴ്ച പഞ്ചാബ് പൊലീസിെൻറ സഹായത്തോടെ ജലന്ധർ പാസ്റ്റർ ഹാളിലെത്തിയ കേരള പൊലീസ് രണ്ടു വൈദികരുടെ മൊഴിയെടുക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. ‘ഇടയനോടൊപ്പം ഒരു ദിനം’ എന്ന പേരിൽ ഇൗ പാസ്റ്റർ ഹാളിൽ നടത്തിയ പരിപാടിക്കായി മുമ്പ് ബിഷപ് വന്നപ്പോൾ കന്യാസ്ത്രീകളോട് ആത്മീയ കാര്യങ്ങളല്ലാത്തവ സംസാരിച്ചുവെന്ന് പരാതിയുണ്ടായിരുന്നു. അതിൽ പിന്നീട് തുടർനടപടിയുണ്ടായിരുന്നില്ല. ആ പരാതിയുമായി ബന്ധപ്പെട്ട നിജസ്ഥിതി അറിയാനും അതുമായി തെളിവുകൾ ശേഖരിക്കാനുമാണ് ഞായറാഴ്ച കേരള പൊലീസ് ജലന്ധർ പാസ്റ്റർ ഹാളിലെത്തിയത്. അതിനുശേഷം കന്യാസ്ത്രീയുടെ ബന്ധുവായ അമൃത്സറിലുള്ള പുരോഹിതെൻറ മൊഴിയുമെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
