ലക്ഷ്യം നേടാതെ ജൽ ജീവൻ; ചെലവഴിച്ചത് 18,643 കോടി
text_fieldsമലപ്പുറം: മുഴുവൻ ഗ്രാമീണ വീടുകളിലും കുടിവെള്ളം എത്തിക്കുകയെന്ന ലക്ഷ്യമിട്ടുള്ള ജൽ ജീവൻ പദ്ധതിക്കായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇതിനകം ചെലവഴിച്ചത് 18,643 കോടി രൂപ. എന്നിട്ടും നാല് ജില്ലകളിൽ 30 ശതമാനംപോലും പ്രവൃത്തി പൂർത്തിയാക്കാനായില്ല. ഇടുക്കി, വയനാട്, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് പദ്ധതി തീർത്തും മന്ദഗതിയിലുള്ളത്. 50 ശതമാനത്തിന് മുകളിൽ വീടുകളിൽ കുടിവെള്ള കണക്ഷൻ നൽകാനായത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ മാത്രം. പത്തനംതിട്ട, കോട്ടയം, മലപ്പുറം ജില്ലകളിൽ ലക്ഷ്യത്തിന്റെ 45 ശതമാനം മാത്രമാണ് പൂർത്തിയാക്കാനായത്.
പദ്ധതിക്കായി സംസ്ഥാന സർക്കാർ ചെലവഴിച്ചത് നബാർഡ് വായ്പയുൾപ്പെടെ 13,033 കോടി രൂപയും കേന്ദ്ര വിഹിതമായി ലഭിച്ചത് 5,610 കോടി രൂപയുമാണ്. സംസ്ഥാന വിഹിതം യഥാസമയം നൽകുന്നതിൽ വീഴ്ച വരുത്തിയതിനെതുടർന്ന് കേന്ദ്രത്തിൽനിന്ന് ലഭിക്കേണ്ട 1370 കോടി രൂപ നഷ്ടമായതായി സി.എ.ജിയുടെ റിപ്പോർട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി നൽകിയ ഗാർഹിക കണക്ഷനുകളിൽ 20 ശതമാനം ഉപഭോക്താക്കൾ ഉപേക്ഷിച്ചതായും സി.എ.ജി പറയുന്നു. വെള്ളം ലഭിക്കാത്തതും അമിത നിരക്കുമാണ് കണക്ഷൻ ഉപേക്ഷിക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. പിന്നാക്കവിഭാഗങ്ങൾ താമസിക്കുന്ന മേഖലയിൽ പദ്ധതി പുരോഗതി വെറും മൂന്ന് ശതമാനം മാത്രമാണെന്നും സി.എ.ജി പറയുന്നു.
70.76 ലക്ഷം ഗ്രാമീണ വീടുകളിൽ ടാപ്പ് വഴി കുടിവെള്ളം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി തുകയുടെ 50 ശതമാനം കേന്ദ്രവും ബാക്കി സംസ്ഥാനവും വഹിക്കണമെന്നാണ് കരാർ. ആരംഭിക്കുന്ന സമയത്ത് സംസ്ഥാനത്ത് 17.50 ലക്ഷം ഗ്രാമീണ വീടുകളിൽ (25.06 ശതമാനം) മാത്രമാണ് പൈപ്പ് ലൈൻ കണക്ഷൻ ഉണ്ടായിരുന്നത്. ഇപ്പോൾ അത് 38.95 ലക്ഷം വീടുകളിലേക്ക് (55 ശതമാനം) ഉയർത്താൻ സാധിച്ചിട്ടുണ്ടെന്ന് അധികൃതർ അവകാശപ്പെടുന്നു. ഭൂമിയുടെയും ഫണ്ടിന്റെയും ലഭ്യതക്കുറവും വിവിധ വകുപ്പുകളുടെ അനുമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ് പ്രവൃത്തി നീളാൻ കാരണമെന്നും അധികൃതർ പറയുന്നു. 2025ൽ പൂർത്തീകരിക്കേണ്ട പദ്ധതിയുടെ കാലാവധി 2028 ഡിസംബർ വരെ കേന്ദ്ര സർക്കാർ നീട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

