ആർ.ജെ.ഡി ദേശീയ സമിതി അംഗവും പരിസ്ഥിതി പ്രവർത്തകനുമായ ജെയ്സൺ പാനികുളങ്ങര നിര്യാതനായി
text_fieldsഅങ്കമാലി: രാഷ്ടീയ ജനതാദൾ (ആർ.ജെ.ഡി) ദേശീയ സമിതി അംഗവും പരിസ്ഥിതി പ്രവർത്തകനും കാതികുടം സമര സമിതി നായകനും, കായിക താരവും എഴുത്തുകാരനുമായ പാറക്കടവ് പരേതനായ പാനികുളങ്ങര വർഗീസിന്‍റെ മകൻ ജെയ്സൺ പാനികുളങ്ങര (66) നിര്യാതനായി. കരൾ രോഗം ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ട് 6.35ഓടെയായിരുന്നു അന്ത്യം.
കാടുകുറ്റി നിറ്റ ജലാറ്റിൻ ഫാക്ടറിയിലെ മലീനീകരണത്തിനെതിരെ വർഷങ്ങൾ നീണ്ട ജനകീയ പോരാട്ടത്തിന് ജെയ്സൺ നേതൃത്വം നൽകി. കാതികുടം സമരസമിതി രക്ഷാധികാരിയായിരുന്ന ജെയ്സൺ സംസ്ഥാനത്തുടനീളമുള്ള പരിസ്ഥിതി സംരക്ഷണത്തിനും, മലിനീകരണ സ്രോതസ്സുകൾ കണ്ടെത്തി നടപടികൾ സ്വീകരിക്കുന്നതിനും നിരവധി പോരാട്ടങ്ങൾ നടത്തിയിരുന്നു. സർവകലാശാല തല വോളിബോൾ താരവും, അങ്കമാലി സ്പോട്സ് അസോസിയേഷൻ (എ.എസ്.എ) സ്ഥാപക അംഗവുമായിരുന്നു.
അങ്കമാലിയിൽ ഈ വർഷം എ.എസ്.എ സംഘടിപ്പിക്കുന്ന അഖിലേന്ത്യ വോളിബോൾ ടൂർണമെന്‍റിന്‍റെ സംഘാടക സമിതി ജനറൽ കൺവീനറായിരുന്നു. എസ്.എഫ്.ഐ വിദ്യാർഥി രാഷ്ട്രീയത്തിലൂടെ സംഘടന പ്രവർത്തനം ആരംഭിച്ചു. ആലുവ യു.സി കോളജ് പൂർവ വിദ്യാർഥി സംഘടനയുടെ നേതൃ നിരയിൽ പ്രവർത്തിച്ചിട്ടുണ്ട്. ജ്യേഷ്ഠ സഹോദരനായ അഡ്വ. വിൻസന്‍റ് പാനികുളങ്ങരയോടൊപ്പം കോൺഗ്രസ് നേതൃനിരയിലെത്തിയെങ്കിലും എം.പി വീരേന്ദ്രകുമാറുമായി ബന്ധപ്പെട്ട് പരിസ്ഥിതി, സാഹിത്യ മേഖലയിലെ സൗഹൃദത്തിനും, ജനതാദൾ ( യു ) ജില്ല പ്രസിഡന്‍റ് പദവിയിലെത്തുന്നതിനും കാരണമായി. ജനതാദൾ ( യു ) രാഷ്ട്രീയ ജനതാദളിൽ ലയിച്ചതോടെയാണ് ജെയ്സൺ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയും ദേശീയ സമിതി അംഗവുമായത്.
അങ്കമാലിയിൽ പ്രവർത്തിക്കുന്ന സിറ്റിസൺസ് എൻലൈറ്റ്മെന്‍റ് ഫോറം പ്രസിഡന്‍റായ ജെയ്സൺ കോളജ് വിദ്യാർഥികൾക്കായി പ്രഭാഷകരെ പെങ്കടുപ്പിച്ച് ബോധവത്കരണ ക്ലാസുകൾ നൽകിയിട്ടുണ്ട്. ജില്ലക്കകത്തും, പുറത്തുമുള്ള നിരവധി കലാ, കായിക, സാമൂഹിക, കാംസ്കാരിക, വിജ്ഞാന, വിനോദ മേഖലകളിലും ജെയ്സൺ അംഗമാണ്. യു.സി കോളജ് അലുമിനി കമ്മിറ്റി അംഗമായി പ്രവർത്തിച്ചു വരുകയായിരുന്നു. യു.സി കോളേജിൽ നിന്ന് പരിസ്ഥിതി പ്രവർത്തനത്തിന് അവാർഡും ലഭിച്ചിട്ടുണ്ട്. കാശ്മീരിൽ കാർഗിൽ സന്ദർശനത്തെ തുടർന്ന് ‘കാർഗിൽ യാത്ര’, ശ്രീലങ്കയിലെ വംശീയ പ്രശ്നങ്ങളും രാഷ്ട്രീയവും പ്രതിപാദിക്കുന്ന ‘ശ്രീലങ്ക അശാന്തിയുടെ തുരുത്തിലെ ഋതുഭേദങ്ങൾ’ എന്നീ ശ്രദ്ധേയമായ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
ഭാര്യ: പ്ലാക്കൽ കുടുംബാംഗം വത്സ. മക്കൾ: ആര്യ ജയ്സൺ (കാനഡ), അർജുൻ ജെയ്സൺ. മരുമക്കൾ: ജോമോൻ ജോയ്ച്ചൻ (കാനഡ) നിയ ജോസഫ് (പ്രധാനമന്ത്രി ജൻ ഔഷധി ഫാർമസി).
സംസ്കാരം ശനിയാഴ്ച വൈകിട്ട് 3.30ന് പാറക്കടവ് പുവ്വത്തുശ്ശേരി സെന്‍റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

