ആർ.എസ്.എസ് നേതാവിന്റെ കാലുകൾ വെട്ടിയ കേസ്: എട്ട് സി.പി.എമ്മുകാരുടെ തടവുശിക്ഷ ശരിവെച്ചു
text_fieldsകൊച്ചി: മട്ടന്നൂരിൽ ആർ.എസ്.എസ് നേതാവും അധ്യാപകനുമായ സി. സദാനന്ദന്റെ കാലുകൾ വെട്ടിമാറ്റിയ കേസിൽ എട്ട് സി.പി.എം പ്രവർത്തകർക്ക് വിധിച്ച ഏഴുവർഷത്തെ കഠിന തടവുശിക്ഷ ഹൈകോടതി ശരിവെച്ചു. 1994 ജനുവരി 25ന് ആർ.എസ്.എസ് ജില്ല സഹകാര്യവാഹകായ സദാനന്ദന്റെ കാലുകൾ വെട്ടിമാറ്റിയ കേസിൽ തലശ്ശേരി പ്രിൻസിപ്പൽ അസി. സെഷൻസ് കോടതി വിധിച്ച ശിക്ഷയാണ് ജസ്റ്റിസ് സി.എസ്. സുധ ശരിവെച്ചത്.
പ്രതികളായ ഉരുവച്ചാൽ കുഴിക്കൽ കെ. ശ്രീധരൻ, മാതമംഗലം നാണു, പെരിഞ്ചേരി പുതിയ വീട്ടിൽ മച്ചാൻ രാജൻ, കുഴിക്കൽ പി. കൃഷ്ണൻ എന്ന കുഞ്ഞികൃഷ്ണൻ, മനക്കൽ ചന്ത്രോത്ത് രവീന്ദ്രൻ എന്ന രവി, കരേറ്റ പുല്ലാഞ്ഞിയോടൻ സുരേഷ്ബാബു എന്ന ബാബു, പെരിഞ്ചേരി മൈലപ്രവൻ രാമചന്ദ്രൻ, കുഴിക്കൽ കെ. ബാലകൃഷ്ണൻ എന്ന ബാലൻ എന്നിവർ നൽകിയ ഹരജി തള്ളിയാണ് ഉത്തരവ്. സദാനന്ദൻ നൽകിയ ക്രിമിനൽ റിവിഷൻ അപ്പീലും പരിഗണിച്ചു.
മൃഗീയമായ ആക്രമണമാണ് നടത്തിയതെന്നും പ്രതികൾ ദയ അർഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, ഇവർ ഓരോരുത്തരും സദാനന്ദന് 25,000 രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന വിചാരണക്കോടതി ഉത്തരവിൽ ഭേദഗതി വരുത്തിയ ഹൈകോടതി, പിഴസംഖ്യ 50,000 രൂപ വീതമായി വർധിപ്പിച്ചു. 2007 ഫെബ്രുവരി ഏഴിന് പ്രതികളെ ശിക്ഷിച്ച് പുറപ്പെടുവിച്ചത് തലശ്ശേരി സെഷൻസ് കോടതി ശരിവെച്ചിരുന്നു. ഇതിനെതിരെയാണ് സദാനന്ദനും പ്രതികളും ഹൈകോടതിയെ സമീപിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.