ജയിൽ പരിഷ്‌കരണം: ഹൈകോടതി വിശദീകരണം തേടി
text_fieldsകൊച്ചി: ജയിൽ പരിഷ്‌കരണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി മാർഗ നിർദേശങ്ങളുടെ പശ്ചാത്തലത്തിൽ ഇത് സംബന്ധിച്ച് ഹൈകോടതി സ്വമേധയാ പൊതുതാൽപര്യ ഹരജി ഫയലിൽ സ്വീകരിച്ചു. തടവിൽ കഴിയവെ അസ്വാഭാവിക മരണം സംഭവിച്ചവരുടെ ഉറ്റവരെ കണ്ടെത്തി മതിയായ നഷ്ടപരിഹാരം നൽകാൻ ഹൈകോടതികൾ നടപടിയെടുക്കണമെന്ന സുപ്രീം കോടതി ഉത്തരവിെൻറ പശ്ചാത്തലത്തിലാണ് സ്വമേധയാ ഹരജി. തുടർന്ന് സർക്കാറടക്കം എതിർകക്ഷികളോട് ഹൈകോടതി വിശദീകരണം തേടി. ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് അഡി. ചീഫ് സെക്രട്ടറി, സാമൂഹിക നീതി വകുപ്പ് സ്പെഷൽ സെക്രട്ടറി, ഡി.ജി.പി, ജയിൽ ഡി.ജി.പി, സാമൂഹിക നീതി വകുപ്പ് ഡയറക്ടർ എന്നിവരാണ് വിശദീകരണം നൽകേണ്ടത്.
പൊലീസ് അതിക്രമം, കസ്റ്റഡി മരണം തുടങ്ങിയവ തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ആർ.സി ലഹോട്ടി സുപ്രീം കോടതിക്ക് എഴുതിയ കത്ത് പൊതുതാൽപര്യ ഹരജിയായി പരിഗണിച്ചാണ് സുപ്രീംകോടതി മാർഗ നിർദേശം നൽകിയത്. ഇതു സംബന്ധിച്ച കത്തും സെപ്റ്റംബർ 15ലെ സുപ്രീം കോടതിയുത്തരവിെൻറ പകർപ്പും ഹൈകോടതിക്ക് ലഭിച്ചിരുന്നു. 1382 ജയിലുകളിലെ മനുഷ്യത്വ രഹിത സാഹചര്യങ്ങൾ എന്ന തലക്കെട്ടിലാണ് സുപ്രീംകോടതിയുടെ കത്ത് ലഭിച്ചതെന്നും ഹരജിയിൽ വ്യക്തമാക്കുന്നു.
സംസ്ഥാന സർക്കാറുകൾക്കും ഹൈകോടതികൾക്കും സംസ്ഥാന ലീഗൽ സർവിസ് അതോറിറ്റികൾക്കുമുള്ള നിർദേശങ്ങളോടെയായിരുന്നു ജയിൽ പരിഷ്‌കരണവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ ഉത്തരവുണ്ടായത്. സാധാരണയിലേതിനേക്കാൾ തടവുകാരുടെ ആത്മഹത്യാ നിരക്ക് 50 ശതമാനം കൂടുതലാണെന്ന് ഹരജിയിൽ പറയുന്നു. ജയിലുകളിൽ നടക്കുന്ന മരണത്തിലെ 71 ശതമാനവും ആത്മഹത്യയാണ്. ജയിലുകളിലെ ദുരിത സാഹചര്യവും ആത്മഹത്യക്ക് അനുകൂല സാഹചര്യവുമാണ് ഇതിന് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
