ശബരിമല ദർശനത്തിനിടെ കുഴഞ്ഞുവീണ് മരിച്ച ജയിൽ ഓഫിസർ ഇനി എട്ടുപേരിൽ ജീവിക്കും
text_fieldsമരിച്ച അനീഷ്
കോട്ടയം: ശബരിമല ദർശനത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി ചികിത്സയിലിരിക്കെ മരിച്ച പൂജപ്പുര സെൻട്രൽ ജയിലിലെ ഡെപ്യുട്ടി പ്രിസൺ ഓഫിസർ എ.ആർ. അനീഷ് എട്ടുപേർക്ക് ജീവനേകും. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മസ്തിഷ്‍ക മരണം സ്ഥിരീകരിച്ചത്.
തുടർന്ന് ഹൃദയം, കരൾ, വൃക്കകൾ, നേത്രപടലങ്ങൾ എന്നിവ ഉൾപ്പെടെയുള്ള അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതിക്കുകയായിരുന്നു. ഈ അവയവങ്ങൾ എട്ട് പേർക്ക് പുതുജീവൻ നൽകും. പാറശ്ശാല മണ്ഡപത്തിൻകടവ് സ്വദേശിയാണ് അനീഷ്. സഹപ്രവർത്തകന്റെ മരണത്തിൽ ആദരാഞ്ജലി അർപ്പിച്ച കേരള ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷൻ, വിയോഗത്തിന്റെ വേദനയിലും അവയവദാനത്തിന് സമ്മതം നൽകിയ കുടുംബത്തിന് നന്ദി അറിയിച്ചു.
അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത കാണിച്ച കുടുംബാംഗങ്ങൾ മാനവികതയുടെ വലിയൊരു മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു. ‘ശബരിമല ദർശനത്തിനിടെയുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം പൂജപ്പുര സെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോമിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അനീഷ് എ ആറിന്റെ വിയോഗം ഏറെ ദുഃഖകരമാണ്. അദ്ദേഹത്തിന്റെ ഹൃദയം, കരൾ, വൃക്കകൾ, നേത്രപടലങ്ങൾ തുടങ്ങിയ അവയവങ്ങൾ ദാനം ചെയ്തതിലൂടെ എട്ടുപേർക്കാണ് പുതുജീവൻ ലഭിച്ചിരിക്കുന്നത്. അനീഷിന്റെ വിയോഗത്തിന്റെ വേദനയിലും അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത കാണിച്ച കുടുംബാംഗങ്ങൾ മാനവികതയുടെ വലിയൊരു മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത്. അനീഷിന് ആദരാഞ്ജലികൾ. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും നാടിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു’ -മുഖ്യമന്ത്രി അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

