ജയിലോർമകളിൽ വിതുമ്പി മുഹമ്മദ് ആമിർ ഖാൻ
text_fieldsഎറണാകുളം ടൗൺഹാളിൽ സോളിഡാരിറ്റി ‘ഓറഞ്ച് ജംപ് സ്യൂട്ട്’ എക്സിബിഷൻ കാണുന്ന മുഹമ്മദ് അമീർ ഖാൻ -രതീഷ് ഭാസ്കർ
കൊച്ചി: ആ കാഴ്ചയിലേക്ക് ഒന്നു നോക്കാൻ പോലുമുള്ള ത്രാണി അദ്ദേഹത്തിന് ഇപ്പോഴുമില്ല. അതാണ് ഒരുക്കിവെച്ചിരിക്കുന്നതെന്ന് പറഞ്ഞപ്പോൾ, പാളിനോക്കാൻ പോലുമാകാതെ നിന്നു വിതുമ്പി. തൂവാലയെടുത്ത് കണ്ണീർ തുടച്ചു. കണ്ടുനിന്നവർ നിശബ്ദരായിപ്പോയി. പിന്നെ, ആശ്വസിപ്പിച്ച് മറ്റു കാഴ്ചകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. 14 വർഷം വിചാരണത്തടവുകാരനായി ജയിലിൽ പീഡനങ്ങൾ ഏറ്റുവാങ്ങിയശേഷം മോചിതനായ മുഹമ്മദ് ആമിർ ഖാനാണിത്. സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സംഘടിപ്പിക്കുന്ന ‘ജസ്റ്റിസ് ആൻഡ് സോളിഡാരിറ്റി’ സമ്മേളനത്തിനെത്തിയതായിരുന്നു അദ്ദേഹം.
സമ്മേളനത്തിന്‍റെ ഭാഗമായ ‘ഓറഞ്ച് ജംപ് സ്യൂട്ട്’ എക്സിബിഷനിൽ ജയിലറക്കുള്ളിൽ പൊലീസുകാർ ബലംപ്രയോഗിച്ച് മലർത്തിക്കിടത്തി, ആമിർ ഖാന്‍റെ മൂക്കിലേക്ക് ഹോസ് ഉപയോഗിച്ച് വെള്ളം ചീറ്റുന്ന ദൃശ്യത്തിന് മുന്നിലെത്തിയപ്പോഴാണ് അദ്ദേഹം തേങ്ങിക്കരഞ്ഞത്. മുഹമ്മദ് ആമിർ ഖാൻ ജയിൽമോചിതനായി 24 വർഷമായെങ്കിലും ഇന്നും ആ ഓർമകൾക്ക് മുന്നിൽ നടുങ്ങുന്നു. നിരപരാധിയായ മനുഷ്യന്‍റെ മനസ്സിൽ ജയിൽപീഡനം ഏൽപിക്കുന്ന പ്രഹരം എത്ര മാരകമാണെന്നതിന്‍റെ നേർസാക്ഷ്യമാണിദ്ദേഹം.
പ്രദർശന നഗരിയിലെ കാഴ്ച കാണാൻ തനിക്കാവില്ലെന്നും മറക്കാൻ ശ്രമിക്കുന്ന ഭീതിദമായ ഓർമകൾ അതുണർത്തുമെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. ‘‘ജീവിതത്തിന്‍റെ വലിയൊരു ഭാഗം ഞാൻ ജയിലിലായിരുന്നു. അവിടെ നേരിടേണ്ടിവന്ന കൊടിയ പീഡനങ്ങൾ, ഏകാന്തത... അതൊക്കെ ഓർമപ്പെടുത്തുന്നതാണ് ഈ പ്രദർശനം’’-അദ്ദേഹം പറഞ്ഞു.
പതിനാല് വർഷം നീണ്ട ആമിറിന്‍റെ പേടിസ്വപ്നം ആരംഭിച്ചത് ഏകദേശം 20 വയസ്സുള്ളപ്പോഴാണ്. 1998 ഫെബ്രുവരിയിലാണ് തന്നെ അവർ പിടിച്ചുകൊണ്ടുപോയതെന്ന് അദ്ദേഹം പറഞ്ഞു. യൂനിഫോംപോലുമില്ലാത്ത കുറെപേർ വന്ന് വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. എന്താണ് കുറ്റമെന്നുപോലും അറിയില്ല. ഏഴുദിവസം നിയമവിരുദ്ധ തടങ്കലിൽ പീഡിപ്പിച്ചു. നിരവധി വെള്ളക്കടലാസിൽ ഒപ്പിടുവിച്ചു. ഡൽഹി, ഗാസിയാബാദ്, റോഹ്തക് എന്നിവിടങ്ങളിൽ നടന്ന ബോംബ് സ്ഫോടനങ്ങളിൽ വ്യാജമായി പ്രതിചേർത്തു. കുറ്റങ്ങൾ സമ്മതിക്കാൻ ക്രൂരമായി പീഡിപ്പിച്ചു. ഒടുവിൽ 19 വ്യത്യസ്ത കേസുകളിൽ കുറ്റാരോപിതനായെന്ന് അദ്ദേഹം പറഞ്ഞു. 2012 ജനുവരിയിൽ തെളിവുകളുടെ അഭാവവും കെട്ടിച്ചമച്ച പൊലീസ് രേഖകളും ചൂണ്ടിക്കാട്ടി 17 കേസുകളിലും കോടതികൾ കുറ്റവിമുക്തനാക്കിയശേഷമാണ് പുറംലോകം കണ്ടത്. മോചിതനായ ശേഷം, മനുഷ്യാവകാശ അഭിഭാഷക നന്ദിത ഹക്സറുമായി സഹകരിച്ച് എഴുതിയ ‘ഫ്രെയിംഡ് ആസ് എ ടെററിസ്റ്റ്: മൈ 14 ഇയർ സ്ട്രഗിൾ ടു പ്രൂവ് മൈ ഇന്നസെൻസ്’ എന്ന പുസ്തകത്തിൽ ആമിർ തന്‍റെ ദുരിതം രേഖപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

