ഭാര്യയെ അവഹേളിച്ചെന്ന്; എസ്.ഐക്കെതിരെ ജയിൽ ഡി.ഐ.ജിയുടെ പരാതി
text_fieldsആലപ്പുഴ: ഭാര്യയോട് തട്ടിക്കയറിയെന്നും അവഹേളിച്ചെന്നും ആരോപിച്ച് ആലപ്പുഴ നോർത്ത് പൊലീസ് സബ് ഇൻസ്‌പെക്ടർക്കെതിരെ ജയിൽ ഡി.ഐ.ജിയുടെ പരാതി. ജയിൽ ആസ്ഥാന ഡി.ഐ.ജി എം.കെ. വിനോദ് കുമാറാണ് സ്‌കൂട്ടറിൽ വന്ന തന്‍റെ ഭാര്യയെ തടഞ്ഞുനിർത്തി ആലപ്പുഴ നോർത്ത് എസ്.ഐ മോശമായി പെരുമാറിയെന്ന് ആലപ്പുഴ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
ആലപ്പുഴ കോമളപുരം റോഡ്മുക്കിലാണ് ഡി.ഐ.ജിയുടെ വീട്. ബുധനാഴ്ച രാവിലെ 11.45ഓടെ തന്റെ ഭാര്യ ഹസീന സ്‌കൂട്ടറിൽ ആശുപത്രിയിലേക്ക് വരുമ്പോൾ ആലപ്പുഴ തണ്ണീർമുക്കം റോഡിൽ ഗുരുപുരം ജങ്ഷനു സമീപം വെച്ച് ആലപ്പുഴ നോർത്ത് എസ്.ഐ മനോജ് തടഞ്ഞുനിർത്തി രേഖകൾ ആവശ്യപ്പെട്ടു. രോഗ ബാധിതയായ അമ്മക്ക് മരുന്ന് വാങ്ങാനാണ് ഇരുവരും സ്‌കൂട്ടറിൽ വന്നത്. ഈ സമയം വാഹനത്തിൽ രേഖകൾ ഉണ്ടായിരുന്നില്ല.
ഭർത്താവ് ജയിൽ വകുപ്പ് ഹെഡ്ക്വാർട്ടേഴ്‌സ് ഡി.ഐ.ജിയാണെന്നും അദ്ദേഹം വന്നിട്ട് സ്‌റ്റേഷനിൽ ഹാജരാക്കാമെന്നും പറഞ്ഞത് ചെവിക്കൊള്ളാതെ നേരിട്ട് ഹാജരാക്കണമെന്ന് പറഞ്ഞ് തട്ടിക്കയറുകയും പൊതുജനങ്ങളുടെ മുന്നിൽ വെച്ച് സ്ത്രീ എന്ന പരിഗണന നൽകാതെ അവഹേളിച്ചെന്നും പരാതിയിൽ പറയുന്നു. ഭർത്താവിന് സംസാരിക്കാൻ ഫോൺ നൽകാമെന്ന് പറഞ്ഞെങ്കിലും ആരോടും സംസാരിക്കാനില്ലെന്നും എസ്.ഐ നിലപാടെടുത്തു.
''നിങ്ങൾക്കെതിരെ കേസ് എടുത്തുകൊള്ളാം'' എന്ന് ഭീക്ഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. സംഭവം അന്വേഷിച്ചുവരുന്നതായി എസ്.പിയുടെ ഓഫിസ് അറിയിച്ചു. എന്നാൽ, സഹപ്രവർത്തകരുടെ മുന്നിൽവെച്ച് എസ്.ഐയെ അവഹേളിക്കുന്ന തരത്തിലുള്ള പദപ്രയോഗം നടത്തിയത് ഡി.ഐ.ജിയുടെ ഭാര്യയാണെന്ന് പൊലീസ് പറയുന്നു.
ഡി.ഐ.ജിയെ ഫോണിൽ വിളിച്ച ഭാര്യ എസ്.ഐയെ കുറിച്ച് നാട്ടുകാർക്ക് മുന്നിൽ വളരെ മോശമായി പറയുകയും അവഹേളിക്കുകയും ചെയ്തത്രെ. വാഹന പരിശോധനക്കിടെ ഡി.ഐ.ജിയുടെ ഭാര്യയെന്ന് പരിചയപ്പെടുത്തിയ സ്ത്രീ ടൂവീലറിൽ എത്തിയെന്നും രേഖകൾ പിന്നീട് ഹാജരാക്കാൻ നിർദേശിക്കുകയുമാണുണ്ടായതെന്നും എസ്.ഐ മനോജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

