Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഉച്ചത്തിൽ 'ജയ്​...

'ഉച്ചത്തിൽ 'ജയ്​ ശ്രീറാം' വിളിപ്പിച്ചു, മാതാപിതാക്കളെ ചേർത്ത്​ തെറി പറയിപ്പിച്ചു, ഉമ്മയെക്കുറിച്ച്​​ അറക്കുന്ന വാക്കുകൾ പറഞ്ഞു' -സത്യം അറിയാം

text_fields
bookmark_border
ഉച്ചത്തിൽ ജയ്​ ശ്രീറാം വിളിപ്പിച്ചു, മാതാപിതാക്കളെ ചേർത്ത്​ തെറി പറയിപ്പിച്ചു, ഉമ്മയെക്കുറിച്ച്​​ അറക്കുന്ന വാക്കുകൾ പറഞ്ഞു -സത്യം അറിയാം
cancel
camera_altകൊല്ലപ്പെട്ട ഷാൻ, രഞ്ചിത്ത്​

2019ലെ ആദ്യ ലോക്​ ഡൗൺ സമയത്താണ്​ സംഭവം. വൈകുന്നേരം ഒരു ഏഴര സമയം ആയിട്ടുണ്ടാകും. മൂന്ന്​ ബൈക്കുകളിലായി ആറ്​ പൊലീസുകാർ ആലപ്പുഴ സക്കരിയ ബസാർ ജംഗ്​ഷനിൽ വന്നിറങ്ങി. സിവിൽ വസ്ത്രത്തിലായിരുന്നു വരവ്​. കാക്കി പാന്‍റും ഷൂസുകളും കയ്യിലെ കുറുവടിയും കണ്ടാണ്​ പൊലീസ്​ ആണെന്ന്​ മനസിലായത്​. ലോക്​ ഡൗണിൽപെട്ട്​ വീട്ടിലിരുന്ന്​ മടുത്ത കുറച്ച്​ യുവാക്കൾ ജംഗ്​ഷനിൽ അവിടെയും ഇവിടെയും ഒക്കെ ആയിട്ട്​ നിൽക്കുന്നുണ്ടായിരുന്നു. ചീറിപ്പാഞ്ഞെത്തിയ ബൈക്കിൽനിന്ന്​ പൊലീസുകാർ ചാടിയിറങ്ങിയയുടനെ അടി തുടങ്ങി. യുവാക്കൾ ചിതറി ഓടിയെങ്കിലും അവർ വിട്ടില്ല.

മുഹമ്മദ്​ ഫിറോസ്​

ഊടുവഴികൾ കേറി പിന്നാലെ ഓടിച്ചിട്ട്​ യുവാക്കളെ തല്ലിച്ചതച്ചു. അടിക്കിടെ ഭയങ്കരമായി കേട്ടാൽ അറക്കുന്ന തെറി വിളിക്കുന്നുണ്ടായിരുന്നു ​പൊലീസ്​. വിരോധാഭാസം എന്തെന്നാൽ, സംഭവം കഴിഞ്ഞ്​ കൃത്യം ഒരാഴ്ച പിന്നിട്ടുണ്ടാകണം. ഈ പൊലീസുകാർക്കെല്ലാം ശിക്ഷാനടപടിയായി സ്ഥലം മാറ്റം. പക്ഷേ, കേസ്​ ഇതല്ല എന്നു മാത്രം!. നഗരത്തിലെ ഇ.എം.എസ്​ സ്​റ്റേഡിയത്തിന്​ സമീപത്തുള്ള ഒരു പ്രവാസി വ്യവസായിയുടെ വീട്ടിൽ സൗത്ത്​ സ്​റ്റേഷനിലെ പൊലീസ്​ ജീപ്പ്​ ഇരച്ചെത്തിനിന്നു. വീട്​ മുഴുവൻ റെയ്​ഡ്​ ചെയ്ത്​ വ്യവസായി അവിടെ സൂക്ഷിച്ചിരുന്ന വിദേശ മദ്യക്കുപ്പികൾ ഒക്കെ ജീപ്പിൽ കയറ്റി കൊണ്ടുപോയി പൊലീസുകാർ തന്നെ വീതിച്ചെടുത്തു.

വ്യവസായി വിട്ടില്ല. നല്ല പിടിപാടുള്ള മനുഷ്യനായിരുന്നു. അയാൾ ഉന്നത പൊലീസ്​ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടു. സ്വകാര്യ ആവശ്യത്തിന്​ ​സൂക്ഷിച്ചിരുന്ന മദ്യമായിരുന്നു. അതാണ്​ പൊലീസുകാർ ഔദ്യോഗിക വാഹനത്തിൽ എത്തി മോഷ്ടിച്ചു​കൊണ്ടുപോയത്​. സക്കരിയ ബസാറിൽ എത്തി കലാപത്തിന്​ സമാനമായ അന്തരീക്ഷം സൃഷ്ടിച്ച പൊലീസുകാർ തന്നെയായിരുന്നു ഇതിലും 'പ്രതികൾ'. ഇതിനായിരുന്നു സ്ഥലംമാറ്റം.

വൽസൻ തില്ല​ങ്കേരി

മകളെ കാൺമാനില്ല എന്ന്​ പരാതി പറയാനെത്തിയ പിതാവിൽനിന്നും ഇതര സംസ്ഥാനത്ത്​ പോയി മകളെ കണ്ടെത്താൻ 25000 രൂപ കൈക്കൂലി ചോദിച്ച സംഭവവും ആലപ്പുഴയിൽ അരങ്ങേറിയത്​ ഈയടുത്താണ്​. ആലപ്പുഴയിലെ പൊലീസിന്‍റെ പൂർവ ചരിത്രം അത്ര നല്ലതല്ല എന്ന്​ സാരം. അതിലെ ഏറ്റവും ഒടുവിലെ സംഭവമാണ്​ ഇരട്ടക്കൊലപാതകത്തിന്‍റെ പേരിൽ 25 വയസുകാരനെ പിടികൂടി നിർബന്ധിച്ച്​ 'ജയ്​ ശ്രീറാം' വിളിപ്പിച്ചു എന്നതടക്കമുള്ള പുതിയ വിവാദങ്ങൾ.

കഴിഞ്ഞയാഴ്ചയാണ്​ നഗരത്തെയും കേരളത്തെയും തന്നെ ഞെട്ടിച്ചു​കൊണ്ട്​ ആലപ്പുഴയിൽ ഇരട്ടക്കൊലപാതകം അരങ്ങേറുന്നത്​. ഡിസംബർ 18ന്​ രാത്രി എട്ട്​ മണിക്കാണ്​ എസ്​.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്​ ഷാനെ ആർ.എസ്​.എസ്​ പ്രവർത്തകർ വെട്ടി ​കൊലപ്പെടുത്തുന്നത്​. സംഭവം ജില്ലാ പൊലീസ്​ അത്ര ഗൗരവമാക്കിയില്ല. രാത്രി എറണാകുളത്തെ ആശുപത്രിയിൽ ഷാൻ മരണപ്പെട്ടു. മണിക്കൂറുകൾ കഴിഞ്ഞ്​ ഞായറാഴ്ച പുലർച്ചെ ആറരക്ക്​ ബി.ജെ.പി സംസ്ഥാന ​നേതാവും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. രഞ്ചിത്ത്​ ശ്രീനിവാസനെ മൂന്ന്​ ബെക്കുകളിൽ എത്തിയ ആറുപേർ വീട്ടിൽ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട്​ വെട്ടിക്കൊലപ്പെടുത്തി. മണിക്കൂറുകളുടെ വ്യത്യാസത്തിൽ നടന്ന കൊലപാതകത്തിൽ നാട്​​ നടുങ്ങി. വ്യാപക പ്രതിഷേധങ്ങൾ അരങ്ങേറി.

ഷാനെ കാറിടിപ്പിച്ച്​ വെട്ടിക്കൊലപ്പെടുത്തിയ സ്ഥലം

പൊലീസിനും ആഭ്യന്തര വകുപ്പിനും​ ഇരിക്കപ്പൊറുതി ഇല്ലാതായി. അന്വേഷണം ഊർജിതമാക്കാൻ പൊലീസ്​ നിർബന്ധിതമായി. മണിക്കൂറുകൾക്കകം ഇരു കൊലപാതകങ്ങളിലും സുപ്രധാന പങ്കുവഹിച്ച ചിലരെ പൊലീസ്​ പിടികൂടി. കേസ്​ അന്വേഷണം വളരെ ഊർജിതമായി നടക്കുന്നുണ്ടെന്നും പ്രതികൾ സംസ്ഥാനം വിട്ടെങ്കിലും ഉടൻ പിടികൂടുമെന്നും സംസ്ഥാന പൊലീസ്​ മേധാവി അനിൽകാന്ത്​ അറിയിച്ചു. ഉന്നത കേന്ദ്രങ്ങളിൽനിന്നുള്ള സമ്മർദ്ദമാകണം പൊലീസ്​ കാടടച്ചുള്ള ഒരു അന്വേഷണമാണ്​ നഗരത്തിലും സമീപ പ്രദേശങ്ങളിലും നടത്തിയത്​. ഇത്​ അന്വേഷണം സംബന്ധിച്ച്​ നിരവധി അഭ്യൂഹങ്ങൾ സൃഷ്ടിക്കാനും ഇടവരുത്തി.


രഞ്ചിത്തിന്‍റെ വീട്ടിൽ ​നടന്ന തെളിവെടുപ്പ്​

രഞ്ചിത്തിന്‍റെ വധവുമായി ബന്ധപ്പെട്ട്​ കേസുമായി യാതൊരു ബന്ധവുമില്ലാത്തവരെ വരെ പൊലീസ്​ ശല്യം ചെയ്യുന്നതായി പരാതി ഉയർന്നിരുന്നു. ഫ്രറ്റേണിറ്റി മൂവ്​മെന്‍റ്​ പ്രവർത്തകനെ വരെ പൊലീസ്​ ഈ കേസിന്‍റെ അന്വേഷണത്തിലേക്ക്​ വലിച്ചിഴച്ചിരുന്നു. പലരെയും മർദ്ദിച്ചതായും ആരോപണമുണ്ട്​. കൊലപാതക അന്വേഷണത്തിന്‍റെ ഭാഗമായ റെയ്​ഡിന്‍റെ പേരിൽ പൊലീസ് തെരുവ് ഗുണ്ടകളെപ്പോലെ പെരുമാറുന്നതായി ആരോപിച്ച്​ എസ്​.ഡി.പി.ഐയും രംഗത്തെത്തിയിരുന്നു. ബി.ജെ.പിയും പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ്​ ഉന്നയിച്ചിട്ടുള്ളത്​. പൊലീസ്​ പ്രവർത്തകരെ വേട്ടയാടുകയാണെന്നാണ്​ എസ്​.ഡി.പി.ഐ പറയുന്നത്​. തങ്ങളുടെ പ്രവർത്തകരെ കസ്റ്റഡിയിൽ ക്രൂരമായി മർദ്ദിച്ചതായി എസ്​.ഡി.പി.ഐ നേതാക്കളായ റോയ് അറക്കലും അജ്മലും ഇസ്മാഈലും പറഞ്ഞു.

പൊലീസ് എസ്​.ഡി.പി.ഐ പ്രവർത്തകരുടെ വീടുകളിൽ കയറി അതിക്രമം കാണിക്കുകയാണ്. റെയ്ഡിന്‍റെ പേരിൽ തെരുവ് ഗുണ്ടകളെപ്പോലെയാണ് പൊലീസ് പെരുമാറുന്നത്. ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയെ പൊലീസ് അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നും നേതാക്കൾ ചോദിക്കുന്നു. പൊലീസ് പക്ഷപാതപരമായി പെരുമാറുന്നതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും നേതാക്കൾ വ്യക്തമാക്കി. തെറ്റുചെയ്ത ഉദ്യോഗസ്ഥനെതിരെ നടപടിയെക്കുമെന്ന് പറയുന്നതിന് പകരം എ.ഡി.ജി.പി വിജയ് സാഖറെ രാജിവെക്കുമെന്നാണ് പറയുന്നത്. അതിന്‍റെ ആവശ്യമെന്താണെന്ന് നേതാക്കൾ ചോദിച്ചു.

ഷാന്‍റെ ഭാര്യയും മകളും മൃതദേഹത്തിന്​ സമീപം

പ്രവർത്തകർ അനുഭവിച്ച പീഡനങ്ങളാണ് ഞങ്ങളുടെ തെളിവ്. ധൈര്യമുണ്ടെങ്കിൽ അദ്ദേഹം അന്വേഷണം നടത്തട്ടെ എന്നും നേതാക്കൾ പറഞ്ഞു. എസ്​.ഡി.പി.ഐ പ്രവർത്തകനെ പൊലീസ്​ സ്​റ്റേഷനിൽ 'ജയ്​ ശ്രീറാം' വിളിപ്പിച്ചു എന്ന്​ തെളിയിച്ചാൽ രാജി വെക്കും എന്ന്​ വിജയ്​ സാഖറെ നേരത്തേ പറഞ്ഞിരുന്നു. ഇതിനെതിരെയാണ്​ നേതാക്കളുടെ വിമർശനം. അതേസമയം, പൊലീസിനെതിരെ ആരോപണം ഉന്നയിച്ച മുഹമ്മദ്​ ഫിറോസ്​ കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിട്ടുണ്ട്​.

ഫിറോസ്​ പറയുന്നു:

നടന്ന സംഭവം സംബന്ധിച്ച്​ മുഹമ്മദ്​ ഫിറോസ്​ 'മാധ്യമം ഓൺലൈനി'നോട്​ സംസാരിച്ചു. ഫിറോസ്​ പറയുന്നു:

തിങ്കളാഴ്ച രാത്രി 10.30ഓടെയാണ്​ ആലപ്പുഴ പൊലീസ് സിവിൽ ഡ്രസിൽ​ മണ്ണഞ്ചേരിയിലെ വീട്ടിൽനിന്നും എന്നെ പിടിച്ചുകൊണ്ടുപോകുന്നത്​. രഞ്ചിത്ത്​ വധക്കേസുമായി ബന്ധപ്പെട്ട്​ എന്‍റെ അയൽവാസികളായ നിഷാദ്​, അലി, ആസിഫ്​ എന്നിവരെ പിടികൂടാനാണ്​ രണ്ട്​ ജീപ്പുകളിലായി പൊലീസ്​ എത്തിയത്​. ഇവരെ പിടിച്ചുവലിച്ച്​ ജീപ്പിൽ കയറ്റുന്നത്​ ഞാൻ നോക്കി നിൽക്കുകയായിരുന്നു. വീടിന്‍റെ വാതിൽപ്പടിയിൽനിന്ന എന്നെയും വന്ന്​ പൊലീസ്​ പിടിച്ചു. പെങ്ങളും ഉപ്പയും ഓടിവന്നു. പൊലീസ്​ അവരെ തടഞ്ഞു.


രഞ്ചിത്തിന്‍റെ ഭാര്യ മൃതദേഹത്തിന്​ സമീപം

എന്നെയും ജീപ്പിൽ കയറ്റി ആലപ്പുഴ ഡി.വൈ.എസ്​.പി ഓഫിസിലേക്ക്​ കൊണ്ടുപോയി. അവിടെ ചെന്നപാടെ നിഷാദ്​, അലി, ആസിഫ്​ എന്നിവരെ ഓഫിസിന്‍റെ ഉള്ളിലേക്ക്​ ​കൊണ്ടുപോയി. പിന്നെ അവരെ കണ്ടിട്ടില്ല. എന്നെ ഓഫിസിന്‍റെ പുറത്തുള്ള ഇരുട്ടത്ത്​ നിർത്തി. ആദ്യം തന്നെ ചില പൊലീസുകാർ വന്ന്​ ഇടിച്ചു. എസ്​.ഡി.പി.ഐയിൽ പ്രവർത്തിക്കരുത്​ എന്ന്​ ഒരു പൊലീസുകാരൻ ഉപദേശിച്ചു. ഞാൻ എസ്​.ഡി.പി.ഐ പ്രവർത്തകനല്ലെന്നും വാപ്പ സി.പി.എം പ്രവർത്തകനാണെന്നും അനിയൻ ഡി.വൈ.എഫ്​.ഐ പ്രവർത്തകൻ ആണെന്നും എനിക്ക്​ പ്രത്യേകിച്ച്​ രാഷ്​ട്രീയം ഒന്നും ഇല്ലെന്നും പറഞ്ഞു. പൊലീസ്​ അത്​ കേൾക്കാൻ തയ്യാറായില്ല.

'കേരള പൊലീസിന്​ ബിഗ്​ സല്യൂട്ട്​, എസ്​.ഡി.പി.ഐ തുലയട്ടെ' എന്ന്​ മുദ്രാവാക്യം വിളിക്കാൻ അവർ പറഞ്ഞു. എന്നെ കൊണ്ട്​ പറയിച്ചു. ഉമ്മയുടെയും വാപ്പയുടെയും പേരുകൾ ചേർത്ത്​ അസഭ്യങ്ങൾ പറയാൻ ആവശ്യപ്പെട്ടു. വഴങ്ങാതായപ്പോൾ മർദ്ദിച്ചു. പിന്നീട്​ 'ജയ്​ ശ്രീറാം' എന്ന്​ ഉച്ചത്തിൽ വിളിക്കാൻ ആവശ്യ​പ്പെട്ടു. ഞാൻ വിളിച്ചില്ല. ഉമ്മയെയും പെങ്ങളെയും ചേർത്ത്​ അതിഗുരുതരമായ അസഭ്യങ്ങൾ പറഞ്ഞു. മുടി നീട്ടി വളർത്തിയതിന്​ എന്‍റെ മുടി പിഴുതെടുത്തു. രാവിലെ വാപ്പ എത്തിയാണ്​ അവശനിലയിലായ എന്നെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചത്​. ഇപ്പോഴും ചികിത്സയിലാണ്​. ഞാൻ മണ്ണഞ്ചേരിയിലുള്ള ഒരു ഹോട്ടലിൽ ജോലിക്കാരനാണ്​. വീട്ടിൽ എല്ലാവരും ഇടതുപക്ഷക്കാരാണ്​. ഇപ്പോഴും ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ പറ്റാത്ത അവസ്ഥയിലാണ്​'.

രഞ്ചിത്ത് വധക്കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി മർദിച്ചുവെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണെന്ന്​ ഫിറോസ്​ പറഞ്ഞു. പൊലീസ് ഉച്ചത്തില്‍ ജയ് ശ്രീറാം വിളിപ്പിച്ചെന്നും അസഭ്യം പറഞ്ഞെന്നുമാണ്​ മുഹമ്മദ് ഫിറോസ് പറയുന്നത്​. പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജില്ലാ കലക്ടർക്കും ഫിറോസ് പരാതി നൽകിയിട്ടുണ്ട്​.

രഞ്ചിത്ത്​ ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഈ മാസം 20നാണ് മുഹമ്മദ് ഫിറോസിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. പ്രതികളെന്ന് സംശയിക്കുന്ന ചിലരെ ഫിറോസിന്‍റെ വീടിന് സമീപത്ത് നിന്നും പൊലീസ് പിടികൂടിയിരുന്നു. സംഭവമറിയാതെ പൊലീസിനോട് കാരണം അന്വേഷിച്ചതാണ് തന്നെയും കസ്റ്റഡിയിൽ എടുക്കാൻ കാരണമെന്ന് ഫിറോസ് പറയുന്നു. കൊലപാതകവുമായി യാതൊരു ബന്ധവും ഇല്ലാതിരുന്നിട്ടും ക്രൂരമായി മർദ്ദിച്ചെന്നും 'ജയ് ശ്രീറാം' വിളിപ്പിച്ചെന്നുമാണ് ഫിറോസിന്‍റെ ആരോപണം.

തന്നെ മർദ്ദിച്ചവരെ കൃത്യമായി അറിയാമെന്നും ഫിറോസ് പറഞ്ഞു. 'രാജേഷ്​ എന്ന്​ പേരുള്ള ഒരു സി.ഐ ആണ്​ എന്നെ ക്രൂരമായി മർദ്ദിച്ചത്​. ആ സമയം ഞാനുൽപടെ ഏഴുപേർ സ്​റ്റേഷന്​ താഴെ ഉണ്ടായിരുന്നു. സ്​റ്റേഷൻ കെട്ടിടത്തിന്‍റെ മുകൾ ഭാഗത്തുനിന്നും മർദ്ദനമേറ്റ്​ കരയുന്ന ശബ്​ദം കേൾക്കാമായിരുന്നു. നീ ഉമ്മയെയും കൂട്ടി വാ. നിന്നെ തൊഴിച്ചിട്ട്​ നിന്‍റെ ഉമ്മയെ സ്നേഹിക്കുന്നത്​ കാട്ടിത്തരാം. വിവരങ്ങൾ പുറത്തറിയിച്ചാൽ നിന്നെ പുറംലോകം കാണാതെ പൂട്ടാനും ഞങ്ങൾക്കറിയാം. എന്നോട്​ ഉമ്മയെയും പെങ്ങളെയും കൂട്ടി കേട്ടാൽ അറക്കുന്ന ഭാഷയിൽ സംസാരിച്ചു. സ്​റ്റേഷനിൽ ആ സമയത്തുണ്ടായിരുന്നവർ സാക്ഷികളാണ്​.

ഷാന്‍റെ കൊലപാതകത്തിന്​ ഉപയോഗിച്ച കാർ

ഈ വിഷയത്തിൽ നുണ പരിശോധന അടക്കമുള്ള എന്തിനും ഞാൻ തയ്യാറാണ്​. ഞാൻ എസ്​.ഡി.പി.ഐ പ്രവർത്തകനല്ല. എനിക്ക്​ അവരുടെ നേതാക്കളെയോ പ്രവർത്തകരെയോ അറിയുക പോലുമില്ല. ഞാൻ നിരപരാധിയാണ്​. ഇപ്പോഴും പൊലീസ്​ ഇത്ര ക്രൂരമായി പെരുമാറിയത്​ എന്തിനെന്നറിയില്ല' -ഫിറോസ്​ പറഞ്ഞു. അതേസമയം, ഫിറോസ്​ ഉന്നയിച്ച ആരോപണം അന്വേഷിക്കുന്നതിന്​ പകരം പൊലീസിനെതിരായ ആക്ഷേപം തെളിയിക്കാൻ വെല്ലുവിളിക്കുന്നതായാണ്​ ഉന്നത പൊലീസ്​ ഉദ്യോഗസ്ഥൻ പറഞ്ഞത്​. താൻ എങ്ങനെ വെല്ലുവിളി സ്വീകരിക്കുമെന്നും തന്‍റെ പരാതി അന്വേഷിക്കേണ്ടത്​ പൊലീസ്​ അല്ലേയെന്നും ഫിറോസ്​ ചോദിക്കുന്നു.

അതേസമയം, ഷാൻ ​കൊല്ലപ്പെട്ടതിന്​ തൊട്ടുമുമ്പുള്ള ദിവസം ഹിന്ദു ഐക്യവേദി നേതാവ്​ വൽസൻ തില്ല​ങ്കേരി ആലപ്പുഴയിൽ സംബന്ധിച്ച യോഗത്തെക്കുറിച്ച്​ ഇപ്പോഴും അവ്യക്​തത തുടരുകയാണ്​. തില്ല​ങ്കേരിക്കെതിരായ ആരോപണം അന്വേഷിക്കണം എന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടിട്ടും പൊലീസ്​ കേട്ട മട്ടില്ല. തില്ല​ങ്കേരിക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ്​ ഷാൻ കൊലപാതകവുമായി ബന്ധ​പ്പെട്ട്​ ഉയർന്നു കേൾക്കുന്നത്​.

അതിനെ കുറിച്ച അന്വേഷണം സംബന്ധിച്ച ചോദ്യത്തിന്​ ആലപ്പുഴയിലെ പൊലീസ്​ ഉദ്യോഗസ്ഥർ കൃത്യമായി ഉത്തരം നൽകിയില്ല. ഷാൻ കൊലപാതകത്തിന്​ മണിക്കൂറുകൾക്ക്​ മുമ്പുവരെ തില്ല​ങ്കേരിയുടെ സാന്നിധ്യം ആലപ്പുഴയിൽ ഉണ്ടായിരുന്നു. ഇത്​ സംബന്ധിച്ച്​ ഇതുവരെയും അന്വേഷണം ആരംഭിച്ചിട്ടില്ല. പൊലീസ്​ വേട്ട നടത്തുന്നു എന്ന തരത്തിലുള്ള ആരോപണങ്ങൾ നുണയാണെന്നാണ്​ പൊലീസ്​ വിശദീകരണം.

ഇതു സംബന്ധിച്ച്​ പേര്​ വ്യക്​തമാക്കരുത്​ എന്ന അഭ്യർഥനയിൽ ചില പൊലീസുകാർ പ്രതികരിക്കാൻ തയ്യാറായി. സ്​റ്റേഷനിലെ ചില പൊലീസ്​ ഉദ്യോഗസ്ഥർ സ്​റ്റേഷനിൽ എത്തുന്നവരോടും പ്രതികളോടും ഒക്കെ അങ്ങേയറ്റം അസഭ്യമായി സംസാരിക്കാറുണ്ടെന്ന്​ അവർ പറയുന്നു. ഈ കേസിലും ഇങ്ങനെയാണ്​ സംഭവിച്ചിട്ടുള്ളത്​. 'ജയ്​ ശ്രീറാം' വിളിപ്പിച്ചു എന്നത്​ അവിശ്വസനീയമാണെന്നും അവർ പറയുന്നു. അതേസമയം, മാതാപിതാക്കളെ ചേർത്തുള്ള അസഭ്യം പറയലൊക്കെ പതിവാണെന്നും ഇവർ വെളിപ്പെടുത്തി.

Show Full Article
TAGS:alappuzha murder sdpi-rss Shan murder 
News Summary - ‘Jai Shriram called out loud, shouted at his parents and uttered abusive words about his mother’ - know the truth
Next Story