ഓർത്തഡോക്സ് വിഭാഗം പിടിച്ചെടുത്ത 52 പള്ളികളിൽ തിരികെ കയറാൻ യാക്കോബായ
text_fieldsകോലഞ്ചേരി: ഓർത്തഡോക്സ് വിഭാഗം പിടിച്ചെടുത്ത 52 പള്ളികളിലും ഈ മാസം 13ന് തിരികെ കയറാൻ യാക്കോബായ വിഭാഗം തീരുമാനിച്ചു.
സഭ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയാർക്ക സെൻററിൽ സമര സമിതി കൺവീനർ തോമസ് മാർ അലക്സാന്ത്രയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
ഓർത്തഡോക്സ് വിഭാഗം പിടിച്ചെടുത്ത 52 പള്ളികളിലെയും വൈദീകർ, ട്രസ്റ്റിമാർ, പ്രതിനിധികൾ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. ഈ മാസം 6 മുതൽ നഷ്ടമായ മുഴുവൻ പള്ളികളുടെയും മുന്നിൽ പന്തലുകെട്ടി റിലേ സത്യാഗ്രഹ സമരം ആരംഭിക്കും. ഇതിന് ശേഷമാണ് 13ന് ഈ പള്ളികളിൽ വിശ്വാസികൾ ആരാധനക്കായി തിരിച്ചു കയറുന്നത്.
സുപ്രീം കോടതി വിധി തെറ്റായി വ്യാഖ്യാനിച്ചാണ് വിശ്വാസികളെ പള്ളികളിൽ നിന്ന് ഇറക്കി വിടുന്നത്. സഹന സമരത്തിലൂടെ സഭയോടുള്ള അനീതി ചെറുത്ത് തോൽപ്പിക്കുമെന്നും യോഗം പ്രഖ്യാപിച്ചു. സഭാ വൈദീക ട്രസ്റ്റി ഫാ. സ്ലീബാ പോൾ കോറെപ്പിസ്കോപ്പ, അൽമായ ട്രസ്റ്റി സി.കെ. ഷാജി ചുണ്ടയിൽ, സെക്രട്ടറി അഡ്വ. പീറ്റർ കെ. ഏലിയാസ്, സമരസമിതി സെക്രട്ടറി ഫാ. ജോൺ ഐപ്പ് മങ്ങാട്ട് എന്നിവരും വിവിധ സബ് കമ്മിറ്റി ഭാരവാഹികളും പ്രസംഗിച്ചു.