യാക്കോബായ സഭ സുന്നഹദോസ് ഇന്ന്; നേതൃത്വത്തിനെതിരെ മെത്രാപ്പോലീത്തമാർ
text_fieldsകോലഞ്ചേരി: കട്ടച്ചിറ പള്ളിക്കേസിലെ സുപ്രീംകോടതി വിധിയോടെ നിലനിൽപ് പ്രതിസന്ധിയിലായ യാക്കോബായ സഭയുടെ സുന്നഹദോസ് വെള്ളിയാഴ്ച നടക്കും. രാവിലെ 11ന് സഭ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയാർക്ക സെൻററിൽ ചേരുന്ന സുന്നഹദോസ് സഭയുടെ ഭാവി സംബന്ധിച്ച് നിർണായകമാണ്.
നേതൃത്വത്തിെൻറ അനാസ്ഥയും കേസ് നടത്തിപ്പിലെ വീഴ്ചയുമാണ് സഭയെ പ്രതിസന്ധിയിലാക്കിയതെന്ന് കാണിച്ച് മെത്രാപ്പോലീത്തമാർ രംഗത്തു വരുമെന്നാണ് വിവരം. സഭ മേലധ്യക്ഷനായ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവയുടെ കഴിഞ്ഞ സന്ദർശന വേളയിൽ സഭയുടെ പ്രാദേശിക നേതൃത്വത്തിൽ അഴിച്ചുപണിയടക്കം കാര്യങ്ങൾ തീരുമാനിച്ചിരുന്നു. മാസങ്ങൾ പിന്നിട്ടിട്ടും ആ തീരുമാനം നടപ്പാക്കാതെ പ്രാദേശിക നേതൃത്വം അട്ടിമറിക്കുകയാണെന്നാണ് ഒരു വിഭാഗം മെത്രാപ്പോലീത്തമാരുടെ ആരോപണം.
കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ, ട്രസ്റ്റി തമ്പു ജോർജ്, സെക്രട്ടറി ജോർജ് മാത്യു, സുന്നഹദോസ് സെക്രട്ടറി ജോസഫ് മാർ ഗ്രിഗോറിയോസ്, കാതോലിക്കയുടെ സെക്രട്ടറി ഫാ.ഷാനു എന്നിവർക്കെതിരെയാണ് പ്രധാനമായും ആരോപണം ഉയരുന്നത്. 2002 ൽ സഭ രജിസ്റ്റർ ചെയ്തതു മുതൽ ഒരു മാനദണ്ഡവുമില്ലാതെ ഇവർ നേതൃസ്ഥാനത്ത് തുടരുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നും ഒരു വിഭാഗം പറയുന്നു.
തോമസ് മാർ തീമോത്തിയോസ്, എബ്രഹാം മാർ സെവേറിയോസ്, കുര്യാക്കോസ് മാർ ദിയസ് കോറസ്, ഗീവർഗീസ് മാർ അത്തനാസിയോസ്, കുര്യാക്കോസ് മാർ യൗസേബിയോസ്, ഗീവർഗീസ് മാർ കൂറിലോസ്, എന്നിവരുടെ നേതൃത്വത്തിൽ 25 ഓളം മെത്രാപ്പോലീത്തമാരാണ് നേതൃത്വത്തിനെതിരെ എതിർപ്പുമായി രംഗത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.