വിജിലൻസിലെ അധികാരവികേന്ദ്രീകരണം സർക്കാർ അവസാനിപ്പിക്കുന്നു
text_fieldsതിരുവനന്തപുരം: വിജിലൻസ് ആന്‍ഡ് ആൻറി കറപ്ഷൻ ബ്യൂറോയിലെ അധികാരവികേന്ദ്രീകരണം സർക്കാർ അവസാനിപ്പിക്കുന്നു. യൂനിറ്റ്, റേഞ്ച് തലങ്ങളിൽ ലഭിക്കുന്ന പരാതികൾ ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫിസർമാരോ അവർ നിർദേശിക്കുന്ന ഉദ്യോഗസ്ഥരോ തന്നെ അന്വേഷിച്ച് അവിടെത്തന്നെ തീർപ്പാക്കാനാണ് മുൻമേധാവി ഡോ. ജേക്കബ് തോമസ് വികേന്ദ്രീകരണ സർക്കുലർ ഇറക്കിയത്.
ഇത് സർക്കാർ മരവിപ്പിച്ചു. ലഭിക്കുന്ന പരാതികളെല്ലാം വിജിലൻസ് ആസ്ഥാനത്തേക്ക് കൈമാറണമെന്നും അത് ഡയറക്ടർ പരിശോധിച്ചശേഷം മാത്രം തുടർനടപടി കൈക്കൊള്ളാനുമാണ് പുതിയ തീരുമാനം. വ്യാജപരാതികൾ പെരുകുന്ന സാഹചര്യത്തിൽ സൂക്ഷ്മപരിശോധന കാര്യക്ഷമമാക്കാനും അതിലൂടെ നടപടിക്രമങ്ങൾ കുറ്റമറ്റതാക്കാനുമാണ് സർക്കാർ ശ്രമമെന്നാണ് ഔദ്യോഗികവിശദീകരണം. അടുത്തിടെ പല കേസുകളിലും വിജിലൻസിന് കോടതിയിൽനിന്ന് തിരിച്ചടി നേരിട്ട സാഹചര്യത്തിൽ വ്യാജപരാതികൾ കർശനമായി തിരിച്ചറിഞ്ഞ് ഒഴിവാക്കാനും സർക്കാർ ലക്ഷ്യമിടുന്നു.
മുൻ വിജിലൻസ് മേധാവി ഉപേന്ദ്രവർമ പരീക്ഷിച്ച് പരാജയപ്പെട്ട സംവിധാനമാണ് ജേക്കബ് തോമസ് 2016ൽ പൊടിതട്ടിയെടുത്തത്. പരാതികൾ ബന്ധപ്പെട്ട യൂനിറ്റുകളിൽ തന്നെ അന്വേഷിച്ചശേഷം നിയമോപദേശം തേടാനായിരുന്നു വർമയുടെ നിർദേശം. ഗൗരവമുള്ള കേസുകൾ മാത്രം വിജിലൻസ് ആസ്ഥാനത്തേക്ക് അയക്കണം. തുടർന്ന് ഡയറക്ടർ ഫയൽ പരിശോധിച്ചശേഷം കോടതിയിലേക്ക് നീങ്ങണമെന്നും നിർദേശമുണ്ടായിരുന്നു. എന്നാലിത് ഉദ്യോഗസ്ഥർ വ്യാപകമായി ദുരുപയോഗംചെയ്തു. പരാതിക്കാരിൽനിന്ന് ഉദ്യോഗസ്ഥർ പണംവാങ്ങി കേസുകൾ തീർപ്പാക്കുന്നെന്ന ആക്ഷേപം ശക്തമായതോടെ തീരുമാനം പിൻവലിച്ചു.
എന്നാൽ ജേക്കബ് തോമസ് അധികാരമേറ്റയുടൻ അധികാരവികേന്ദ്രീകരണം വീണ്ടും നടപ്പാക്കി. അധികാരം ഡയറക്ടറിൽ കേന്ദ്രീകരിക്കാതെ എസ്.പിമാർക്കും ഡിവൈ.എസ്.പിമാർക്കും നൽകാനായിരുന്നു അദ്ദേഹത്തിെൻറ തീരുമാനം. പ്രമാദമായ കേസുകൾ മാത്രം ആസ്ഥാനത്തേക്കയച്ചാൽ മതിയെന്നും അദ്ദേഹം നിർദേശിച്ചു. എന്നാലിതിനോട് ഉദ്യോഗസ്ഥരിൽ പലർക്കും വിയോജിപ്പായിരുന്നു. ഉത്തരവാദിത്തത്തിൽനിന്ന് ഉന്നതർ ഒഴിയുന്നത് കാരണം തങ്ങൾ നിയമക്കുരുക്കിൽപെടുമെന്ന ആശങ്കയാണ് ഉദ്യോഗസ്ഥർ പങ്കുവെച്ചത്. എന്നാൽ, ജോലിഭാരം കുറക്കാനും പരാതികൾ സമയബദ്ധിതമായി തീർപ്പാക്കാനും വികേന്ദ്രീകരണം കൂടിയേതീരുവെന്ന നിലപാടിലായിരുന്നു ജേക്കബ് തോമസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
