ഹെലികോപ്റ്റർ യാത്ര വിവാദം; എത്ര പറന്നു എന്ന് കണക്കാക്കാതെ അധിക ബാധ്യത ആയോ എന്ന് പറയാനാവില്ല; വസ്തുതകൾ നിരത്തി ഏവിയേഷൻ വിദഗ്ദൻ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രാ വിവാദത്തിൽ വസ്തുതകൾ നിരത്തി വിശകലനം ചെയ്ത് വ്യോമയാന വിദഗ്ദൻ ജേക്കബ് കെ ഫിലിപ്പിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഹെലികോപ്റ്ററിന്‍റെ ജൂലൈ മാസത്തിലെ 25 മണിക്കൂർ പറക്കൽ ക്വാട്ട കഴിഞ്ഞിട്ടുണ്ടായിരുന്നില്ലെന്നും ഹെലി കോപ്റ്റർ യാത്ര കേരളത്തിന് അധിക ചെലവുണ്ടാക്കിയോ എന്നത് ജൂലൈ മാസത്തിൽ എത്ര പറന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം കുറിക്കുന്നു.
നാലുമണിക്കൂർ 25 മിനിറ്റാണ് വി.ഡി സതീശന്‍റെ ഹെലി കോപ്റ്റർ യാത്രക്ക് എടുത്തത്. മാസം 25 മണിക്കൂർ എന്ന പരിധി കഴിഞ്ഞുള്ള ഓരോ പറക്കലിനും മണിക്കൂറിൽ 90,000 രൂപ വീതം എന്നതാണ് നിലവിലുള്ള കരാറെന്നും എന്നാൽ കഴിഞ്ഞ മൂന്നുകൊല്ലത്തിനുള്ളിൽ ഈ സമയം കവിഞ്ഞിട്ടില്ലെന്നും ജേക്കബ് ഫിലിപ്പ് പറയുന്നു. അര മണിക്കൂർ തന്നെ അധികം പറന്നതിന് ചാർജ് ഒന്നും ഈടാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഹെലികോപ്റ്റർ ഇതുവരെ എന്തിനൊക്കെ ആരൊക്കെ ഉപയോഗിച്ചു എന്നതിന്‍റെ വിശദാംശങ്ങളും പോസ്റ്റിലുണ്ട്. 2023മുതൽ സംസ്ഥാന പൊലീസാണ് ഹെലികോപ്റ്റർ ഏറ്റവും കൂടുതൽ തവണ ഉപയോഗിച്ചതെന്നും കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് വ്യക്തിപരമായ ആവശ്യത്തിന് മന്ത്രിമാരോ മുഖ്യമന്ത്രിയോ ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടില്ലെന്നും കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പ് പൂർണ രൂപം:
സാമൂഹ്യമാധ്യമങ്ങളിൽ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയെപ്പറ്റിയുള്ള വാർത്തകൾക്കും കുറിപ്പുകൾക്കും താഴെ വന്നുകൊണ്ടിരിക്കുന്ന കമന്‍റുകൾ കുറേ വായിച്ചപ്പോൾ കുറിക്കണം എന്നു തോന്നിയ വസ്തുതകൾ.
2023 മുതൽ കേരളം ഉപയോഗിക്കുന്ന ഈ ഹെലിക്കോപ്റ്റർ ഈ മൂന്നു കൊല്ലവും ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ളത് സംസ്ഥാന പൊലീസാണ്. തീരദേശ, വനപ്രദേശ പട്രോളിങ്, ദുരന്തനിവാരണ ദൗത്യങ്ങൾ, മറ്റ് നിയമപരിാലന ജോലികൾ എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു പറക്കലെല്ലാം.
പൊലീസ് കഴിഞ്ഞാൽ പിന്നെ മന്ത്രിമാർ, മുഖ്യമന്ത്രി, ഗവർണർ എന്നീ ക്രമത്തിലായിരുന്നു ഉപയോക്താക്കൾ. പിന്നീടുള്ള ഉപയോഗം അവയവ കൈമാറ്റത്തിനായിരുന്നു. പത്തിലേറെ തവണ അതിനും ഹെലിക്കോപ്റ്റർ പറന്നിട്ടുണ്ട്. കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത്, വ്യക്തിപരമായ ആവശ്യങ്ങൾക്ക് മന്ത്രിമാരോ മുഖ്യമന്ത്രിയോ ഹെലിക്കോപ്റ്റർ ഉപയോഗിച്ചിട്ടില്ല.
കേരളം കൊടുക്കുന്നതിനേക്കാൾ കൂടിയ തുകക്കും നിരക്കിലും ഹെലിക്കോപ്റ്റർ വാടകക്ക് എടുത്തിട്ടുള്ള വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നും സർക്കാർ ഹെലിക്കോപ്റ്റർ പൊലീസ് ഉപയോഗിക്കുന്നില്ല. മഹാരാഷ്ട്രയിലെപ്പോലെ ചില സംസ്ഥാനങ്ങൾ പൊലീസിനായി പ്രത്യേക ഹെലിക്കോപ്റ്റർ വാടകക്ക് എടുത്തിട്ടുണ്ട്.
മുഖ്യമന്ത്രിമാരാണ് മറ്റു സംസ്ഥാന സർക്കാർ ഹെലിക്കോപ്റ്ററുകളുടെ മുഖ്യ ഉപയോക്താക്കൾ. മന്ത്രിമാർ പോലും അതിൽ പറക്കുന്നത് അപൂർവ്വമാണ്. ഈ വെള്ളിയാഴ്ചത്തെ പറക്കിലിന് കേരളത്തിന് ചെലവ് ഒന്നുമില്ല. 25 മണി്കൂർ പറക്കൽ ക്വോട്ട കഴിഞ്ഞിട്ടുണ്ടായിരുന്നില്ല, ജൂലൈയിൽ. മാസം 25 മണിക്കൂർ കഴിഞ്ഞാൽ, അധികം പറക്കുന്ന ഓരോ മണിക്കൂറിനും 90,000 രൂപ വീതം എന്നതാണ് നിലവിലുള്ള കരാർ. എന്നാൽ കഴിഞ്ഞ മൂന്നുകൊല്ലത്തിനുള്ളിൽ ഇങ്ങിനെ സമയം കവിഞ്ഞിട്ടില്ല എന്നു തന്നെ പറയാം. അരമണിക്കൂറൊക്കെ അധികം പറന്നതിന് ഹെലിക്കോപ്റ്റർ കമ്പനി ചാർജു ചെയ്തിട്ടുമില്ല.
മുഖ്യമന്ത്രിയുടെ, വെള്ളിയാഴ്ചത്തെ കൊച്ചി ഹെലിക്കോപ്റ്റർ യാത്രയെപ്പറ്റി കുറച്ചു സമയ, ചെലവു വിവരങ്ങൾ
ചിപ്‌സൻ ഏവിയേഷനിൽ നിന്ന് കേരളം വാടകയ്ക്ക് എടുത്തിട്ടുള്ള, വിടി-ആർജിക്യു എന്ന റജിസ്‌ട്രേഷനുള്ള എച്ച്145 എയർബസ് ഹെലിക്കോപ്റ്റർ, ജൂലൈ 28ന് ബംഗളുരുവിൽ നിന്ന് വന്ന് ചാലക്കുടിയിലെ ചിപ്‌സന്‍റെ ഹെലിക്കോപ്റ്റർ പാർക്കിങ് സ്ഥലത്ത് കിടക്കുകയായിരുന്നു. അവിടെ നിന്നാണ്, മുഖ്യമന്ത്രിയെ കൊണ്ടുവരാനായി വെള്ളിയാഴ്ച രാവിലെ 8.13ന്, തിരുവനന്തപുരത്തേക്കു പറക്കുന്നത്.
55 മിനിറ്റ് പറന്ന് തിരുവനന്തപുരത്ത് എത്തുമ്പോൾ സമയം രാവിലെ 9:08. അവിടെ നിന്ന് 9:27ന് കൊച്ചിയിലേക്ക് പറന്ന ഹെലിക്കോപ്റ്റർ 10.57ന്, കുറിയന്നൂരിന് വടക്ക്, തിരുവല്ല തടിയൂർ അരുവിക്കുഴി വെള്ളച്ചാട്ടത്തിന് തൊട്ടു പടിഞ്ഞാറ് 8175 അടി പൊക്കത്തിൽ നീങ്ങുമ്പോഴാണ് കാലാവസ്ഥ മോശമാകുന്നതും തിരികെ തിരുവനന്തപുരത്തേക്കു തന്നെ പറക്കുന്നതും.
തിരുനനന്തപുരത്ത് തിരിച്ചിറങ്ങുമ്പോൾ സമയം രാവിലെ 11.35. കാലാവസ്ഥ മെച്ചപ്പെട്ടതിനാൽ, 12:37ന് വീണ്ടും കൊച്ചിയിലേക്ക്. നെടുമ്പാശേരിയിൽ ഇറങ്ങുമ്പോൾ സമയം ഉച്ചയ്ക്ക് 1.52. ഹെലിക്കോപ്റ്റർ പിന്നെ തിരുവനന്തപുരത്തേക്ക് പറന്നില്ല. ഉച്ചയ്ക്ക് 2:20ന് പറന്നുയർന്ന്, ഏഴുമിനിറ്റു കഴിയുമ്പോഴേക്ക് ചാലക്കുടിയിൽ ഇറങ്ങി.
അപ്പോൾ, വെള്ളിയാഴ്ചത്തെ മൊത്തം പറക്കലുകളും പറക്കൽ സമയങ്ങളും ഇതാണ്
* ചാലക്കുടി-തിരുവനന്തപുരം: 55 മിനിറ്റ്
* തിരുവനന്തപുരം-തടിയൂർ-തിരുവനന്തപുരം: രണ്ടു മണിക്കൂർ എട്ടു മിനിറ്റ്
* തിരുവനന്തപുരം- കൊച്ചി: ഒരു മണിക്കൂർ 15 മിനിറ്റ്
* കൊച്ചി-ചാലക്കുടി: ഏഴു മിനിറ്റ്.
ഈ നാലു മണിക്കൂർ 25 മിനിറ്റിന്‍റെ പറക്കലുകൾ, കേരളത്തിന് അധിക ബാധ്യതയായോ എന്ന ചോദ്യത്തിന് (മുഖ്യമന്ത്രിയുടെ സ്വകാര്യ ആവശ്യത്തിനു പറക്കുന്നത് ബാധ്യതയാണ് എങ്കിൽ) ആയെന്നോ ഇല്ലെന്നോ ഉറപ്പിച്ചു പറയാനാവില്ലെന്നതാണ് വാസ്തവം.
ആന്ധ്ര, ഒഡീഷ, ബിഹാർ, ഗുജറാത്ത, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾ ഹെലിക്കോപ്റ്റർ വാടകക്ക് എടുത്തിരിക്കുന്നതിനേക്കാൾ കുറഞ്ഞ വാടകയിലും ആദായകരമായ വ്യവസ്ഥകളോടെയുമാണ്, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കേരളം ചിപ്‌സൻ ഏവിയേഷന്റെ ഈ ഹെലിക്കോപ്റ്റർ വാടകയ്ക്ക് എടുത്തത്.
ജി.എസ്.ടി ഉൾപ്പെടെ 80 ലക്ഷം രൂപയാണ് മാസ വാടക. ഈ തുകയ്ക്ക് മാസം 25 മണിക്കൂർ പറക്കാം എന്നതാണ് വ്യവസ്ഥ (25 മണിക്കൂറിൽ കൂടുതൽ പറന്നാൽ എത്ര അധികം കൊടുക്കണം എന്ന് വ്യക്തമല്ല). 25 മണിക്കൂർ തന്നെ പറക്കുന്നതിന് ഗുജറാത്ത് സർക്കാർ പവൻ ഹംസ് എന്ന പൊതുമേഖലാ കമ്പനിക്ക് മാസം നൽകുന്നത് രണ്ടു കോടി 69.5 ലക്ഷം രൂപയാണ്. വാടക മാത്രം 87 ലക്ഷം രൂപയും, പറക്കുന്ന ഓരോ മണിക്കൂറിനും 99,000 രൂപയും എന്ന നിരക്കിലാണ് ബിഹാർ സർക്കാർ ഹെലിക്കോപ്റ്റർ വാടകക്ക് എടുത്തിരിക്കുന്നത്.
കേരളം മാസം വാടക കൊടുക്കുന്ന 80 ലക്ഷം രൂപയ്ക്ക് 25 മണിക്കൂർ പറക്കാമെന്നുള്ളതുകൊണ്ട്, ജൂലൈയിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി എത്ര പറന്നിട്ടുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും, മാസാവസാന ദിവസത്തെ, മുഖ്യമന്ത്രിയുടെ നാലു മണിക്കൂർ 25 മിനിറ്റ് സ്വകാര്യ പറക്കൽ ബാധ്യതയാകുമോ ഇല്ലയോ എന്ന കാര്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

