പ്രവാസികളെ തിരികെയെത്തിക്കാൻ സർക്കാറിൽ സമ്മർദം ചെലുത്തുമെന്ന് ലീഗ്
text_fieldsമലപ്പുറം: പ്രവാസികളെ തിരികെ എത്തിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാറിൽ കൂടുതൽ സമ്മർദം ചെലുത്താൻ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയും കെ.എം.സി.സി സൗദി അറേബ്യ കമ്മിറ്റിയും നടത്തിയ ചർച്ചയിൽ തീരുമാനമായി. സൗദി അറേബ്യയിൽനിന്ന് കൂടുതൽ വിമാനങ്ങൾ സംസ്ഥാനത്ത് എത്തിക്കുന്നതും ചാർട്ടേഡ് വിമാനങ്ങളുടെ അനുമതിയും ചർച്ച ചെയ്യാനാണ് യോഗം ചേർന്നത്.
പല കമ്പനികളും ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി ആവശ്യപ്പെട്ട് എംബസിയെയും കേന്ദ്രസർക്കാറിനെയും സമീപിച്ചിട്ടുണ്ട്. കേന്ദ്ര േവ്യാമയാന മന്ത്രാലയം അനുമതി നൽകിയിട്ടുണ്ടെന്നാണ് അറിയിച്ചത്. എന്നാൽ, സംസ്ഥാന സർക്കാർ ഇതുമായി ബന്ധപ്പെട്ട് അനുമതി നൽകിയാലാണ് വിമാനം ഇറങ്ങുന്നത് സാധ്യമാകുകയെന്ന് മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞു.
സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങൾ, എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, ഡോ. എം.കെ. മുനീർ എം.എൽ.എ, സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദ്, ജില്ല പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
