ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലഖിംപൂരിൽ കൊലചെയ്യപ്പെട്ട കർഷകരുടെ കുടുംബാംഗങ്ങളെ ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ നേതൃത്വത്തിൽ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കൾ സന്ദർശിച്ചു.ഖുർറം ഉമർ, ഡോ: മതീൻ ഖാൻ, വി.കെ ഫൈസൽ ബാബു, എം.പി മുഹമ്മദ് കോയ, ഷിബു മീരാൻ എന്നിവരടങ്ങിയ സംഘമാണ് സന്ദർശിച്ചത്.
ലഖിംപുരിൽ ദാരുണഹത്യക്കിരയായ മാധ്യമ പ്രവർത്തകൻ രമൺ കശ്യപിന്‍റെ വസതിയിലും നേതാക്കൾ സന്ദർശനം നടത്തി. ദേശീയ മാധ്യമങ്ങൾ മോദി സ്തുതികളിൽ അഭിരമിക്കുമ്പോൾ സത്യം പറയുക എന്ന ധർമ്മം നിറവേറ്റിയതിനാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ലീഗ് നേതാക്കൾ പറഞ്ഞു.
''ധാർമ്മികത എന്നൊന്നുണ്ടെങ്കിൽ കേന്ദ്ര മന്ത്രി അജയ് മിശ്ര രാജിവക്കണം. ആകാശത്തിന് താഴെ എല്ലാറ്റിനെ കുറിച്ചും അഭിപ്രായം പറയുന്ന പ്രധാനമന്ത്രി വാ തുറക്കണം. ബി.ജെ.പി യുടെ കൈകളിൽ കർഷകരുടെ ചോര പുരണ്ടിരിക്കുന്നു. മതേതര ശക്തികളുടെ സമര പ്രതിരോധങ്ങൾ തുടരണം. ആ പോരാട്ടത്തിനൊപ്പം മുസ്ലിംലീഗ് നിലയുറപ്പിക്കും'' -ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.