
പ്രിയങ്കയുടെ പ്രസ്താവന അസ്ഥാനത്ത്; കോൺഗ്രസ് നേതൃത്വവുമായി ചർച്ചചെയ്യും -മുസ്ലിംലീഗ്
text_fieldsകോഴിക്കോട്: രാമക്ഷേത്രത്തിന് ആശംസ നേർന്ന പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന അസ്ഥാനത്താണെന്ന് മുസ്ലിം ലീഗ്. വിഷയത്തിൽ കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നും നിലപാട് മുമ്പ് വ്യക്തമാക്കിയതാെണന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
കൂടുതൽ അഭിപ്രായപ്രകടനം നടത്തി പുതിയ ചർച്ച തുറക്കുന്നില്ല. ക്ഷേത്ര നിർമാണം ട്രസ്റ്റ് നിർവഹിക്കട്ടെ എന്ന സി.പി.എം നിലപാടും ചർച്ച ചെയ്യേണ്ടിവരും. ഇപ്പോഴുള്ള പ്രശ്നം പ്രിയങ്കയുടെ പ്രസ്താവന മാത്രമാണ്. അതിനോടുള്ള വിയോജിപ്പ് വ്യക്തമായിത്തന്നെ പറയുന്നു. വിഷയം കോൺഗ്രസ് നേതൃത്വവുമായി ചർച്ച ചെയ്യുന്നുണ്ട് -പി.കെ കുഞ്ഞാലിക്കുട്ടി പ്രസ്താവിച്ചു.
മുസ്ലിംലീഗ് എക്കാലവും സ്വീകരിച്ച നിലപാട് കോടതിവിധി അംഗീകരിക്കുക എന്നതാണ്. രാജ്യത്ത് വീണ്ടും ഈ വിഷയം ഉയർത്തിക്കൊണ്ടുവന്ന് വിവാദം ഉണ്ടാക്കുന്നതിനോട് മുസ്ലിം ലീഗിന് താൽപര്യമില്ല. കോടതി വിധിയോടുകൂടി ഇത് ഒരു അടഞ്ഞ അധ്യായമായി. വീണ്ടും ചർച്ചചെയ്ത് വർഗീയ വിഭജനമുണ്ടാക്കാൻ ലീഗ് ആഗ്രഹിക്കുന്നില്ല - ഇ.ടി മുഹമ്മദ് ബഷീർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
