കൊച്ചി: സുഹൃത്തുക്കളെയും ആരാധകരെയും കണ്ണീരിലാഴ്ത്തി മുൻ മിസ് കേരള അൻസി കബീറിന്‍റെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റ്. 'ഇറ്റ്സ് ടൈം ടു ഗോ' ( പോകാൻ സമയമായി) എന്ന അടിക്കുറിപ്പിൽ ദൂരേക്ക് നടന്നുനീങ്ങുന്ന വിഡിയോയാണ് അൻസി ഇൻസ്റ്റയിൽ പങ്കുവെച്ചത്. ഒരു ദിവസം മുമ്പാണ് അൻസി അവസാന വിഡിയോ പങ്കുവെച്ചത്. നിരവധിപേർ അൻസിയുടെ പോസ്റ്റിന് കീഴിൽ ദുഃഖം രേഖപ്പെടുത്തി.
2019ലെ മിസ് കേരളയായ അൻസി കബീറും റണ്ണറപ്പായ ഡോ. അഞ്ജന ഷാജനും തിങ്കളാഴ്ച പുലർച്ചെ നടന്ന വാഹനാപകടത്തിൽ കൊല്ലപ്പെടുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഇവർ സഞ്ചരിച്ചിരുന്ന കാർ എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിന് മുമ്പിൽവെച്ച് അപകടത്തിൽപ്പെടുകയായിരുന്നു. ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. കാർ പൂർണമായും തകർന്നു.
നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മറ്റൊരാളുടെ പരിക്ക് സാരമുള്ളതല്ല. ഇരുവരെയും എറണാകുളം മെഡിക്കൽ സെന്‍റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം ആറ്റിങ്ങൽ ആലങ്കോട് സ്വദേശിനിയാണ് അൻസി. തൃശൂർ സ്വദേശിനിയാണ് അഞ്ജന ഷാജൻ. സംഭവ സ്ഥലത്തുവച്ചു തന്നെ ഇരുവരും മരിച്ചു. മൃതദേഹങ്ങൾ എറണാകുളം മെഡിക്കൽ സെന്‍റർ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്.