ട്രോളൻമാർക്ക് ഇത് ചാകരക്കാലം
text_fieldsകൊച്ചി/തൊടുപുഴ: തെരഞ്ഞെടുപ്പ് അങ്കം നാട്ടുവഴികളിൽനിന്ന് സൈബർ ചുമരുകളിലേക്ക് വഴിമാറിയതോടെ ട്രോളൻമാർക്കും ചാകരക്കാലം. തദ്ദേശ തെരഞ്ഞെടുപ്പിലെ പോരാട്ട കാഴ്ചകളും കൗതുകങ്ങളും എതിർപാർട്ടികളെ കുറിച്ചുള്ള വിമർശനങ്ങളുമെല്ലാം ട്രോളായി നിറയുകയാണ്. പോരാത്തതിന് കഴിഞ്ഞകാല രാഷ്്ട്രീയ സംഭവങ്ങളുടെ കുത്തിപ്പൊക്കലും സജീവമാണ്.
എതിർ പാർട്ടിയുടെ 'കുറ്റം' നൈസായി പറയാൻ ഇതിലും നല്ലൊരു മാർഗമില്ല എന്നതിനാലാണ് െതരഞ്ഞെടുപ്പ് പ്രചാരകർ കൂടുതലായും ട്രോളുകളിലേക്ക് തിരിയുന്നത്. വനിത സ്ഥാനാർഥിയുടെ ചിത്രം വെക്കാതെ, ഭർത്താവിെൻറ ചിത്രം പതിപ്പിച്ച പോസ്റ്ററുകളും ബി.ജെ.പി തെരഞ്ഞെടുപ്പ് കാലത്ത് ശബരിമല അയ്യപ്പനെ പ്രചാരണായുധമാക്കുന്നതും രാഷ്ട്രീയ നേതാക്കളുടെ അബദ്ധപ്രസ്താവനകളുമെല്ലാം വോട്ടുകാലത്തെ പ്രത്യേക ട്രോളുകളാവുന്നു.
ബി.ജെ.പി നേതാവും തിരുവനന്തപുരത്തെ സ്ഥാനാർഥിയുമായ വി.വി. രാജേഷ് മൂന്നിടങ്ങളിൽ വോട്ടർപട്ടികയിലുണ്ടെന്ന വാർത്തയെ ട്രോളൻമാർ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. നേരത്തേ തന്നെ ഹിറ്റായ ഇദ്ദേഹത്തിെൻറ മൂന്ന് ഭാവങ്ങൾ വെച്ചുള്ള മുഖങ്ങളിൽ മൂന്നിടത്തായി കുത്തിട്ടാണ് ട്രോളൻമാർ രാജേഷിനെ മൂന്നിടങ്ങളിലെ വോട്ടറാക്കിയത്. ബി.ജെ.പിക്കാർ എല്ലാ വീട്ടിലും കയറി അയ്യപ്പനുവേണ്ടി വോട്ടു ചോദിക്കുമ്പോൾ സ്വതന്ത്ര സ്ഥാനാർഥിയായ അയ്യപ്പൻ ജയിക്കുന്നതും, ഭരണം കിട്ടിയാൽ തിരുവനന്തപുരത്തെ വാരണാസിയാക്കി മാറ്റുമെന്ന കെ.സുരേന്ദ്രെൻറ പ്രസ്താവനയോട് ഇതിപ്പൊ എതിർസ്ഥാനാർഥിക്കുവേണ്ടിയാണല്ലോ പ്രചാരണം എന്ന മറുപടി പറയുന്നതുമെല്ലാം ട്രോളിലുണ്ട്. കൊച്ചിയിലെ െതരഞ്ഞെടുപ്പുകാലവും ട്രോളൻമാർ ഏറ്റെടുത്തിരിക്കുന്നു. വരാപ്പുഴയിൽ സ്ഥാനാർഥിയുടെ പോസ്റ്ററൊട്ടിക്കുന്ന ധർമജൻ ബോൾഗാട്ടിയുടെ ചിത്രം ആഘോഷിക്കപ്പെട്ടു. ഷമ്മി തിലകെൻറ മീം ഉപയോഗിച്ച് 'ഒരു സിനിമതാരത്തെ കൊണ്ട് ഇലക്ഷൻ പോസ്റ്റർ മതിലിലൊട്ടിപ്പിക്കാൻ കഴിയുമോ സക്കീർ ബായിക്ക്, ബട്ട് വി കാൻ' എന്ന് വരാപ്പുഴക്കാരൻ പറയുന്നതാണ് ട്രോൾ. വോട്ടു തേടിയെത്തുന്ന സ്ഥാനാർഥികളോട് ജനം ആവശ്യം പറയുമ്പോൾ എല്ലാത്തിനും പുച്ഛിക്കുന്ന നേതാക്കളുടെ ട്രോളുമുണ്ട്.
കോവിഡ് കാലമായതിനാൽ പഴയപോലെ രാഷ്ട്രീയ ചർച്ചകളും വാഗ്വാദങ്ങളും നടക്കുന്നത് നാട്ടിലെ ചായക്കടകളിലല്ല, സൈബർ ഇടങ്ങളിലാണ്. കോവിഡ് സൃഷ്ടിച്ച സമൂഹഅകലം മറികടന്ന് പ്രചാരണം കൊഴുപ്പിക്കുകയാണ് മുന്നണികൾ. ഒരു പോസ്റ്റിന് മറുപോസ്റ്റും പ്രതികരണങ്ങളും ട്രോളുകളും സജീവമാണ്. അണികളാണ് സമൂഹമാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത്. തെരഞ്ഞെടുപ്പായതിനാൽ അതിനനുസരിച്ചുള്ള ട്രോളുകളാണ് പ്രചരിക്കുന്നത്. ഇവ പരമാവധി ആളുകളിലെത്തിക്കുക, ഷെയറുകളുടെ എണ്ണം കൂട്ടുക എന്നിവയാണ് പ്രധാന അജണ്ടകൾ. ഇതിന് വേണ്ടി വിവിധ ടീമുകൾ പ്രവർത്തിക്കുന്നു. മുന്നണികൾക്ക് പൊതുവായും വാർഡ് അടിസ്ഥാനത്തിലും സൈബർ ടീമുകളുണ്ട്. രാഷ്ട്രീയ എതിരാളികൾക്കുനേരെ ട്രോളുകൾ ഇറക്കുക, നേതാക്കളുടെ പ്രസംഗങ്ങളുടെ പ്രസക്ത ഭാഗങ്ങൾ വൈറലാക്കുക എന്നിവയാണ് സൈബർ പോരാളികളുടെ പ്രധാന ജോലി. എതിരാളികളുടെ പഴയകാല പോസ്റ്റുകൾ കുത്തിപ്പൊക്കുന്നുണ്ട്.