ചൂടാണ്; പടക്കം അപകടമാവുന്ന കാലം...
text_fieldsപ്രതീകാത്മക ചിത്രം
കൊച്ചി: ചൊവ്വാഴ്ച തൃശൂർ മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിൽ സ്ഫോടനം. നിരവധി പേർ മരിച്ചു...ഞായറാഴ്ച തമിഴ്നാട് ചെന്നൈ വിരുതുനഗറിലെ പടക്കശാലയിൽ വൻ സ്ഫോടനം, 25 പേർ മരിച്ചു.. മൂന്നുദിവസത്തിനിടെ നാം ഞെട്ടലോടെ കേട്ട വാർത്തകളാണിവ.കൂടാതെ വിഷു ആഘോഷ ദിവസങ്ങളിൽ പടക്കം പൊട്ടിക്കുന്നതിനിടെ ഉണ്ടായ അപകടങ്ങളിൽ 16കാരനുൾപ്പെടെ ജീവൻ പൊലിഞ്ഞതും നാടിന്‍റെ നോവായി. വിഷു ആഘോഷത്തിനിടെ കൈയ്യിലിരുന്ന് പടക്കം പൊട്ടിയതുമൂലം പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി മരിച്ചതും ദിവസങ്ങൾക്കു മുമ്പാണ്.
അന്തരീക്ഷത്തിൽ ക്രമാതീതമായി ചൂടു വർധിക്കുന്നതുമൂലമുണ്ടാകുന്ന പടക്കം, പടക്കശാല അപകടങ്ങൾ ഏറുകയാണ്. അതിനാൽ തന്നെ ഏറെ കരുതൽ വേണം ഈ മേഖലയിൽ ഇടപെടുമ്പോൾ. വിനോദത്തിനായി നാം ഉപയോഗിക്കുന്ന പടക്കങ്ങൾ അല്പമൊന്ന് അശ്രദ്ധമായാൽ വലിയ ദുരന്തങ്ങൾക്കാണ് വഴിവെക്കുന്നതെന്ന് മറക്കരുതെന്ന് അഗ്നിരക്ഷാ സേനയും മറ്റും ആവർത്തിച്ച് ചൂണ്ടിക്കാണിക്കുന്നു.
ആഘോഷം ശ്രദ്ധയോടെ...
*പടക്കം പൊട്ടിക്കുമ്പോൾ അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക, എളുപ്പത്തിൽ തീപിടിക്കാനിടയുള്ള സിന്തറ്റിക് വസ്ത്രങ്ങൾ ഒഴിവാക്കുക.
*പടക്കം പൊട്ടിക്കുമ്പോൾ എപ്പോഴും തീ പിടിക്കാനുള്ള സാഹചര്യം മുൻകൂട്ടി കണ്ട് ആവശ്യത്തിന് വെള്ളം കരുതി വെക്കുക.
*തുറസ്സായ സ്ഥലങ്ങളിൽ മാത്രം പടക്കങ്ങൾ പൊട്ടിക്കുക. ആൾക്കൂട്ടത്തിനിടയിലും മരങ്ങൾക്കിടയിലും വാഹനങ്ങൾക്കരികിലുമൊക്കെ പടക്കം പൊട്ടിക്കുമ്പോൾ അപകട സാധ്യത വർധിക്കുന്നു.
*കുട്ടികൾ പടക്കം കൈകാര്യം ചെയ്യുമ്പോൾ മുതിർന്നവർ പ്രത്യേകം ജാഗ്രത പാലിക്കേണ്ടതുണ്ട്.
*ആസ്ത്മ, അലർജി രോഗികൾ പടക്കം ഉപയോഗിക്കുന്നത് ഏറെ അപകടകരമാണ്.
*പൊള്ളലേറ്റാൽ ആ ഭാഗം 15-20 മിനിറ്റ് തണുത്ത വെള്ളത്തിനടിയിൽ വെക്കുക. ഐസ്, ടൂത്ത് പേസ്റ്റ്, മഞ്ഞൾ തുടങ്ങിയവ പുരട്ടുന്നതുപോലുള്ള വീട്ടുവൈദ്യങ്ങൾ ഒഴിവാക്കുക.
*പടക്കം പൊട്ടിക്കുന്നതിനായി അപകടകരമായ യൂട്യൂബ് പരീക്ഷണങ്ങളും മറ്റും കണ്ട് അനുകരിക്കാതിരിക്കുക.
*പടക്കം കത്തിച്ച ഉടൻ സുരക്ഷിതമായ അകലത്തിലേക്ക് മാറി നിൽക്കണം.
* തീ കൊളുത്തിയ ശേഷം പൊട്ടാത്ത പടക്കങ്ങൾ പരിശോധിക്കാൻ ഉടൻ അടുത്തേക്ക് ചെല്ലരുത്. അല്പസമയം കഴിഞ്ഞ് വെള്ളമൊഴിച്ച് അവ നിർവീര്യമാക്കുക.
* അംഗീകൃത വിൽപനശാലകളിൽ നിന്ന് ഗുണനിലവാരമുള്ള പടക്കങ്ങൾ മാത്രം വാങ്ങുക.
*വളർത്തു മൃഗങ്ങളുടെയും പക്ഷികളുടെയും സമീപത്തു വച്ചു പടക്കം പൊട്ടിക്കുമ്പോൾ അവക്ക് അസ്വസ്ഥതയുണ്ടാവാനിടയുണ്ട്.
നിർമാണവും കരുതലോടെ...
കൊടുംവേനലിൽ പടക്കമുണ്ടാക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നതാണ് വിരുതുനഗറിലെ സ്ഫോടനത്തിനു പ്രാഥമിക കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. തൃശൂരിലെ ദുരന്തത്തിനു കാരണമെന്താണെന്ന് ഇനിയും അറിയാനുമുണ്ട്. വേനൽക്കാലത്ത് പടക്കമുണ്ടാക്കുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും മറ്റു സമയങ്ങളേക്കാൾ കൂടുതൽ ശ്രദ്ധയും കരുതലും ആവശ്യമുണ്ട്.
കൂട്ടിക്കലർത്തിയ രാസവസ്തുക്കൾ ഉപയോഗിച്ച് പടക്കമുണ്ടാക്കുമ്പോൾ അന്തരീക്ഷത്തിൽ ചൂട് കൂടുതലാണെങ്കിൽ ഘർഷണം മൂലം തീപിടിത്തത്തിന് കാരണമായേക്കാം. പടക്കശാലയിൽ ആവശ്യത്തിന് സ്ഥലമില്ലാത്തതും ഇടുങ്ങിയ ഇടങ്ങളിൽ നിരവധി പേരെ കുത്തിനിറച്ച് പണിയെടുപ്പിക്കുന്നതും അപകടത്തിനിടയാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

