70 ശതമാനം കേസുകളിലും നടപടിക്രമങ്ങൾ പാലിക്കുന്നില്ല
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന 70 ശതമാനം കേസുകളും പൊലീസ് സ്വമേധയാ എടുക്കുന്നതാണെന്നും ഇവയിലെ അറസ്റ്റുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ച സംഭവിക്കുന്നതായും സംസ്ഥാന പൊലീസ് രഹസ്യാന്വേഷണവിഭാഗം. മദ്യപിച്ചപരെ പിടികൂടി കേസുകളുടെ എണ്ണം പെരുപ്പിക്കാതെ ഇതരകേസുകൾക്ക് പ്രാധാന്യം നൽകണമെന്നും ഇൻറലിജൻസ് മേധാവി ബി. സെയ്ദ് മുഹമ്മദ് യാസീൻ ജില്ല പൊലീസ് മേധാവിമാർക്കയച്ച കത്തിൽ പറയുന്നു.
മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട കേസുകളിൽ 95 ശതമാനത്തിനും ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഇല്ല. സർക്കാർ നൽകിയിട്ടുള്ള ആൽക്കോമീറ്റർ ഉപയോഗിച്ച് പൊലീസ് സ്വയം പരിശോധിച്ച് നടപടികൾ പൂർത്തിയാക്കുന്നു. ഇത് കോടതിയിൽ ചോദ്യം ചെയ്താൽ പൊലീസ് പ്രതിസ്ഥാനത്താകും. ഇത്തരത്തിൽ നിരവധി കേസുകൾ ഹൈകോടതിയിലെത്തുകയും തള്ളിപ്പോവുകയും ചെയ്യുന്നു.
നടപടിക്രമങ്ങൾ പാലിക്കാതെ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്ന് ഹൈകോടതിവിധിയും പൊലീസ് മേധാവിയുടെ നിർേദശവുമുണ്ട്. പക്ഷേ, ഇതെല്ലാം ലംഘിക്കപ്പെടുന്നു. കേസുകളുടെ എണ്ണം പെരുപ്പിച്ചുകാട്ടാൻ മദ്യപരെ പിടികൂടുന്നത് കേസുകളുടെ എണ്ണവും പൊലീസുകാരുടെയും കോടതിയുടെയും ജോലിഭാരവും വർധിപ്പിക്കും. ഇതു സംസ്ഥാനത്തെ ക്രമസമാധാനനില തകരാറിലായി എന്ന് തെറ്റായി വ്യാഖ്യാനിക്കാനിടയാകുന്നു. ഇത് തെറ്റായ സന്ദേശം നൽകുമെന്നും കത്തിൽ പറയുന്നു. മോട്ടോർ വെഹിക്ക്ൾ ആക്ട് സെക്ഷൻ 185, അബ്കാരി ആക്ട് 15(സി), കെ.പി ആക്ട് 118 എന്നിവ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ തെറ്റ് സമ്മതിച്ച് പിഴ അടച്ച് നടപടിക്രമങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കണമെന്നും കത്തിൽ നിർേദശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
