ബി.ജെ.പിയുടെ കേരളത്തിലെ വോട്ട്ഷെയർ 30ഉം 40ഉം ശതമാനമായി ഉയരാൻ ഇനി അധികകാലം വേണ്ട -അമിത് ഷാ
text_fieldsതിരുവനന്തപുരത്ത് ബി.ജെ.പി സംഘടിപ്പിച്ച വിഷൻ 2026 ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച പാർട്ടി ജനപ്രതിനിധികളെ അഭിവാദ്യം ചെയ്യുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്, സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ സമീപം (photo: പി.ബി. ബിജു)
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള രാഷ്ട്രത്തിന്‍റെ മുഴുവൻ വിശ്വാസത്തെയും ഹനിക്കുന്നതാണെന്നും കേസിന്‍റെ എഫ്.ഐ.ആറിൽ തന്നെ പ്രതികളെ രക്ഷിക്കാനുള്ള കാര്യങ്ങളുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്വർണക്കൊള്ളയിൽ രണ്ട് മന്ത്രിമാർ ജനമനസിൽ കുറ്റവാളികളാണ്. എന്നിട്ടും ഇവരെ ന്യായീകരിക്കുകയാണ്. സി.പി.എമ്മിനൊപ്പം കോൺഗ്രസ് നേതാക്കളും പ്രതികളാണെന്നും അമിത് ഷാ പറഞ്ഞു. ബി.ജെ.പി ജനപ്രതിനിധികളുടെ സംസ്ഥാന സംഗമം ഉദ്ഘാടനവും ‘മിഷൻ 2026’ പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു അമിത്ഷാ.
വികസനം, സുരക്ഷ, വിശ്വാസ സംരക്ഷണം എന്നിവയടക്കം കേരളത്തിന്‍റെ ഭാവിക്ക് ബി.ജെ.പി സർക്കാറും മുഖ്യമന്ത്രിയും ഉണ്ടാവണം. ദേശ ദ്രോഹികളിൽ നിന്ന് രക്ഷിച്ച് കേരളത്തെ വികസിതമാക്കാനും വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാനും എൽ.ഡി.എഫിനും യു.ഡി.എഫിനും കഴിയില്ല. 2047 ആകുമ്പോഴേക്കും വികസിത ഭാരതം സൃഷ്ടിക്കാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നത്. വികസിത കേരളത്തിലൂടെ മാത്രമേ വികസിത ഭാരതം സൃഷ്ടിക്കാനാവൂ. എൽ.ഡി.എഫ്, യു.ഡി.എഫ് സഹകരണം കാരണം കേരളത്തിൽ വികസനം സ്തംഭിച്ചിരിക്കയാണ്. ലോകം മഴുവൻ കമ്യൂണിസ്റ്റ് പാർട്ടിയും രാജ്യത്ത് കോൺഗ്രസും ഇല്ലാതാവുകയി. 2024ൽ ബി.ജെ.പിക്ക് കേരളത്തിൽ ലഭിച്ച 20 ശതമാനം വോട്ട്ഷെയർ 30ഉം 40ഉം ശതമാനമായി ഉയരാൻ ഇനി അധികകാലം വേണ്ട.
എൽ.ഡി.എഫിന്‍റെയും യു.ഡി.എഫിന്‍റെയും മിത്രങ്ങളാണ് ജമാ അത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും. അവരുടെ വിഭജന രാഷ്ട്രീയത്തിൽ നിന്നും കേരളത്തെ മോചിപ്പിക്കണം. എൽ.ഡി.എഫും യു.ഡി.എഫും പ്രീണന രാഷ്ട്രീയത്തിലാണ് വിശ്വസിക്കുന്നത്. ഒരാളോടുള്ള പ്രീണനം മറ്റൊരാൾക്ക് അനീതിയാവും. അതുകൊണ്ടാണ് ബി.ജെ.പി തുല്യ നീതി പറയുന്നത്. വികസനത്തിനും വിശ്വാസ സംരക്ഷണത്തിനും കഴിയുന്നില്ലെങ്കിൽ മുഖ്യമന്ത്രി സ്ഥാനം പിണറായി വിജയൻ ഒഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അധ്യക്ഷതവഹിച്ചു. കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, മേയർ വി.വി. രാജേഷ്, സി. സദാനന്ദൻ എം.പി, ഒ. രാജഗോപാൽ, സി.കെ. പത്മനാഭൻ, കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, വി. മുരളീധരൻ, കെ. സുരേന്ദ്രൻ, പ്രകാശ് ജാവ്ദേക്കർ, എ.പി. അബ്ദുല്ലക്കുട്ടി, കെ. സോമൻ, പി.സി. ജോർജ്, ശോഭ സുരേന്ദ്രൻ, എം.ടി. രമേഷ്, ആർ. ശ്രീലേഖ, ഷോൺ ജോർജ് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

