എസ്.ഐ.ആർ: അധിക സമയം അനുഗ്രഹമാകും; കാണാമറയത്തുള്ളവരെ കണ്ടെത്താൻ നിർദേശം
text_fieldsതിരുവനന്തപുരം: എന്യൂമറേഷൻ അടക്കം എസ്.ഐ.ആർ തുടർനടപടികൾക്കെല്ലാം ഏഴുദിവസം വീതം സാവകാശം ലഭിച്ച സാഹചര്യത്തിൽ ‘കണ്ടെത്താനാകാത്തവരെ’ കണ്ടെത്താൻ നടപടി ഊർജിതമാക്കാൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ നിർദേശം. നിലവിലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 10 ലക്ഷം പേരെയാണ് കണ്ടെത്താനാകാത്തത്.
ഇതിൽ അഞ്ചുലക്ഷം പേർ മരണപ്പെട്ടതാണ്. ശേഷിക്കുന്ന അഞ്ചുലക്ഷത്തിൽ സ്ഥലം മാറിപ്പോയവരും തിരിച്ചറിയാനാകാത്തവരും ഫോം സ്വീകരിക്കാത്തവരും സ്വീകരിച്ചിട്ട് തിരികെ നൽകാൻ താൽപര്യമില്ലെന്ന് അറിയിച്ചവരുമുണ്ട്. ഇവരെ പരമാവധി എസ്.ഐ.ആറിന്‍റെ ഭാഗമാക്കാനുള്ള നടപടികളാണ് ഇനിയുള്ള ദിവസങ്ങളിൽ സ്വീകരിക്കുകയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. ഖേൽക്കർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
2002ലെ പട്ടികയിൽ പേര് കണ്ടെത്താനാകുന്നില്ലെന്ന് ചിലയിടത്ത് പരാതി ഉയർന്നിരുന്നു. വളന്റിയർമാരുടെ സഹായത്തോടെ നടപടി പുരോഗമിക്കുന്നുണ്ടെങ്കിലും നീട്ടിക്കിട്ടിയ സമയം ഇതിനായി കൂടുതൽ പ്രയോജനപ്പെടുത്തും. കിടപ്പു രോഗികൾ, ഭിന്നശേഷിക്കാർ എന്നിവരുടെ പേരുകൾ പട്ടികയിൽ ഉറപ്പുവരുത്തുന്നതിനുള്ള ഇടപെടലുണ്ടാകും. എന്യൂമറേഷൻ പ്രവർത്തനങ്ങളുടെ ഗുണമേന്മ വർധിപ്പിക്കുകയാണ് അധിക സമയം പ്രയോജനപ്പെടുത്തി നടത്തുക.
ബി.എൽ.എമാരുടെ യോഗം വിളിക്കും
ബൂത്ത് അടിസ്ഥാനത്തിൽ ബി.എൽ.എമാരുടെ യോഗം ചേരണമെന്ന ആവശ്യം എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉന്നയിച്ചിരുന്നു. ഏഴ് ദിവസം നടപടികൾക്ക് സാവകാശം കിട്ടിയ സാഹചര്യത്തിൽ എല്ലാ ബൂത്തുകളിലും ബി.എൽ.ഒമാർ ബി.എൽ.എമാരുടെ യോഗം വിളിക്കുമെന്ന് സി.ഇ.ഒ വ്യക്തമാക്കി. കണ്ടെത്താനാകാത്തവരുടെ പട്ടിക, ഫോം തിരികെ കിട്ടാത്തവരുടെ പട്ടിക എന്നിവ ഈ യോഗങ്ങളിൽ ചർച്ച ചെയ്യും. ബി.എൽ.എമാരുടെയെല്ലാം അഭിപ്രായം കൂടി പരിഗണിച്ചാകും അതത് ബൂത്തിലെ പട്ടിക അന്തിമമാക്കുക. ഭാവിയിൽ പരാതി ഒഴിവാക്കാൻ കൂടിയാണിത്.
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ പുതിയ അപേക്ഷ സ്വീകരിക്കാൻ പ്രത്യേക ഡ്രൈവ് നടത്താനും ഇക്കാലയളവിൽ ഉദ്ദേശിക്കുന്നുണ്ട്. ഇതിന് സമയപരിധി നിശ്ചയിക്കില്ല. ഡിജിറ്റൈസേഷൻ പൂർത്തിയായ ബൂത്തുകളിൽ പുതിയ അപേക്ഷ സ്വീകരിക്കുന്നതിനാണ് അടുത്ത പരിഗണന. അതേസമയം, അപേക്ഷകളിലെ നടപടി എസ്.ഐ.ആറിന്‍റെ കരട് പട്ടിക വന്ന ശേഷമായിരിക്കുമെന്നും രത്തൻ യു. ഖേൽക്കർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

