പൊലീസ് ജീപ്പിനുള്ളിലാണ് മധു മരിച്ചത് എന്നറിഞ്ഞിരുന്നു -കലക്ടർ
text_fieldsതിരുവനന്തപുരം ജില്ല കലക്ടർ ജെറോമിക് ജോർജ് മണ്ണാർക്കാട് കോടതിയിൽ വിസ്താരത്തിന് ഹാജരായപ്പോൾ
മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ തിരുവനന്തപുരം ജില്ല കലക്ടർ ജെറോമിക് ജോർജുൾപ്പെടെ മൂന്ന് പേരുടെ വിസ്താരം പൂർത്തിയായി. സംഭവം നടക്കുമ്പോൾ ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡൽ ഓഫിസറുമായിരുന്നു ഇദ്ദേഹം. മൃതദേഹം ഇൻക്വസ്റ്റ് നടത്തിയതുമായി ബന്ധപ്പെട്ട മൊഴികളിൽ കലക്ടർ ഉറച്ചുനിന്നു.
പൊലീസ് ജീപ്പിനുള്ളിലാണ് മരിച്ചതെന്നാണ് അറിഞ്ഞതെന്നും ആശുപത്രിയിലെത്തിക്കുമ്പോൾ മധുവിന് ജീവനുണ്ടായിരുന്നില്ലെന്ന് മനസ്സിലായതായും കലക്ടർ പറഞ്ഞു. ഇൻക്വസ്റ്റ് സമയത്തും മജിസ്റ്റീരിയൽ അന്വേഷണസമയത്തും മധു പൊലീസ് കസ്റ്റഡിയിലാണ് മരിച്ചതെന്ന് മനസ്സിലാക്കിയിരുന്നോ എന്നായിരുന്നു പ്രതിഭാഗത്തിന്റെ ചോദ്യം.
ഇൻക്വസ്റ്റിൽ പറഞ്ഞ 15 പരിക്കുകളല്ലാതെ മറ്റ് പരിക്കുകളൊന്നും കണ്ടില്ല. നഖത്തിൽ കണ്ട മുടിയും വായിൽ നിന്ന് ഒലിച്ചിറങ്ങിയ നിലയിൽ കണ്ട ഭക്ഷണാവശിഷ്ടങ്ങളും പരിശോധനക്കെടുത്തില്ല. ഇൻക്വസ്റ്റ് സമയത്ത് നടത്തിയ പ്രാഥമികാന്വേഷണത്തിൽ മധു പീഡനത്തിനിരയായി പൊലീസ് ജീപ്പിൽ മരിച്ചെന്ന ആരോപണം ശ്രദ്ധയിൽപെട്ടെങ്കിലും മഹസറിൽ രേഖപ്പെടുത്തിയിട്ടില്ല. അട്ടപ്പാടിയിൽ ആദിവാസിക്ഷേമത്തിന് ആവിഷ്കരിച്ച പദ്ധതികൾ നടപ്പാക്കപ്പെടുന്നുണ്ടെന്ന് നോഡൽ ഓഫിസറെന്ന നിലയിൽ ഉറപ്പ് വരുത്തിയിരുന്നെന്നും കലക്ടർ പറഞ്ഞു.
പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്കും വിസ്താരത്തിനിടെ ദൃശ്യങ്ങൾ കാണുന്നില്ലെന്ന് പറഞ്ഞ സാക്ഷി സുനിൽ കുമാറിനെതിരെയുള്ള നടപടികളിന്മേലുള്ള വാദം ബുധനാഴ്ചത്തേക്കും മാറ്റി.
ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിക്കാൻ കമ്പ്യൂട്ടറില്ലാത്തതിനാൽ ഹൈകോടതിയിൽ നിന്ന് കമ്പ്യൂട്ടർ എത്തിക്കണമെന്ന് സുനിൽകുമാറിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. മധുവിന്റെ അമ്മ മല്ലി, സഹോദരി ചന്ദ്രിക, സഹോദരീഭർത്താവ് മുരുകൻ എന്നിവരുൾപ്പെടെ ഏഴുപേരെ ചൊവ്വാഴ്ച വിസ്തരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

