‘പുഴുവിനെ കൊണ്ടുവരുന്നത് കണ്ടവരുണ്ട്; നടന്നത് രാഷ്ട്രീയ ഗൂഢാലോചന, കായികമേള അലങ്കോലമാക്കാൻ ചിലർ ശ്രമിച്ചു’: വിദ്യാഭ്യാസ മന്ത്രി
text_fieldsഎൻ. ഷംസുദ്ദീൻ
കോഴിക്കോട്: ഭക്ഷണത്തിൽ പുഴുവിനെ കൊണ്ടിട്ട് കുട്ടികളുടെ കായിക മേള അലങ്കോലപ്പെടുത്താൻ ശ്രമിച്ചെന്നും സംഭവത്തിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന്‍. രാഷ്ട്രീയ താൽപര്യത്തോടെയുള്ള നാടകമാണ് അരങ്ങേറിയത്. ചില മാധ്യമപ്രവർത്തകരും അതിന് കൂട്ടുനിന്നെന്നും പൊലീസ് ഇതിന്റെ ഗൂഢാലോചന അന്വേഷിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ഇവിടെ ഭരണമാറ്റം സാധാരണമാണന്നും എന്നാൽ എല്ലാത്തിലും പ്രശ്നങ്ങൾ കാണുന്നതൊക്കെ മോശം പ്രവൃത്തിയാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
മണിക്കൂറുകൾ തിളച്ച സാമ്പാറിൽ എങ്ങനെ പുഴു വരും. ആവിയിൽ വെന്ത പുട്ടിലും പുഴു വരാൻ സാധ്യതയില്ല. അയാൾ പുഴുവിനെ കൊണ്ടുവരുന്നതും പ്രയോഗിക്കുന്നതും കണ്ട ജോലിക്കാരുണ്ട്. നടന്നത് നാടകമാണെന്നും ഇത് കൊണ്ടിട്ടതാണെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നും പഴയിടം നമ്പൂതിരി വ്യക്തമാക്കിയെന്നും മന്ത്രി വ്യക്തമാക്കി. വ്യാജ പ്രചരണം നടത്തി മേള അലമ്പാക്കാൻ ശ്രമിച്ചത് നീചമായ പ്രവൃത്തിയാണ്. കായിക മേള അലമ്പാക്കാനുള്ള മനപൂർവമുള്ള പ്രവർത്തനങ്ങളാണ് അയാൾ ചെയ്തത്. സംഭവത്തിന് കാരണക്കാരനായ അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഗൂഢാലോചനയാണന്ന് തെളിഞ്ഞിട്ടുണ്ടെന്നും ശക്തമായ വകുപ്പുതല നടപടിയുണ്ടാകുമെന്നും അദ്ദേഹം പറയുന്നു.
പുഴുവിനെ കണ്ടെത്തിയതായും ചിലര്‍ മാത്രം പ്രചാരണം നടത്തിയപ്പോൾ അന്വേഷിച്ച് ചെന്നപ്പോള്‍ പേപ്പറിന്റെ മേലെയാണ് പുഴുവിനെ കണ്ടത്. സംഭവം കൃത്യമായി പൊലീസ് അന്വേഷിക്കട്ടെ. ഇനിയും സംസ്ഥാനത്ത് കലാമേള അടക്കം നടക്കാനുണ്ട്. ഇങ്ങനെയുള്ള ശ്രമങ്ങൾ നടത്തരുത്. മേള നടക്കുമ്പോൾ മാധ്യമങ്ങൾ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കരുതെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
ഇതുകൊണ്ട് ഒന്നും മേളകളുടെ പൊലിമ തകർക്കാൻ കഴിയില്ല. അധ്യാപകനെതിരെ എടുക്കും. അധ്യാപക സംഘടനയുടെ ഭാരവാഹി ആണോ എന്ന് പരിശോധിക്കുമെന്നും രാഷ്ട്രീയ താത്പര്യം ഉണ്ടെന്ന് അറിയാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സാമ്പാറില്‍ പുഴുവിനെ കണ്ടെന്ന രീതിയിൽ ആരോപണം ഉയര്‍ന്നത്. കായികമേളയിലെ ഭക്ഷണവിതരണ കേന്ദ്രത്തിൽനിന്ന് എന്ന വ്യാഖ്യാനത്തോടെ ഭക്ഷണത്തിൽ പുഴുവുണ്ടെന്ന് കാണിച്ച് പ്രതി സമൂഹമാധ്യമങ്ങളിൽ ലൈവ് വിഡിയോ പ്രചരിപ്പിക്കുകയായിരുന്നു. എന്നാൽ, സംഭവം വിവാദമായതോടെ അധ്യാപകന്‍ പരാതിയില്ലെന്ന് രേഖാമൂലം അറിയിച്ചിരുന്നെങ്കിലും ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു പൊലീസ്. കായികമേളയുടെ സുഗമമായ നടത്തിപ്പിനെ തടസപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വ്യാജ വാർത്ത പ്രചരിപ്പിച്ചുവെന്നാണ് കുന്ദമംഗലം പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്.ഐ.ആറിലുള്ളത്.

