മാധ്യമപ്രവർത്തകനെ മതതീവ്രവാദിയെന്ന് പറയാതിരുന്നത് അബദ്ധം; കത്തിച്ചാലും കരിഓയിൽ ഒഴിച്ചാലും ഒരിഞ്ച് പിന്നോട്ടില്ല -വെള്ളാപ്പള്ളി നടേശൻ
text_fieldsവെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: മാധ്യമപ്രവർത്തകനെ മതതീവ്രവാദിയെന്ന് പറയാതിരുന്നത് അബദ്ധമായെന്നും തന്നെ കത്തിച്ചാലും കരിഓയിൽ ഒഴിച്ചാലും പറഞ്ഞതിൽനിന്ന് ഒരിഞ്ചുപോലും മാറില്ലെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അമ്പലപ്പുഴ കരൂരിൽ എസ്.എൻ.ഡി.പി ഗുരുമന്ദിരം സമർപ്പണയോഗം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ‘തീവ്രവാദി’ പരാമർശത്തിൽ വെള്ളാപ്പള്ളിയുടെ വിശദീകരണം. തീവ്രമായി സംസാരിക്കുന്നവൻ എന്ന അർഥത്തിലാണ് തന്റെ പരാമർശം. താൻ ആരെയും മതതീവ്രവാദിയെന്ന് വിളിച്ചിട്ടില്ല. തീവ്രവാദിയെന്ന് ഞാന്‍ ഇനിയും പറയും. അന്ന് വേറെ ചാനലുകള്‍ കുറേ ഉണ്ടായിരുന്നുവല്ലോ. അവരൊന്നും ഇങ്ങനെ സംസാരിച്ചിട്ടില്ല.
തീവ്രവാദപരമായി സംസാരിച്ചവര്‍ ആരായാലും അവൻ തീവ്രവാദിയാണ്. മിതമായി സംസാരിച്ചവരും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അവര്‍ മിതവാദികളാണ്. താന്‍ പറഞ്ഞതെല്ലാം പറഞ്ഞത് തന്നെയാണ്. അതില്‍ തെറ്റുണ്ടെങ്കില്‍ സംവാദത്തിന് തയാറാണ്. ഒരു ചാനൽ വിചാരിച്ചാൽ ഒരുചുക്കും ചെയ്യാനില്ല. ഭയമില്ലാത്ത തനിക്ക് രാഷ്ട്രീയമോഹമില്ല. സത്യം ബോധ്യപ്പെടുത്താൻ മാധ്യമങ്ങളെ വീട്ടിൽ വിളിച്ചുവരുത്തി. അവിടെയും ഒരു ചാനൽ പ്രശ്നം ഉണ്ടാക്കി. തന്നെ പറയാൻ അനുവദിച്ചില്ല. ഒളിഞ്ഞും തെളിഞ്ഞും ചാനലിന് റേറ്റിങ് കൂട്ടാൻ ഈഴവ സമുദായത്തെ ഉപയോഗിക്കുന്നത് അസംബന്ധമാണ്.
മുസ്ലിംലീഗിനൊപ്പം നിന്ന കാലമുണ്ടായിരുന്നു. യു.ഡി.എഫ് ഭരണം പിടിക്കുമ്പോൾ ആനുകൂല്യങ്ങൾ തരാമെന്ന് പറഞ്ഞാണ് കൂടെകൂട്ടിയത്. ഒടുവിൽ ഭരണം കിട്ടിയപ്പോൾ ഒന്നും തന്നില്ല. മുസ്ലിം സമുദായത്തിന് താൻ എതിരല്ല. അങ്ങനെയാണെന്ന് വരുത്തിത്തീർക്കാൻ ലീഗ് ശ്രമിക്കുന്നു. മുസ്ലിം സമുദായത്തിന് മലപ്പുറത്ത് മാത്രം 17 കോളജുകൾ നൽകി. സാമൂഹികനീതി ഈഴവ സമുദായത്തിന് നിഷേധിക്കപ്പെട്ടു. ഈ കുറവ് താൻ ചൂണ്ടിക്കാണിച്ചാൽ മുസ്ലിം വിരോധിയാവുമോയെന്നും അദ്ദേഹം ചോദിച്ചു.
പുറക്കാട് കരൂർ 796ാം നമ്പർ ശാഖായോഗം പ്രസിഡൻറ് എം.ടി. മധു അധ്യക്ഷത വഹിച്ചു. എച്ച്. സലാം എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി വൈസ് പ്രസിഡൻറ് അഡ്വ. എം. ലിജു, എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂനിയൻ പ്രസിഡൻറ് പി. ഹരിദാസ്, സെക്രട്ടറി കെ.എൻ. പ്രേമാനന്ദൻ, കെ. ഉത്തമൻ, എ. ഗോപകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

