‘യു.ഡി.എഫുമായി സഹകരിക്കണോ എന്ന് തീരുമാനിക്കേണ്ടത് അന്‍വര്‍’; തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അഭിപ്രായം പറയുമെന്ന് വി.ഡി. സതീശന്‍
text_fieldsനിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് പി.വി അന്‍വര്‍ ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അൻവർ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അപ്പോള്‍ യു.ഡി.എഫ് അഭിപ്രായം പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും നടത്തിയാണ് യു.ഡി.എഫ് മുന്നോട്ടു പോകുന്നത്. യു.ഡി.എഫില്‍ വലിയ കുഴപ്പമാണെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. യു.ഡി.എഫില്‍ ഒരു കുഴപ്പവുമില്ല. അങ്ങനെ ആരും ആശിക്കേണ്ട. യു.ഡി.എഫില്‍ ഒരു കരിയില പോലും അനങ്ങാതെ എല്ലാവരും ഒറ്റക്കെട്ടായാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്.
എല്ലാ ഘടകകക്ഷി നേതാക്കളുടെയും പൂര്‍ണമായ അനുമതിയോടെയാണ് കോണ്‍ഗ്രസിലെ മുഴുവന്‍ നേതാക്കളുടെയും ഏകകണ്ഠമായ തീരുമാനത്തിലൂടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയിരിക്കുന്നത്. ഏത് സമയത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും അതിന്റെ പ്രവര്‍ത്തനങ്ങള്‍ 24 മണിക്കൂറിനകം ആരംഭിക്കാവുന്ന രീതിയില്‍ യു.ഡി.എഫ് നിലമ്പൂരില്‍ മുന്നൊരുക്കം നടത്തിയിട്ടുണ്ട്.
പരമ്പരാഗതമായി നിലമ്പൂര്‍ യു.ഡി.എഫ് മണ്ഡലമാണ്. പ്രത്യേകമായ കാരണങ്ങളാലാണ് 9 വര്‍ഷം മണ്ഡലം നഷ്ടമായത്. മറ്റു ഉപതെരഞ്ഞെടുപ്പുകളില്‍ ഉണ്ടായ മഹാഭൂരിപക്ഷം നിലമ്പൂരിലും ഉണ്ടാകും. തെരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നത് അന്‍വറാണ് തീരുമാനിക്കേണ്ടത്. അഭിപ്രായ വ്യാത്യാസം പറഞ്ഞ സാഹചര്യത്തില്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായും യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായും സഹകരിക്കണമോയെന്നത് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. അദ്ദേഹം സഹകരിച്ചാല്‍ ഒന്നിച്ചു പോകും. അദ്ദേഹം തീരുമാനം എടുത്ത് കഴിഞ്ഞാല്‍ യു.ഡി.എഫ് അപ്പോള്‍ അഭിപ്രായം പറയും.
സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് യു.ഡി.എഫ് ഏറെ മുന്നിലെത്തി. പതിനായിരത്തോളം വോട്ടുകള്‍ പുതുതായി ചേര്‍ത്തതില്‍ എണ്ണായിരത്തോളം ചേര്‍ത്തത് യു.ഡി.എഫാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

