ദേശീയപാതയിലെ കുഴികൾ അടക്കുന്നത് അശാസ്ത്രീയമായി; അടിയന്തരമായി ഇടപെട്ട് ഹൈകോടതി
text_fieldsകൊച്ചി: മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതയിലെ കുഴികൾ അശാസ്ത്രീയമായി അടക്കുന്നതിൽ അടിയന്തരമായി ഇടപെട്ട് ഹൈകോടതി. ദേശീയപാതയിലെ കുഴികളിൽ പാക്കറ്റിലാക്കിയ ടാർ മിക്സിട്ട് കൈക്കോട്ട് ഉപയോഗിച്ച് ഉറപ്പിക്കുകയാണെന്ന മാധ്യമങ്ങളിലെ വാർത്തയുടെ അടിസ്ഥാനത്തിലാണ് അവധി ദിവസമായിരുന്നിട്ടും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഇടപെടലുണ്ടായത്. കുഴികളടക്കുന്ന നടപടികൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ എറണാകുളം, തൃശൂർ ജില്ല കലക്ടർമാർക്ക് കോടതി അടിയന്തര നിർദേശം നൽകി. പൊതുമരാമത്ത് വകുപ്പ് അഭിഭാഷകൻ മുഖേനയാണ് നിർദേശം കലക്ടർമാർക്ക് കൈമാറിയത്. അറ്റകുറ്റപ്പണി നടക്കുന്ന സ്ഥലത്ത് നേരിട്ടെത്തി പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശം.
ദേശീയപാതയിലെ കുഴികൾ ഒരാഴ്ചക്കകം അടക്കാനുള്ള കോടതിയുടെ തിങ്കളാഴ്ചത്തെ അന്ത്യശാസനത്തിന് പിന്നാലെ കുഴികൾ അടക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ, ഇത് അശാസ്ത്രീയ രീതിയിലാണ് നടക്കുന്നതെന്ന് മാധ്യമങ്ങൾ കണ്ടെത്തി വാർത്ത നൽകി. ഇതര സംസ്ഥാന തൊഴിലാളികൾ മാത്രമാണ് കുഴിയടക്കാൻ എത്തിയതെന്നും ദേശീയ പാത അതോറിറ്റി, കരാർ കമ്പനി ഉദ്യോഗസ്ഥരൊന്നും പണി നടക്കുന്ന സ്ഥലത്തുണ്ടായിരുന്നില്ലെന്നും വാർത്തകളിൽ സൂചിപ്പിച്ചിരുന്നു. ഇക്കാര്യം കൂടി കണക്കിലെടുത്താണ് അടിയന്തര പരിശോധനക്ക് കലക്ടർമാർക്ക് നിർദേശം നൽകിയത്.
നെടുമ്പാശ്ശേരിയിൽ ദേശീയപാതയിലെ കുഴിയിൽ വീണ് കഴിഞ്ഞ ദിവസം സ്കൂട്ടർ യാത്രക്കാരനായ പറവൂർ സ്വദേശി ഹാഷിം മരിച്ചതിനെ തുടർന്നാണ് കോടതിയുടെ ഇടപെടൽ അടിയന്തരമായി ഉണ്ടാവുകയും കുഴികൾ നികത്താനുള്ള നിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തത്. റോഡുകളിലെ കുഴികൾ അടക്കുന്ന കാര്യത്തിൽ ജില്ല കലക്ടർമാർക്ക് കാഴ്ചക്കാരാകാൻ കഴിയില്ലെന്നും നടപടി സ്വീകരിക്കാൻ ബാധ്യസ്ഥരാണെന്നും കഴിഞ്ഞ ദിവസം കോടതി അഭിപ്രായപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

