കൊച്ചി: രാജാക്കന്മാരാണ് തങ്ങളെന്ന തോന്നലിൽനിന്ന് പൊലീസ് മാറേണ്ട സമയം അതിക്രമിച്ചെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. കൊളോണിയൽ കാലത്തെ മനോഭാവമാണ് പലർക്കും. വളരെ ചെറിയൊരു വിഭാഗം മാത്രമാണ് തെറ്റ് ചെയ്യുന്നതെങ്കിലും പഴി കേൾക്കേണ്ടിവരുന്നത് പൊലീസ് സേന ഒന്നാകെയാണ്.
പരമാധികാര റിപ്പബ്ലിക് എന്നു പറയുന്ന നമ്മുടെ രാജ്യത്ത് പൗരന്മാരാണ് രാജാവ്. പൊലീസുകാരും ജുഡീഷ്യൽ ഒാഫിസർമാരുമൊക്കെ അവരുടെ സേവകരാണെന്ന് ഒാർക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള പൊലീസ് ഒാഫിസേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഒാൺലൈൻ പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'നീതിപൂർവം, നിയമാനുസരണം, നമ്മുടെ പൊലീസ്' പ്രഭാഷണപരമ്പര കഴിഞ്ഞ ദിവസമാണ് തുടങ്ങിയത്. പൊലീസിനെതിരെ കോടതികൾ സ്വീകരിക്കുന്ന നടപടികൾ സേനയുടെ മനോവീര്യം തകർക്കുമെന്ന വാദം ശരിയല്ല. തെറ്റുചെയ്യുന്ന പൊലീസുകാരെ മാറ്റിനിർത്തുകയാണ് വേണ്ടത്.
പൊലീസ് ജനങ്ങളുമായി അടുത്തുനിൽക്കുന്നതുകൊണ്ടാണ് പരാതികളും ഏറുന്നതെന്ന് മനസ്സിലാക്കണം. മോശം ഭാഷ ഉപയോഗിക്കുന്നതടക്കമുള്ള പരാതികൾ അടുത്തിടെ വന്നിരുന്നു. ഇത്തരം പരാതികൾ ഒരു പൗരനെന്ന നിലയിലാണ് പരിഗണിക്കുന്നത്. പൊലീസ് ജനങ്ങളോട് മാന്യമായി സംസാരിക്കണമെന്നത് കോടതി ഉത്തരവിലൂടെയല്ല, പൊലീസ് സ്വയം നടപ്പാക്കേണ്ട കാര്യമാണ്.