ചെമ്പ്ര വനം സംരക്ഷണ സമിതിയുടെ പ്രവർത്തനത്തിൽ വനം വകുപ്പിന് വീഴ്‌ച പറ്റിയെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട്: ചെമ്പ്ര വനം സംരക്ഷണ സമിതിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തുന്നതിലും സാമ്പത്തിക വിഷയങ്ങൾ കൃത്യമായി കൈകാര്യം ചെയ്യുന്നതിലും ഓഡിറ്റ് നടത്തുന്നതിലും വനം വകുപ്പിന് വീഴ്‌ച പറ്റിയെന്ന് റിപ്പോർട്ട്. അതിനാൽ ചെമ്പ്ര വനം സംരക്ഷണ സമിതി ടിക്കറ്റ് കലക്ഷൻ തുടങ്ങി നാളിതുവരെയുള്ള കണക്കുകൾ വനം വകുപ്പിന്റെ നേതൃത്വത്തിൽ ഓഡിറ്റ് നടത്താൻ ഭരണ വകുപ്പിനോട് ശിപാർശ ചെയ്തു.
അതിനു ശേഷം സർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പ്രകാരം എല്ലാ മാസവും വരവ് ചെലവ് കണക്കുകൾ സ്ഥലം ഡി.എഫ്.ഒ ക്കു പരിശോധനക്കായി സമർപ്പിക്കണം. അതോടൊപ്പം സമിതിയുടെ എക് സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് യഥാസമയം കൃത്യമായി നടത്തുന്നതിനും സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷണൽ ഓഫീസർക്ക് ഭരണ വകുപ്പ് കർശന നിർദേശം നൽകണമെന്നാണ് ശിപാർശ.
ചെമ്പ്ര വനം സംരക്ഷണ സമിതി സ്ഥിതി ചെയ്യുന്ന പ്രദേശം കടിയേറ്റ മേഖലയാണ്. അവിടെ സമിതി അംഗത്വത്തെ സംബന്ധിച്ച് രാഷ്ട്രീയ ചേരി തിരിഞ്ഞുള്ള സംഘർഷങ്ങൾ നടക്കുന്ന ഒരു മേഖലയാണ്. സമിതി പ്രവർത്തനം ആരംഭിച്ചതുമുതൽ പരിസരവാസികളെയാണ് സംരക്ഷണ ചുമതല ഏൽപ്പിച്ചിട്ടുള്ളത്. സമിതി കണക്കുകൾ കൃത്യമായി കൈകാര്യം ചെയ്തിരുന്നില്ലെന്നും 2022 -ൽ സ്ഥിരം ഭരണസമിതി നിലവിൽ വരുന്നത് വരെയും ഓഡിറ്റ് നടത്തിയിട്ടില്ല എന്നതും വസ്തുതയാണ്.
ടിക്കറ്റുകളുടെ കൗണ്ടർഫോയിലുകളും വൗച്ചറുകളും കൃത്യമായ പരിശോധന നടത്താൻ കഴിയും വിധം സൂക്ഷിച്ചിട്ടില്ല. പലതവണ ആവശ്യപ്പെട്ടതിനാലാണ് ലഭ്യമായ രേഖകൾ പരിശോധനക്ക് ഹാജരാക്കിയത്. അതെല്ലാം തന്നെ കാലപ്പഴക്കത്താൽ കേടുപാടുകൾ സംഭവിച്ചവ ആയിരുന്നു. ഡോ ബുക്ക്, കാഷ് ബുക്ക് തുടങ്ങിയ രജിസ്റ്ററുകൾ കൃത്യമായി എഴുതുകയോ ബന്ധപ്പെട്ടവർ സാക്ഷ്യപ്പെടുത്തുകയോ ചെയ്തിട്ടില്ല.
പരാതിക്കാരൻ ഉന്നയിക്കുന്ന പല ആരോപണങ്ങളും ആ പ്രദേശത്ത് നിലനിന്നിരുന്ന സംഘർഷങ്ങളുടെ ഭാഗമാണ്. എരുമക്കൊല്ലി രണ്ടാം ഡിവിഷനിലെ 22 എന്ന പ്രദേശത്തെ ആളുകളെ വനസംരക്ഷണ സമിതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയർന്നു വന്നിരുന്നതായും ബന്ധപ്പെട്ടവർ ആയത് സംബന്ധിച്ച് അന്വേഷണം നടത്തിയതിൽ ഈ പ്രദേശത്തെ ആളുകൾ വനഭൂമി കൈയേറി താമസിച്ചു വരുന്നവരാണെന്ന് വ്യക്തമായി. പി.എഫ്.എം ഗൈഡ് ലൈൻ പ്രകാരം ഇവരെ വനസംരക്ഷണസമിതി അംഗങ്ങളാക്കാൻ കഴിയില്ല. ഈ പ്രദേശത്തെ ആളുകൾക്ക് മെമ്പർഷിപ്പ് നൽകിയിട്ടില്ല. ഇത് വനസംരക്ഷണ സമിതിക്കായി സ്ഥിരം കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള യോഗങ്ങളിൽ സംഘർഷത്തിന് കാരണമാകുന്നുണ്ടെന്നും ധനകാര്യ റിപ്പോർട്ട് പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.