സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ചട്ടം ലംഘിച്ച് സ്ഥാനക്കയറ്റം നടത്തിയെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട് : തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ചട്ടം ലംഘിച്ച് സ്ഥാനക്കയറ്റം നടത്തിയെന്ന് ധനകാര്യ റിപ്പോർട്ട്. അഡ്മിനിസട്രേറ്റീവ് അസിസ്റ്റൻറ് തസ്തികയിലേക്ക് താല്കാലിക നിയമനം മാത്രം നല്കിയ സർക്കാർ ഉത്തരവ് വളച്ചൊടിച്ചാണ് സ്ഥാനകയറ്റം നടത്തിയതെന്ന് പരിശോധനയിൽ കണ്ടെത്തി. സർക്കാർ അനുമതിയില്ലാതെ ജൂനിയർ സൂപ്രണ്ടായിരുന്ന എ.ടി. സിന്ധുവിന് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് തസ്തികയിൽ ക്രമരഹിതമായി സ്ഥാനക്കയറ്റം നൽകിയെന്ന് അന്വേഷണത്തിൽ വ്യക്തമായി.
അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറിൻറെ ശമ്പളം അനുവദിക്കുകയും ഇവർക്ക് പ്രൊമോഷൻ നല്കിയതായി കണക്കാക്കി താഴെയുള്ള തസ്തികകളിലെ അഞ്ച് പേർക്ക് സ്ഥാനക്കയറ്റവും ശമ്പള വർധനവും നൽകി. സർവീസ് ചട്ടങ്ങൾ ലംഘിച്ചാണ് സ്റ്റേറ്റ് സെൻട്രൽ ലൈബ്രേറിയനായ ശോഭനയുടെ ഈ നടപടി സ്വീകരിച്ചത്. ഇതിലൂടെ സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായി.
എ.ടി. സിന്ധുവിന് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്റ് തസ്തികയിലേക്ക് താല്കാലിക സ്ഥാനക്കയറ്റം നല്കി നാളിതുവരെ അനുവദിച്ച അധിക ശമ്പളവും മറ്റ് അഞ്ച് പേർക്ക് സ്ഥാനക്കയറ്റം നൽകി അവർക്കു അനുവദിച്ച അധിക ശമ്പളവും കണക്കാക്കി അനധികൃത സ്ഥാനക്കയറ്റം ലഭിച്ച ജീവനക്കാരിൽ നിന്നും തന്നെ തിരിച്ചുപിടിക്കണമെന്നാണ് റപ്പോർട്ടിലെ ശിപാർശ. ഈ തുക തിരിച്ചുപിടിക്കാൻ കഴിയാത്തപക്ഷം സ്റ്റേറ്റ് ലൈബ്രേറിയൻ ശോഭനയുടെ വ്യക്തിഗത ബാധ്യതയായി കണക്കാക്കി ശോഭനയിൽനിന്നും ഈടാക്കണം.
എ.ടി. സിന്ധുവിന് നൽകിയ സ്ഥാനക്കയറ്റം മറയാക്കി വിവിധ തസ്തികകളിലെ മറ്റ് അഞ്ച് ജീവനക്കാർക്ക് നൽകിയ സ്ഥാനക്കയറ്റം അടിയന്തിരമായി റദ്ദാക്കി ഉത്തരവ് പുറപ്പെടുവിക്കണം. ക്രമരഹിതമായി പ്രൊമോഷനും ശമ്പള വർധനവും അനുവദിച്ചതിലൂടെ സർക്കാരിന് വൻ തുകയുടെ സാമ്പത്തിക നഷ്ടം വരുത്തിവച്ച സ്റ്റേറ്റ് ലൈബ്രേറിയൻ ശോഭനക്കെതിരെ ഭരണവകുപ്പ് കർശന വകുപ്പുതല അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നാണ് ശിപാർശ.
ക്യാഷ് ബുക്കും മറ്റ് രജിസ്റ്ററുകളും കൃത്യമായി എഴുതി സൂക്ഷിക്കുന്നില്ല. ക്യാഷ് ബുക്കിന്റെ പേജുകളിൽ നമ്പർ രേഖപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തി. 2022 ഡിസംബർ 22 ന് ശേഷം ക്യാഷ് ബുക്ക് ഡി.ഡി.ഒ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിരുന്നില്ല. വകുപ്പ് മേധാവിയായ ലൈബ്രേറിയൻ നാളിതുവരെ ക്യാഷ് ബുക്ക് പരിശോധിച്ചിട്ടില്ല. ക്യാഷ് ചെക്ക് പരിശോധിച്ചതിൽ 7.89,805 രൂപയും 1,805 രൂപയുടെ പഴകിയ നോട്ടുകളും കണ്ടെത്തി.
യഥാവിധി രേഖപ്പെടുത്തലുകൾ വരുത്തി സൂക്ഷിക്കാത്തതിന് സ്റ്റേറ്റ് ലൈബ്രേറിയന് നല്കിയ മറുപടി തൃപ്തികരമല്ല.ക്യാഷ് ബുക്ക് കൈകാര്യം ചെയ്യുന്നതിലെ വീഴ്ച സംബന്ധിച്ച് ബന്ധപ്പെട്ട ക്ലാർക്ക്, ജൂനിയർ സൂപ്രണ്ട്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എന്നിവരുടെ മറുപടിയും അംഗീകരിക്കാനാവില്ല. കേരള ട്രഷറി കോഡ്ചട്ടം പ്രകാരം ക്യാഷ് ബുക്ക് പരിപാലിക്കുന്നതിന് ഭരണ വകുപ്പ് കർശന നിർദേശം നൽകണമെന്ന് റിപ്പോർട്ടിൽ ശിപാർശ ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.