വാജി വാഹനം തന്ത്രിക്ക് കൈമാറിയത് ചട്ടം മറികടന്നെന്ന് റിപ്പോർട്ട്
text_fieldsപത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവർക്ക് വാജിവാഹനം കൈമാറിയത് ചട്ടം ലംഘിച്ചെന്ന് റിപ്പോർട്ട്. 2012ൽ ദേവസ്വം ബോർഡ് കമീഷണർ ഇറക്കിയ ഉത്തരവാണ് ലംഘിക്കപ്പെട്ടതെനനാണ് പുറത്തുവരുന്നത്. പുതിയവ സ്ഥാപിക്കുമ്പോള്‍ പഴയ വസ്തുക്കള്‍ പൊതുസ്വത്തായി സൂക്ഷിക്കണമെന്നാണ് ബോർഡ് തീരുമാനം. ഈ ഉത്തരവ് നിലനിൽക്കെയാണ് പ്രയാർ ഗോപാലകൃഷ്ണന്റെ ബോർഡ് വാജിവാഹനം തന്ത്രിക്ക് നൽകിയത്. ഉത്തരവ് അന്നത്തെ ഭരണസമിതിക്കും കുരുക്കായി മാറും. 2017ലാണ് വാജിവാഹനം തന്ത്രിക്ക് നൽകിയത്.
പൂജയുടെ ഭാഗമായി ഏതെങ്കിലും സാധനങ്ങൾ മാറ്റേണ്ട സാഹചര്യം വരികയാണെങ്കിൽ അത് ദേവസ്വത്തിന്റെ സ്വത്ത് തന്നെയാണെന്നും അത് ആർക്കും കൊണ്ടുപോവാൻ അവകാശമില്ലെന്നുമാണ് ഉത്തരവിൽ പറയുന്നത്. ഈ ഉത്തരവ് പ്രകാരം പ്രയാർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബോർഡ് അന്വേഷണത്തിന്റെ പരിധിയിൽ വരും. 2012ൽ ഇത് ഉത്തരവ് ആയി മാത്രമല്ല, ഇതിന്റെ സർക്കുലർ എല്ലാ ഓഫിസുകളിലേക്കും എത്തിയിട്ടുണ്ട്. ഇത് ശബരിമലയിൽ മാത്രമല്ല, തിരുവിതാംകൂർ ബോർഡുകളിലെ എല്ലാ ക്ഷേത്രങ്ങളേയും ബാധിക്കുന്ന കാര്യമാണ്. ക്ഷേത്രങ്ങളിൽ നിന്നും എന്തെങ്കിലും തരത്തിലുള്ള വസ്തുക്കൾ മാറ്റി വെക്കുമ്പോൾ അത് പുറത്തേക്ക് കൊണ്ടുപോവാനാവില്ലെന്നും പൊതു സ്വത്തായി കാണണമെന്നുമാണ് ഉത്തരവിലുള്ളത്.
എന്നാൽ, ശബരിമലയിലെ വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്ന ദേവസ്വം ഉത്തരവ് തന്ത്രി സമാജം തള്ളി. തന്ത്രി സമുച്ചയത്തിലെ വ്യവസ്ഥകൾ പ്രകാരം വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണ്. തന്ത്രി കണ്ഠര് രാജീവർക്ക് വാജി വാഹനം നൽകിയത് ദേവസ്വം ബോർഡാണ്. മോഷണം പോയെന്ന് ദേവസ്വം ബോർഡിന് പരാതിയില്ല. ഇത് തന്ത്രി സമൂഹത്തെ അപമാനിക്കാനുള്ള ശ്രമമാണെന്ന് യോഗക്ഷേമ സഭ പ്രസിഡന്റ് അഡ്വ.പി എൻ ഡി നമ്പൂതിരി പറഞ്ഞു.
2012ലെ ദേവസ്വം ബോർഡ് ഉത്തരവിനെക്കുറിച്ച് അറിയില്ല. ആചാരപരമായ കാര്യങ്ങളിൽ തീരുമാനം എടുക്കാനോ അങ്ങനെ ഉത്തരവ് ഇറക്കാനോ ദേവസ്വം ബോർഡിന് അധികാരമില്ല. തന്ത്രിമാരെ ശബരിമലയിൽ നിന്ന് മാറ്റാൻ ഗൂഢാലോചന നടക്കുകയാണെന്നും പുതിയ തന്ത്രിമാരെ കൊണ്ടുവരാനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു. തന്ത്രി ഭരണപരമായ കാര്യങ്ങളിൽ ഇടപെടരുതെന്ന് ദേവസ്വം മാന്വലിൽ ഉണ്ട്. പിന്നെ എങ്ങനെയാണ് ഇത്തരം കാര്യങ്ങളിൽ തന്ത്രിക്ക് ഉത്തരവാദിത്തം ഉണ്ടാകുകയെന്ന് തന്ത്രി മണ്ഡലം ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ പോറ്റി ചോദിച്ചു. അനുജ്ഞ രേഖാമൂലം ആവശ്യപ്പെട്ടിട്ടില്ലെന്നും അതുകൊണ്ടാണ് രേഖമൂലം കൊടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

