സതീശന്റെ ഭരണത്തിൽ തേനും പാലും ഒഴുക്കും എന്ന് പറയുന്നില്ല, പുതുമയും മാറ്റങ്ങളും ഉണ്ടാവും; ഇത് പറവൂരിന്റെ ഉറപ്പ് -സലിംകുമാർ
text_fieldsകോഴിക്കോട്: വി.ഡി സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിൽ ആഹ്ലാദം പ്രകടിപ്പിച്ച് നടൻ സലിംകുമാർ. സതീശന്റെ ഭരണത്തിൽ തേനും പാലും ഒഴുക്കും എന്ന് പറയുന്നില്ല, പുതുമയും മാറ്റങ്ങളും ഉണ്ടാവുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. പറവൂരിൽ സതീശൻ അത് തെളിയിച്ചു കഴിഞ്ഞതാണെന്നും സലിംകുമാർ ചൂണ്ടിക്കാട്ടി.
ഒരു പൊളിറ്റിക്കൽ സസ്പെൻസ് ത്രില്ലറിന്റെ ക്ലൈമാക്സ് പോലെ എ.ഐ.സി.സിയുടെ പ്രഖ്യാപനം വന്നപ്പോൾ തനിക്കുണ്ടായ ആഹ്ലാദത്തിന് അതിരുകളില്ലെന്നും അദ്ദേഹം പറഞ്ഞു. ആ ആഹ്ലാദത്തിന്റെ കാരണങ്ങളും സലിംകുമാർ വ്യക്തമാക്കി. താൻ താമസിക്കുന്ന ചിറ്റാറ്റുകര, വടക്കേക്കര പ്രദേശങ്ങൾ ഉൾപ്പെടുന്ന പറവൂർ മണ്ഡലം കമ്യൂണിസ്റ്റ് കോട്ടയായിരുന്നു. ശക്തനായ ഒരു കോൺഗ്രസ് നേതാവിന്റെ അഭാവം ഇവിടത്തെ പ്രവർത്തകരെ വല്ലാതെ ബാധിച്ചിരുന്നു. അവർ ഒരു നേതാവിനുവേണ്ടി ആകാംക്ഷയോടെ ഉറ്റുനോക്കുന്ന സമയത്താണ് 2001ൽ വി.ഡി.സതീശന്റെ പറവൂരിലെ കന്നിജയം. പിന്നീട് അവിടെനിന്നു ചെങ്കോട്ടകൾ ഓരോന്നായി പൊളിഞ്ഞുവീണു. ഇന്ന് പറവൂരിലെ 90ശതമാനം തദ്ദേശ സ്ഥാപനങ്ങളും യു.ഡി.എഫ് ഭരണത്തിലാണ്.
ഒരുപക്ഷേ, പറവൂർ കൊടുത്ത ആ ധൈര്യത്തിലാവാം മിഷൻ 63, നൂറിൽപരം സീറ്റുകൾ, രാഷ്ട്രീയ വനവാസം, ഒരു ഡസൻ മന്ത്രിമാരുടെ തോൽവി എന്നിവ സധൈര്യം പ്രഖ്യാപിക്കാനുള്ള ആത്മവീര്യം സതീശനുണ്ടായത്.
2001 മുതൽ 2026 വരെയുള്ള വർഷങ്ങളിൽ പറവൂരിലെ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തത് താനായിരുന്നുവെന്നും സലിംകുമാർ വ്യക്തമാക്കി. അതൊരു ഭാഗ്യമായി കണക്കാക്കുന്നു. ഈ ഭരണം കേരളത്തിൽ തേനും പാലും ഒഴുക്കും എന്നു താൻ പറയുന്നില്ല. പക്ഷേ, പുതുമയും മാറ്റങ്ങളും തീർച്ചയായും ഉണ്ടാവും. അത് 25 വർഷത്തെ അനുഭവങ്ങളുടെ ഉറപ്പാണ്. പറവൂരിന്റെ ഉറപ്പാണ്- സലിംകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

