'ബി.ജെ.പിയിലും പോപുലർ ഫ്രണ്ട് നുഴഞ്ഞുകയറിയോയെന്ന് സംശയം'; തുറന്നുപറയുന്നതിൽ മടിയില്ലെന്ന് കെ. സുരേന്ദ്രൻ
text_fieldsകോഴിക്കോട്: എല്ലാ പാർട്ടികളിലും പോപുലർ ഫ്രണ്ട് നുഴഞ്ഞുകയറിയിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ബി.ജെ.പിയിലും പോപുലർ ഫ്രണ്ട് നുഴഞ്ഞുകയറിയോയെന്ന് പേടിയുണ്ട്. എനിക്കത് തുറന്നുപറയുന്നതിൽ മടിയില്ല. എല്ലാ പാർട്ടികളിലേക്കും പോപുലർ ഫ്രണ്ട് ആളുകളെ റിക്രൂട്ട് ചെയ്യുകയാണ് -സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് മുതലക്കുളം മൈതാനിയിൽ ബി.ജെ.പി സംഘടിപ്പിച്ച ജനകീയ പ്രതിരോധം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രൻ.
'എല്ലാ പാർട്ടികളിലും പോപുലർ ഫ്രണ്ട് നുഴഞ്ഞുകയറിയിരിക്കുകയാണ്. എം.കെ. മുനീർ പത്ത് വർഷം മുമ്പ് കോഴിക്കോട്ട് പറഞ്ഞു, എല്ലാ മതേതര പാർട്ടികളിലും എൻ.ഡി.എഫ് നുഴഞ്ഞുകയറിയിരിക്കുകയാണ്. അന്ന് എൻ.ഡി.എഫായിരുന്നു. ഇന്ന് നിങ്ങൾ നോക്കൂ, ബി.ജെ.പി ഒഴിച്ച് എല്ലാ പാർട്ടികളിലും നുഴഞ്ഞുകയറി. ഞങ്ങൾക്കും ഇപ്പോൾ പേടിയുണ്ട്. എനിക്ക് തുറന്നുപറയുന്നതിൽ മടിയില്ല. കുറച്ചൊക്കെ പേടി ഞങ്ങൾക്കുമുണ്ട്' -സുരേന്ദ്രൻ പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ടിനെതിരെ ജനകീയ പ്രതിരോധമെന്ന പേരില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നായി നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. കോവിഡ് നിയന്ത്രണം ലംഘിച്ച് നടത്തിയ സമ്മേളനത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 1500 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

