Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭരണഘടനക്കെതിരായ...

ഭരണഘടനക്കെതിരായ വെല്ലുവിളികളെ പ്രതിരോധിക്കേണ്ടത് പൗരധര്‍മം- എസ്.ഡി.പി.ഐ

text_fields
bookmark_border
ഭരണഘടനക്കെതിരായ വെല്ലുവിളികളെ പ്രതിരോധിക്കേണ്ടത് പൗരധര്‍മം- എസ്.ഡി.പി.ഐ
cancel

തിരുവനന്തപുരം/കണ്ണൂര്‍: ഭരണഘടനക്കെതിരായ വെല്ലുവിളികളെ പ്രതിരോധിക്കേണ്ടത് പൗരധര്‍മമാണെന്ന് എസ്.ഡി.പി.ഐ. 'ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവ്' എന്ന മുദ്രാവാക്യമുയര്‍ത്തി റിപബ്ലിക് ദിനത്തില്‍ തലശ്ശേരി അസംബ്ലി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അംബേദ്കര്‍ സ്‌ക്വയര്‍ സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു.

വൈവിധ്യങ്ങളുടെയും വ്യത്യസ്തതകളുടെയും രാജ്യത്ത് ഒന്നാണ് ഇന്ത്യ എന്ന ഐക്യബോധം സൃഷ്ടിക്കുന്നത് മഹത്തായ ഭരണഘടനയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ മുഴുവന്‍ വൈവിധ്യങ്ങളും ഉള്‍ച്ചേര്‍ത്തും കാലോചിതമായും ജനഹിതം നടപ്പാക്കാനുള്ള അടിസ്ഥാന രേഖയെന്ന നിലയിലാണ് ഭരണഘടന വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. സമത്വവും നീതിയും സ്വാതന്ത്ര്യവുമാണ് അതിന്റെ അടിക്കല്ല്.

പാര്‍ലമെന്റിലെ ഭൂരിപക്ഷത്തിന്റെ മറവില്‍ ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടുതന്നെ ഭരണഘടനാ മൂല്യങ്ങളെ കശാപ്പുചെയ്യാനുള്ള നീക്കമാണ് ഇപ്പോള്‍ ആര്‍എസ്എസ് നിയന്ത്രിത ബിജെപി സര്‍ക്കാരിനു കീഴില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഏക സിവില്‍ കോഡ് മുതല്‍ ഒറ്റ തിരഞ്ഞെടുപ്പ് വരെയുള്ള അവരുടെ നിയമനിര്‍മാണങ്ങളെല്ലാം അതിന്റെ ഭാഗമാണ്.

ഭരണഘടനാ മൂല്യങ്ങളെ നിരാകരിക്കുകയും ഭരണഘടനാ സ്ഥാപനത്തിലിരുന്നുകൊണ്ടു തന്നെ ഭരണഘടനാ ശില്‍പ്പിയെ പോലും അവഹേളിക്കുകയും ചെയ്യുന്നു. രാജ്യം പൗരനു നല്‍കുന്ന അംഗീകാരമായ പൗരത്വം പോലും മതാടിസ്ഥാനത്തിലാക്കിയിരിക്കുന്നു. മഹത്തായ ഭരണഘടനയെ അസ്ഥിരപ്പെടുത്തി മനുസ്മൃതിയെ ഭരണഘടനയാക്കി മാറ്റാനും വര്‍ണ വിവേചനവും അസമത്വവും തിരിച്ചുകൊണ്ടുവരാനുമാണ് സംഘപരിവാരം ശ്രമിക്കുന്നത്. ഭരണഘടന ദുര്‍ബലപ്പെട്ടാല്‍ രാജ്യം ശിഥിലമാകും.

ഭരണഘടന നിലനില്‍ക്കേണ്ടത് അധികാരികളുടെ ആവശ്യമല്ല. അവരുടെ സ്വേച്ഛാധികാര പ്രവണതകളെ തടഞ്ഞുനിര്‍ത്തുന്നത് ഭരണഘടനയാണ്. ഭരണഘടന ഉറപ്പു നല്‍കുന്ന സാമൂഹിക നീതിയും രാഷ്ട്രീയ നീതിയും പൗരസമൂഹത്തിന് അനുഭവിക്കാനാവണം. അതുകൊണ്ട് തന്നെ ഭരണഘടനയെ അസ്ഥിരപ്പെടുത്താനും ദുര്‍ബലപ്പെടുത്താനും ശ്രമിക്കുന്ന ദേശവിരുദ്ധ ശക്തികളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള നീക്കങ്ങളെ നാം കരുതിയിരിക്കണം. ഭരണഘടനയുടെ കാവലാളായി നാം സദാ ജാഗ്രതയോടെ ഉണര്‍ന്നിരിക്കണമെന്നും സി.പി.എ ലത്തീഫ് പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ മണ്ഡലം തലങ്ങളിലും പാര്‍ട്ടി അംബേദ്കര്‍ സ്‌ക്വയര്‍ സംഘടിപ്പിച്ചു. ദേശീയ പ്രവര്‍ത്തക സമിതിയംഗം മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, സംസ്ഥാന ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി (പാലക്കാട്), സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് (കാസര്‍കോട്), സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍, സെക്രട്ടറി അന്‍സാരി ഏനാത്ത് (കോഴിക്കോട്), സംസ്ഥാന സെക്രട്ടറി എം എം താഹിര്‍, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ജോര്‍ജ് മുണ്ടക്കയം (ആലപ്പുഴ), സംസ്ഥാന സെക്രട്ടറി പി ജമീല, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ടി നാസര്‍ (വയനാട്), സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം അഷ്‌റഫ് പ്രാവച്ചമ്പലം (തിരുവനന്തപുരം), സംസ്ഥാന സെക്രട്ടറി മഞ്ജുഷ മാവിലാടം, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങളായ വി കെ ഷൗക്കത്തലി, നിമ്മി നൗഷാദ് (എറണാകുളം), സംസ്ഥാന സെക്രട്ടറിയേറ്റംഗം വി ടി ഇക്‌റാമുല്‍ ഹഖ് (മലപ്പുറം), സെക്രട്ടറിയേറ്റംഗം അജ്മല്‍ ഇസ്മാഈല്‍ (തൃശൂര്‍), സെക്രട്ടറിയേറ്റംഗം അഡ്വ. എ കെ സലാഹുദ്ദീന്‍ (കൊല്ലം) എന്നിവിടങ്ങളില്‍ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SDPIConstitutionRepublic Day 2025
News Summary - It is civic duty to defend the challenges against the Constitution- SDPI
Next Story