അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം
text_fieldsകോഴിക്കോട്: അട്ടപ്പാടിയിൽ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് പൊലീസ് സംരക്ഷണം നൽകുന്നുവെന്ന് ആദിവാസികൾ. രാജേഷ് എന്നയാൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ആദിവാസി സ്ത്രീ പൊലീസിൽ നൽകിയ പരാതി. എന്നാൽ, പ്രതിയായ രാജേഷിന് മർദനമേറ്റെന്നും പരാതിക്കാരിയുടെ ഭർത്താവായ പളനിക്കെതിരെ കേസെടുത്തുവെന്നുമാണ് അഗളി പൊലീസ് സി.ഐ പറയുന്നത്.
രാജേഷും ഭാര്യയും രണ്ടു കുട്ടികളും രാത്രിവരുന്ന സമയത്ത് സ്ത്രീയുടെ ഭർത്താവ് തല്ലിയെന്നും രാജേഷ് ഒരാഴ്ചയായി ഐ.സി.യുവിൽ കിടക്കുകയാണെന്നും സി.ഐ മാധ്യമം ഓൺലൈനോട് പറഞ്ഞു. പൈസ ചോദിച്ചത് കൊടുക്കാത്ത വിരോധത്തിലാണ് മർദിച്ചത്. രാജേഷിന്റെ ഭാര്യയുടെ വയറ്റിലും കുത്തി. ഭാര്യയും മറിഞ്ഞ് വീണു. ആദിവാസിയായ ഈ മനുഷ്യൻ സ്ഥിരമായി ആളുകളെ തല്ലുന്നയാളാണ്. സംഭവത്തിന്റെ ബാക്കി കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും, അതേസമയം ആദിവാസി സ്ത്രീ പരാതി നൽകിയതായി അറിയില്ലെന്നും സി.ഐ പറഞ്ഞു.
ആദിവാസികളിൽ അഞ്ച് ശതമാനം കുഴപ്പക്കാരാണ്. പൊലീസ് ലെവലിൽ ഒരു പരിധിവരെയെ ആദിവാസികളെക്കുറിച്ച് ചിന്തിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. രാജേഷ് നൽകിയ പരാതിയിൽ ആദിവാസിയായ പളനിയുടെ പേരിൽ കേസ് എടുത്തിട്ടുണ്ടെന്ന് അഗളി പൊലീസ് സ്റ്റേഷനിൽ നിന്ന് അറിയിച്ചു. എന്നാൽ, ആദിവാസി സ്ത്രീ നൽകിയ പരാതിയിൽ കേസ് എടുത്തിട്ടില്ല.

അതേസമയം, ആദിവാസികൾ പറയുന്നത് പ്രകാരം ഈമാസം 21നു രാത്രി 9.15നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. താവളത്തിന് അടുത്തുള്ള ആദിവാസി ഊരിലെ പരാതിക്കാരിയുടെ സമീപവാസിയായ രാജേഷ് മദ്യപിച്ചെത്തി വീട്ടിലുണ്ടായിരുന്ന സ്ത്രീയെ കയറി പിടിക്കുകയായിരുന്നു. സ്ത്രീയുടെ ഭർത്താവ് അപ്പോൾ പുറത്തുപോയിരുന്നു. ഭർത്താവ് ഇല്ലെന്നറിഞ്ഞാണ് ഇയാൾ സ്ത്രീയെ കേറി പിടിച്ചത്. സ്ത്രീ ഉറക്കെ നിലവിളിച്ചു. മൽപിടിത്തത്തിനിടയിൽ രണ്ടുപേരും നിലത്ത് വീണു.
രാജേഷ് എഴുന്നേറ്റു വന്ന് വീണ്ടും സ്ത്രീയുടെ കൈയിൽ പിടിച്ചു വലിച്ചു. നിലവിളി കേട്ടുവന്നവർ രാജേഷിനെ പിടിച്ചുമാറ്റുകയായിരുന്നു.
ഭർത്താവ് രാത്രി 9.30ഓടെ വീട്ടിൽ തിരിച്ചെത്തിയപ്പോളാണ് നടന്ന കാര്യം അറിഞ്ഞത്. സ്ത്രീയെ രാത്രി ആശുപത്രിയിലെത്തിക്കാൻ വാഹനം ലഭിക്കാത്തതിനാൽ രാവിലെയാണ് അഗളി ആശുപത്രിയിൽ എത്തിയത്. ഡോക്ടർ പരിശോധിച്ച് മരുന്നും നൽകി. പരിക്ക് ഇല്ലാത്തതിനാൽ അഡ്മിറ്റ് ആക്കിയില്ല. അന്നുതന്നെ പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. പരാതി സ്വീകരിച്ച് പൊലീസ് സ്റ്റേഷനിൽനിന്ന് നൽകിയ രസീതും അവരുടെ കൈയിലുണ്ട്.

ആദിവാസി സ്ത്രീ നൽകിയ പരാതിയിൽ 25ാം തീയതിവരെ പൊലീസ് അന്വേഷണം നടത്തിയിട്ടില്ല. 26ന് പൊലീസ് ഊരിലെത്തി. പരാതി നൽകിയ സ്ത്രീയോട് രാജേഷിന്റെ കൈ ഒടിഞ്ഞുവെന്നും എല്ല് പൊട്ടിയത് അവരുടെ ഭർത്താവിന്റെ തല്ലേറ്റിട്ടാണെന്നും അറിയിച്ചു. അതിനാൽ രാവിലെ പൊലീസ് സ്റ്റേഷനിൽ ഭർത്താവിനെ വിളിച്ചു വരണമെന്നാണ് അറിയിച്ചത്.
രാത്രി സമയം ഊരിൽ ഒഴിഞ്ഞുമാറി താമസിക്കുന്ന വീട്ടിലെ ആദിവാസി സ്ത്രീക്ക് നേരെ കടന്നാക്രമണം നടത്തിയ പ്രതിക്ക് സംരക്ഷണം നൽകാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ആദിവാസികൾ ആരോപിക്കുന്നു. തെറ്റ് ചെയ്യാത്ത സ്ത്രീയുടെ ഭർത്താവിന്റെ പേരിൽ കേസ് എടുക്കുന്നതിൽ എന്ത് ന്യായമുണ്ടെന്നാണ് അവർ ചോദിക്കുന്നത്. പളനി പശുവിനെ മേച്ച് ജീവിക്കുന്ന ആദിവാസിയാണ്. പളനിക്കെതിരെ പൊലീസ് പറയുന്നത് കള്ളക്കഥയാണെന്നും ആദിവാസികൾ മാധ്യമം ഓൺലൈനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

