ബിനീഷ് കോടിയേരി കൊക്കെയിൻ ഉപയോഗിച്ചിരുന്നതായി മൊഴി
text_fieldsതിരുവനന്തപുരം: അനധികൃത സാമ്പത്തിക ഇടപാട് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരി നിരോധിത മയക്കുമരുന്നായ കൊക്കെയിൻ ഉപയോഗിച്ചിരുന്നതായി മൊഴി. ബംഗളൂരു എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം ബംഗളൂരു സെഷന്‍സ് കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം പറയുന്നത്. കേസിൽ നേരത്തേ അറസ്റ്റിലായ അനൂപ് മുഹമ്മദിന്‍റെ സുഹൃത്തുക്കൾ സുഹാസ് കൃഷ്ണ ബോബ് ഡാ, സൊണാറ്റ ലോബോ എന്നിവരാണ് ബിനീഷിനെതിരെ മൊഴി നൽകിയതെന്ന് സൂചന.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ വീടടക്കം ആറ് സ്ഥലങ്ങളിൽ റെയ്ഡ് നടക്കുകയാണ്. ബിനീഷിന്റെ മരുതംകുഴിയിലെ വീട്, ബിനീഷിന്‍റെ സുഹൃത്ത് അബ്ദുൽ ലത്തീഫിന്‍റെ കവടിയാറുള്ള വീട്, അബ്ദുൽ ലത്തീഫിന്റെ കേശവദാസപുരത്തുള്ള കാർ പാലസ്, സ്റ്റാച്ച്യു ചിറക്കുളം റോഡിലെ ടോറസ് റമഡീസ് എന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനം, ബിനീഷിന്‍റെ സുഹൃത്ത് അൽജാസം അബ്ദുൽ ലത്തീഫിന്റെ അരുവിക്കരയിലെ വീട്, ബിനീഷിന്‍റെ സുഹൃത്ത് അരുൺ വർഗീസിന്റെ പട്ടം കെ.കെ ഗ്രാനൈറ്റ്‌സ് എന്ന സ്ഥാപനം എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
ബിനീഷ് കോടിയേരിക്കെതിരായ കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിന്‍റെ ഭാഗമായാണ് എന്‍ഫോഴ്സ്മെന്‍റ് സംഘത്തിലെ ഉദ്യോഗസ്ഥരും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും തിരുവനന്തപുരത്ത് തുടരുന്നത്.

