'മതംനോക്കാതെ വിവാഹം ചെയ്തുകൊടുക്കുമായിരുന്നു, പക്ഷേ, അയാൾ ശരിയല്ല, അത്തരമൊരാളുടെ കൂടെ അരക്കുതാഴെ ശേഷിയില്ലാത്ത മകളെ എങ്ങനെ അയക്കും?'; പി.വി. ഭാസ്കരൻ
text_fieldsസംഗീത, പിതാവ് പി.വി.ഭാസ്കരൻ
കാസർകോട്: വീട്ടിൽ തടഞ്ഞുവെച്ചെന്നും ഇതരമതസ്ഥനുമായുള്ള ബന്ധമാണ് കാരണമെന്നും മകൾ വിഡിയോ വഴി പറഞ്ഞതിൽ ന്യായമില്ലെന്ന് ഉദുമയിൽ മകളുടെ ആരോപണത്തിന് വിധേയനായ സി.പി.എം നേതാവ് പി.വി. ഭാസ്കരൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
‘‘അരക്കുതാഴെ തകർന്നുകിടക്കുന്ന മകളുടെ ജീവിതമാണ് പ്രധാനം. അതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മകളുടെ ചികിത്സക്കെത്തിയ റാഷിദ് എന്ന വൈദ്യന്റെ സമീപനം ശരിയല്ല. സ്വന്തം ഭാര്യ തന്നെ ഇയാൾക്കെതിരെ പീഡനത്തിന് പരാതി നൽകിയിട്ടുണ്ട്. മയക്കുമരുന്ന് വ്യാപാരവുമായി ബന്ധമുണ്ടെന്ന സംശയവുമുണ്ട്. മകളുടെ മകനെ ഉപദ്രവിച്ചതിന് കുട്ടി കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്.
റാഷിദിനെ കുറിച്ച് അന്വേഷിക്കാൻ അയാളുടെ നാടായ കോട്ടപ്പുറത്ത് പോയത് ജമാഅത്ത് ഭാരവാഹികളോടൊപ്പമാണ്. അയാളെ കുറിച്ച് പൊതുവിൽ നല്ല അഭിപ്രായമില്ല. അത്തരമൊരാളുടെ കൂടെ അരക്കുതാഴെ ശേഷിയില്ലാത്ത മകളെ എങ്ങനെ അയക്കും? അല്ലാത്ത പക്ഷം അവളെ മതംനോക്കാതെ വിവാഹം ചെയ്തുകൊടുക്കുമായിരുന്നു. മകൾക്ക് വാഹനാപകടത്തിലാണ് അരക്കുതാഴെ തളർച്ചവന്നത്.
ഒന്നരക്കോടിയോളം രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കാനുള്ളത്. ഇതുലക്ഷ്യമിട്ടാണ് റാഷിദ് സുഹൃത്ത് മുഖേന ഹേബിയസ് കോർപസ് ഹരജി നൽകിയത്. വസ്തുത ഇതായിരിക്കെ, തെറ്റിദ്ധാരണ പരത്തുന്ന വാർത്തയാണ് ചില മാധ്യമങ്ങൾ നൽകിയത്’’ -ഭാസ്കരൻ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഭാസ്കരന്റെ ഭാര്യ രോഹിണിയും മകൻ സുബിത്തും പങ്കെടുത്തു.
കഴിഞ്ഞ ദിവസം സംഗീത പുറത്തുവിട്ട വിഡിയോയിൽ പറയുന്നത്. "ഏകദേശം അഞ്ചുമാസത്തോളമായി ഞാൻ വീട്ടുതടങ്കലിലാണ്. അരയ്ക്ക് താഴെ തളർന്ന എന്റെ ട്രീറ്റ്മെന്റെല്ലാം നിർത്തിവെച്ചിരിക്കുകയാണ്. മുസ്ലിം ആയ വ്യക്തിക്ക് ജീവിതത്തിൽ അഭിപ്രായ സ്വാതന്ത്ര്യം കൊടുത്തതിന്റെ പേരിലും അദ്ദേഹത്തെ ട്രസ്റ്റ് ചെയ്തതിന്റെ പേരിലും എന്റെ കുടുംബം മാനസികമായും ശാരീരികമായും കടുത്ത പീഡനമാണ് നേരിടേണ്ടിവരുന്നത്. ഒരു മകളോട് പറയാനോ ചെയ്യാനോ പാടില്ലാത്തത്രയുമുള്ള കാര്യങ്ങളാണ് എന്റെ അച്ഛൻ ചെയ്യുന്നത്. അദ്ദേഹത്തെ പറഞ്ഞാൽ എല്ലാവർക്കും അറിയും. ഉദുമയിലെ ഒരു കമ്യൂണിസ്റ്റ് നേതാവാണ്. പി.വി ഭാസ്കരൻ.
കമ്യൂണിസം എന്നുള്ളത് പുറത്ത് കാണിക്കാൻ മാത്രമുള്ളതാണെന്ന് ഈയിടെയാണ് എനിക്ക് മനസിലായത്. അച്ഛൻ മുഖത്ത് നോക്കി പറഞ്ഞു, കമ്യൂണിസമൊക്കെ വീട്ടിന് പുറത്ത് വീടിന് അകത്ത് അതൊന്നും നടക്കില്ല. അക്കാര്യം പറഞ്ഞ് ഇവിടെ നിൽക്കാമെന്ന് കരുതണ്ട. പറയുന്നത് അനുസരിച്ചില്ലേൽ കൊല്ലാനും അതിൽ നിന്ന് ഊരിപോരാനും തനിക്കറിയാമെന്ന് അച്ഛൻ മുഖത്ത് നോക്കി പറഞ്ഞു. ഇനി നീ നടക്കാനും പോകുന്നില്ല. അരയ്ക്ക് താഴെ തളർന്ന നീ ഇതുപോലെ ഇവിടെ കിടന്ന് പുഴുത്തോ.'- സംഗീത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

