കെ.കെ. രമ ഒരു പ്രതീകമാണ്; അവരെ പിന്തുണക്കേണ്ടത് ജനാധിപത്യപരമായ ബാധ്യത -ചെന്നിത്തല
text_fieldsകോഴിക്കോട്: വടകര നിയമസഭ മണ്ഡലത്തിൽ മത്സരിക്കുന്ന ആർ.എം.പി(ഐ) നേതാവ് കെ.കെ. രമയെ പിന്തുണക്കേണ്ടത് കോൺഗ്രസിന്‍റെയും യു.ഡി.എഫിന്‍റെയും ജനാധിപത്യപരമായ ബാധ്യതയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.കെ. രമ ഒരു പ്രതീകമാണ്. വിയോജിപ്പുകളെ കൊലക്കത്തി കൊണ്ട് നേരിടുന്ന സി.പി.എമ്മിന്‍റെ അക്രമ രാഷ്ട്രീയത്തിന്‍റെ ഇരയാണ് അവരെന്നും ചെന്നിത്തല പറഞ്ഞു.
നേതൃത്വത്തിന്‍റെ നിലപാടുകളിലും സ്വന്തം പാർട്ടിയുടെ അപചയത്തിലും പ്രതിഷേധിച്ചാണ് ടി.പി. ചന്ദ്രശേഖരൻ ആർ.എം.പി രൂപീകരിച്ചു പ്രവർത്തനം തുടങ്ങിയത്. ഭരണഘടന നൽകിയ ജനാധിപത്യ അവകാശം വിനിയോഗിക്കാൻ ശ്രമിച്ച അദ്ദേഹത്തെ ക്രൂരമായി ഇല്ലാതാക്കുകയാണ് സി.പി.എം എന്ന കൊലയാളി പാർട്ടി ചെയ്തത്. സി.പി.എമ്മിന്‍റെ കൊലപാതക രാഷ്ട്രീയത്തെ നേരിടാൻ ടി.പിയുടെ ഭാര്യ മുന്നോട്ട് വരുമ്പോൾ അവരെ പിന്തുണക്കേണ്ടത് കോൺഗ്രസിന്‍റെയും യു.ഡി.എഫിന്‍റെയും ജനാധിപത്യപരമായ ബാധ്യതയാണ്.
വടകരയിൽ ഇടതു മുന്നണിയെ നേരിടുന്ന കെ.കെ. രമക്ക് യു.ഡി.എഫിന്‍റെയും തന്‍റെയും പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
വടകരയിൽ കെ.കെ. രമക്ക് പിന്തുണ നൽകാനാണ് യു.ഡി.എഫ് തീരുമാനം. 2016ൽ വടകരയിൽ ഒറ്റക്ക് മത്സരിച്ച കെ.കെ. രമ 20,504 വോട്ട് നേടിയിരുന്നു. പതിനായിരത്തിൽ താഴെ വോട്ടിനാണ് അന്ന് എൽ.ഡി.എഫ് സ്ഥാനാർഥിയായ ജെ.ഡി.എസ് നേതാവ് സി.കെ. നാണു വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

