ബാലഭവൻ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് ഏഴ് മാസം
text_fieldsതൃശൂർ: ബാലഭവൻ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് ഏഴ് മാസം. സാംസ്കാരിക-ധനവകുപ്പ് മന്ത്രിമാരെ നേരിട്ട് കണ്ടിട്ടും പരിഹാരമാവാത്ത സാഹചര്യത്തിൽ അനിശ്ചിതകാല സമരത്തിനൊരുങ്ങുകയാണ് ജീവനക്കാർ. സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന, ഏറ്റവും കൂടുതൽ കുട്ടികൾ (400) പഠനം നടത്തുന്ന തൃശൂർ ബാലഭവനോട് കൊടുംക്രൂരതയാണ് സർക്കാരിൽ നിന്നും നേരിടുന്നതെന്ന് ജീവനക്കാർ ആരോപിക്കുന്നു.
നേരത്തെ സാംസ്കാരിക-ധനവകുപ്പ് മന്ത്രിമാരെ നേരിട്ട് കണ്ട് നിവേദനം നൽകിയിരുന്നു. ഉടൻ പരിഹരിക്കാമെന്ന് അറിയിച്ചു. പിന്നീട് ഓണക്കാലത്തും സമീപിച്ചു. ഓണത്തിന് കുടിശികയടക്കം തീർക്കുമെന്ന് വാഗ്ദാനം നൽകിയെങ്കിലും പറ്റിച്ചു. ഒടുവിൽ നവകേരള സദസിൽ മുഖ്യമന്ത്രി, റവന്യൂ വകുപ്പ് മന്ത്രി, സാംസ്കാരിക വകുപ്പ് മന്ത്രി, എന്നിവർക്കെല്ലാം നിവേദനം സമർപ്പിച്ചു.
എന്നിട്ടും ഒരു നടപടിയും ഇതുവരെയും ഉണ്ടായിട്ടില്ല. ഓണത്തിന് സർക്കാർ പറഞ്ഞു പറ്റിച്ചത് പോലെ ക്രിസ്മസിനും പറഞ്ഞു പറ്റിച്ചതിന്റെ മനോവിഷമത്തിലാണ് ജീവനക്കാർ. മുമ്പേ ശമ്പള വിഷയവുമായി ബന്ധപ്പെട്ട് അനിശ്ചിതകാല സമരം ജനുവരി മൂന്നിന് ആരംഭിക്കുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതലയുള്ള സാംസ്കാരിക വകുപ്പ് ഡയറക്ടർക്കും, ബാലഭവൻ ചെയർമാനായ ജില്ല കലക്ടർക്കും നോട്ടിസ് നൽകി ആഴ്ചകൾ പിന്നിട്ടിട്ടും ജീവനക്കാരെ ഒരു ചർച്ചക്ക് പോലും ഇരുവരും ക്ഷണിച്ചിട്ടില്ല.
ഏഴ് മാസമായി ശമ്പളം മുടങ്ങിയീട്ടും സംസ്ഥാനത്തെയോ, തൃശൂരിലെയോ ഒരു ജനപ്രതിനിധി പോലും ജീവനക്കാരുടെ വിഷയത്തിൽ ഇടപെട്ടില്ലെന്നതാണ് ഏറെ വേദനിപ്പിക്കുന്നതെന്ന് ജീവനക്കാർ പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറിയെ നേരിൽ കണ്ട ബുദ്ധിമുട്ട് ബോധ്യപ്പെടുത്തി. തൃശൂരിലെ മന്ത്രി കെ. രാജനെയും പി. ബാലചന്ദ്രൻ എം.എൽ.എയെയും നിരവധി തവണ നേരിൽ കണ്ട് ഇടപെടാൻ ആവശ്യപ്പെട്ടിട്ടും പരിഹാരമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് അനിശ്ചിതകാല സമരത്തിന് തീരുമാനിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

