ഫാക്ട് ജിപ്സം പ്ലാൻറില്‍ ഉല്പാദനം നിര്‍ത്തിയിട്ട് എട്ടുമാസം
text_fieldsപൂട്ടിക്കിടക്കുന്ന ഫാക്ട് എഫ്.ആര്.ബി.എല്‍ കമ്പനി
പള്ളിക്കര: നൂതന കെട്ടിട നിര്‍മാണ സാമഗ്രിയായ ജി.എഫ്.ആര്.ജി പാനലുകള്‍ക്ക് (ജിപ്സം പാനല്‍) വിപണിയില്‍ വന്‍ സീകാര്യത ലഭിക്കുേമ്പാൾ ഇത് ഉല്പാദിപ്പിക്കുന്ന ഇന്ത്യയിലെ ഏക പൊതുമേഖല സ്ഥാപനമായ ഫാക്ടിെൻറ അമ്പലമേട്ടിലെ എഫ്.ആര്.ബി.എല്‍ പ്ലാൻറ് അടച്ച് ഉല്പാദനം നിര്‍ത്തി. പരമ്പരാഗത നിര്‍മാണ രീതിയെ അപേക്ഷിച്ച് ചെലവ് കുറവാണെന്നതും വേഗം പൂർത്തിയാക്കാൻ കഴിയുമെന്നതുമാണ് ജിപ്സം പാനലുകളുടെ സവിശേഷത.
പൊതുമേഖല സ്ഥാപനങ്ങളായ ഫാക്ടിെൻറയും മുംബൈയിലെ ആര്.സി.എഫിെൻറയും സംയുക്ത സംരംഭമാണ് എഫ്.ആര്.ബി.എല്‍. ഫാക്ടിെൻറ അമ്പലമേട്ടിലെ കൊച്ചിന് ഡിവിഷനിലാണ് കമ്പനി. ഫാക്ടില്‍നിന്ന് വളം നിര്‍മാണത്തിനുശേഷം പുറന്തള്ളുന്ന ജിപ്സം ഉപയോഗിച്ചാണ് പാനല്‍ ഉണ്ടാക്കുന്നത്. കമ്പനിക്ക് ദീര്‍ഘ കാലത്തേക്ക് പ്രവര്‍ത്തിക്കാൻ ആവശ്യമായ ജിപ്സം ഫാക്ട് ലഭ്യമാക്കിയിട്ടുണ്ട്.
മൂന്ന് ബാങ്കില്‍നിന്ന് വായ്പയെടുത്ത് 2008ലാണ് കമ്പനി തുടങ്ങാന്‍ ശ്രമം തുടങ്ങിയതെങ്കിലും 2012ല്‍ മാത്രമേ ഉല്പാദനം ആരംഭിക്കാന്‍ കഴിഞ്ഞുള്ളൂ. എസ്.ബി.ഐ, ദേന ബാങ്ക്, മുംബൈ ന്യൂ ഇന്ത്യ കോഓപറേറ്റിവ് ബാങ്ക് എന്നിവയില്‍നിന്നാണ് വായ്പ എടുത്തത്. ഉല്പാദനം തുടങ്ങാന്‍ വൈകിയതിനാൽ വൻ ബാധ്യത ഉണ്ടായതായി തൊഴിലാളികള്‍ പറയുന്നു.
കോഒാപറേറ്റിവ് ബാങ്കിലേത് ഒഴികെ പ്രധാന വായ്പകള്‍ അടച്ചുതീര്‍ത്തു. പലിശ അടക്കം 40 കോടിയോളം രൂപയുടെ ബാധ്യതയാണുള്ളത്. കോഒാപറേറ്റിവ് ബാങ്ക് ജപ്തി വിധി നേടിയതിനെ തുടര്‍ന്നാണ് ഉല്പാദനം എട്ടുമാസം മുമ്പ് നിര്‍ത്താന്‍ തീരുമാനിച്ചത്. ഇതോടെ 120ഓളം പേര്‍ക്ക് തൊഴിൽ നഷ്ടമായി. ഇവര്‍ മാസങ്ങളായി സമരത്തിലാണ്.
ബാധ്യത തീര്‍ക്കാന്‍ ഫാക്ടും ആര്.സി.എഫും തയാറാകാത്തതിനു പിന്നില്‍ സ്വകാര്യ വ്യക്തികള്‍ക്ക് സഹായകമാകുന്ന താല്പര്യങ്ങളുണ്ടെന്ന് ആരോപണമുണ്ട്. വന്‍ സ്വീകാര്യത ലഭിച്ച ജിപ്സം പാനലിെൻറ ഉൽപാദനം നിര്‍ത്തിയതിലൂടെ പ്രീഫാബ്രിക്കേറ്റഡ് കെട്ടിട നിര്‍മാണ സാമഗ്രികളുടെ വില ക്രമാതീതമായി വര്‍ധിച്ചു. പല സ്വകാര്യ സംരംഭകരും എഫ്.ആര്.ബി.എല്‍ കൈവശപ്പെടുത്താന്‍ ശ്രമം നടത്തുന്നതായും ആരോപണമുണ്ട്.
ജിപ്സം പാനല്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ കരാര്‍ ഏറ്റെടുത്ത കെട്ടിട നിര്‍മാതാക്കളും പ്രതിസന്ധിയിലായി. ഇവര്‍ കൂടിയ വിലയ്ക്ക് വിദേശത്തുനിന്ന് വാങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

