ഐ.ടി കമ്പനി കെട്ടിടത്തിലെ തീപിടിത്തം: കോടികളുടെ നഷ്ടം, പരിശോധന തുടരും
text_fieldsകാക്കനാട്: കിൻഫ്ര പാർക്കിലെ ഐ.ടി കമ്പനി കെട്ടിടം കത്തിനശിച്ചതിലൂടെ ഉണ്ടായത് കോടികളുടെ നഷ്ടം. സംഭവത്തിൽ ഇൻഫോപാർക്ക് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. ഇവിടെ പ്രവര്‍ത്തിക്കുന്ന ഒരു ഐ.ടി കമ്പനി ഉടമയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
ഈ കമ്പനിക്ക് മാത്രം 50 ലക്ഷം രൂപയുടെ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ശേഷിക്കുന്ന കമ്പനികളുടെയും സ്ഥാപനങ്ങളുടെയും നഷ്ടം, കെട്ടിടത്തിനുണ്ടായ നാശം എന്നിവ വിലയിരുത്തുമ്പോൾ കോടികൾ വരുമെന്നാണ് കണക്കുകൂട്ടൽ. കെട്ടിടത്തിന്റെ നഷ്ടം നിര്‍ണയിക്കാന്‍ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ വരുംദിവസങ്ങളിലും പരിശോധന തുടരും.
പ്രാഥമിക അന്വേഷണത്തില്‍ അട്ടിമറി സംശയിക്കുന്നില്ല. ഷോര്‍ട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ.ശനിയാഴ്ച വൈകീട്ട് ആറോടെയാണ് ഇന്‍ഫോപാര്‍ക്ക് എക്സ്പ്രസ് ഹൈവേയില്‍ ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷന് എതിര്‍വശത്തെ ജിയോ ഇന്‍ഫോപാര്‍ക്കിന്റെ നാലുനില കെട്ടിടത്തിലാണ് തീപിടിച്ചത്.
കെട്ടിട സമുച്ചയത്തില്‍ 20ഓളം ഐ.ടി കമ്പനികളും ചില കമ്പനി ഓഫിസുകളുമാണ് പ്രവര്‍ത്തിച്ചിരുന്നത്. രണ്ടാം ശനിയാഴ്ച ഓഫിസിന് അവധിയായതിനാല്‍ വിരലിലെണ്ണാവുന്ന ജീവനക്കാര്‍ മാത്രമേ അകത്ത് ഉണ്ടായിരുന്നുള്ളൂ. സംഭവ സമയത്ത് എല്ലാവരും പുറത്തേക്ക് ഓടിയതിനാല്‍ കെട്ടിടത്തിനുള്ളില്‍ അധികനേരം കുടുങ്ങാതെ രക്ഷപ്പെട്ടു.രണ്ട് ഭാഗങ്ങളിലെ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഐ.ടി കമ്പനിയിലെ കമ്പ്യൂട്ടറുകള്‍ അടക്കം പൂര്‍ണമായും കത്തിനശിച്ചു. കെട്ടിടത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന ചില്ലുകളും മറ്റു അലുമിനിയം ഷീറ്റുകളുകളും കത്തിനശിച്ചു.
താഴത്തെ നിലയില്‍നിന്ന് ഉയര്‍ന്ന തീയും പുകയും മുകള്‍ നിലയിലേക്ക് ഫൈബര്‍ കേബിളുകള്‍ പോകുന്ന ഡെക്ട് വഴി പടരുകയായിരുന്നുവെന്ന് ഫയര്‍ഫോഴ്സ് പറഞ്ഞു. അതേസമയം, കെട്ടിടത്തില്‍ രണ്ടാഴ്ച മുമ്പ് ചെറിയ തീപിടിത്തം ഉണ്ടായിരുന്നു. അന്ന് ചില കമ്പനികളുടെ എ.സിയും കമ്പ്യൂട്ടറുകളും കത്തിനശിച്ചു.
കെട്ടിടത്തിലെ അഗ്നിരക്ഷ സംവിധാനങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ജീവനക്കാർ പറഞ്ഞതായി കെട്ടിടത്തിൽ പരിശോധനക്കെത്തിയ അഗ്നിരക്ഷാസേന ചൂണ്ടിക്കാട്ടി.വ്യവസായ ആവശ്യത്തിനായി നിർമിച്ച കെട്ടിടം വർഷങ്ങൾക്ക് മുമ്പ് ഐ.ടി പാര്‍ക്കായി മാറ്റുകയായിരുന്നുവെന്നാണ് സൂചന. കോണ്‍ക്രീറ്റ് കെട്ടിടത്തിന് പകരം ചില്ലുകൊണ്ടും മറ്റുമാണ് കെട്ടിടം നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

