പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽ തട്ടി 12കാരിക്ക് ഷോക്കേറ്റു
text_fieldsഇടയാഴം നീണ്ടുശേരി ക്ഷേത്രത്തിന് സമീപത്തെ വെള്ളം നിറഞ്ഞ നാട്ടുവഴി. അരുന്ധതിക്ക് ഷോക്കേൽക്കാൻ
ഇടയാക്കിയ പൊട്ടിയ വൈദ്യുതിക്കമ്പി സമീപത്ത് കാണാം
വെച്ചൂർ: പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽനിന്ന് 12കാരിക്ക് ഷോക്കേറ്റു. വൈക്കം ഇടയാഴം കോണിത്തറ രാജേഷിന്റെ മകളും പള്ളിയാട് എസ്.എൻ എൽ.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയുമായ അരുന്ധതിക്കാണ് ഷോക്കേറ്റത്. അരുന്ധതി കോട്ടയം ഐ.സി.എച്ചിൽ തീവ്രപരിചരണത്തിലാണ്. വീടിന് സമീപമായിരുന്നു സംഭവം.
ഇടയാഴം നീണ്ടുശേരി ക്ഷേത്രത്തിന് സമീപം വെള്ളം നിറഞ്ഞ നാട്ടുവഴിയിലൂടെ പത്രമെടുക്കാൻ അരുന്ധതി വരുന്നതിനിടയിൽ കാൽവഴുതി വീണു. തോടിനോടു ചേർന്നുള്ള ഇരുമ്പുവേലിയിൽ പിടിക്കാൻ ശ്രമിച്ചപ്പോൾ പിടിത്തം കിട്ടിയത് പൊട്ടിയ വൈദ്യുത കമ്പിയിലായതിനെ തുടർന്ന് ഷോക്കേറ്റ് കുട്ടി വെള്ളത്തിലേക്ക് തെറിച്ചുവീണു.
ഈ സമയം മുച്ചൂക്കാവ് സ്വദേശി ബിജു തെങ്ങ് ചെത്താൻ ഇതുവഴി വന്നതാണ് രക്ഷയായത്. ബിജു അലറി നിലവിളിച്ചതോടെ സമീപവാസി ബിജുവും കുട്ടിയുടെ പിതാവ് രാജേഷും ഓടിയെത്തി ഓലമടൽ കൊണ്ടടിച്ച് കൈയിൽനിന്ന് വൈദ്യുതിക്കമ്പി വേർപെടുത്തി. കൈയിൽ ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷക്ക് ശേഷം വിദഗ്ധ ചികിത്സക്കായി കോട്ടയം ഐ.സി.എച്ചിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

