നാഥനില്ലാതെ മാനന്തവാടി ഡിപ്പോ
text_fieldsമാനന്തവാടി: -കലക്ഷെൻറ കാര്യത്തിൽ മുന്നിലാണെങ്കിലും ശനിദശ മാറാതെ കെ.എസ്.ആർ.ടി.സി. മാനന്തവാടി ഡിപ്പോ. പ്രധാന നാഥനായ എ.ടി.ഒ കസേര ഒഴിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് രണ്ട് മാസം കഴിഞ്ഞു. കണ്ടക്ടർമാരും ജീവനക്കാരും ഇല്ലാത്തതിനാൽ സർവിസ് മുടങ്ങുന്നത് പതിവാകുന്നു. ഗ്രാമീണ മേഖലയെയാണ് ഇത് പ്രതികൂലമായി ബാധിക്കുന്നത്. സർവിസ് മുടങ്ങുന്നത് യാത്രാ ക്ലേശത്തോടൊപ്പം വിദ്യാർഥികളെയും പ്രതികൂലമായി ബാധിക്കുന്നു.
എ.ടി.ഒ തസ്തികയിൽ ആരെങ്കിലും എത്തിയാൽതന്നെ ദിവസങ്ങൾക്കകം ചുരമിറങ്ങുന്ന അവസ്ഥയാണ്. മാനന്തവാടിയിൽ എ.ടി.ഒ. തസ്തികയിൽ ആളില്ലാതാകുമ്പോൾ കൽപറ്റയിലേയോ ബത്തേരിയിലേയോ എ.ടി.ഒ.മാർക്ക് ചാർജ് നൽകും. ഇതുകൊണ്ട് ഒരു ഗുണവും ലഭിക്കാറുമില്ല. 43 കണ്ടക്ടർമാരുടെ ഒഴിവുകൾ മാനന്തവാടി ഡിപ്പോയിലുണ്ട്. ഡ്രൈവർമാരുടെ ഒഴിവും നികത്തിയിട്ടില്ല. ഇത് ദിവസവും സർവിസുകൾ മുടങ്ങുന്ന അവസ്ഥയുണ്ടാക്കുകയാണ്. സർവിസ് മുടങ്ങുന്നതാവട്ടെ ഗ്രാമീണ റൂട്ടുകളിലും.
ഗ്രാമീണ മേഖലയിലെ സർവിസ് മുടങ്ങുന്നത് യാത്രാ ക്ലേശം രൂക്ഷമാക്കുകയാണ്. ഗ്രാമീണ മേഖലയാവട്ടെ കെ.എസ്.ആർ.ടി.സി. ബസുകളെ മാത്രം ആശ്രയിച്ച് വരുന്നവരുമാണ്. സർവിസ് മുടങ്ങുന്നത് ഏറെ പ്രതികൂലമായി ബാധിക്കുന്നത് വിദ്യാർഥികളെയാണ്. കൺസഷൻ കാർഡ് ഉൾപ്പെടെ ലഭിച്ച വിദ്യാർഥികളാണ് ഏറെ ദുരിതം പേറുന്നത്. മാനന്തവാടി ഡിപ്പോയും മെക്കാനിക്കൽ സ്ഥലവും രണ്ടിടങ്ങളിലായതും ജീവനക്കാരെ ദുരിതത്തിലാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
