അട്ടപ്പാടിയില്‍ 15 കുടുംബങ്ങള്‍ പലായനം ചെയ്തു
text_fieldsപാലക്കാട്: മകരപ്പാതി പിന്നിടുമ്പോഴേക്കും കേട്ടുകേള്‍വിയില്ലാത്ത വിധം കുടിവെള്ളക്ഷാമം രൂക്ഷമായ അട്ടപ്പാടി ഷോളയൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടിടത്തുനിന്ന് 15 കുടുംബങ്ങള്‍ പലായനം ചെയ്തു. സ്വന്തം വീടുകളില്‍നിന്ന് അല്‍പമെങ്കിലും വെള്ളമുള്ള മറ്റിടങ്ങളിലേക്കാണ് ഇവര്‍ മാറിത്താമസിച്ചത്. പഞ്ചായത്തില്‍ 11ാം വാര്‍ഡിലെ മിനര്‍വ, തൊട്ടുകിടക്കുന്ന ചാവടിയൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് ശിരുവാണി പുഴയുടെ തീരത്തേക്കും ബന്ധുവീടുകളിലേക്കുമായി മാറിയത്. ഒരു ബക്കറ്റ് വെള്ളത്തിനായി കാട്ടാന വിഹരിക്കുന്ന പാതയിലൂടെ രണ്ട് കിലോമീറ്റര്‍ നടന്നുപോകേണ്ടിവരുന്ന ചാവടിയൂര്‍, പൂപ്പണി ആദിവാസി ഊരുവാസികളുടെ അവസ്ഥ ദയനീയമാണ്.
കുഴല്‍ക്കിണറുകള്‍ നശിക്കുകയും കിണറുകളില്‍ 90 ശതമാനവും വരളുകയും ചെയ്ത സാഹചര്യത്തില്‍ ഗുരുതരവരള്‍ച്ചയെ അഭിമുഖീകരിക്കുന്ന പ്രദേശമാണ് മൂന്ന് ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന അട്ടപ്പാടി. ഇതില്‍തന്നെ ഷോളയൂര്‍ പഞ്ചായത്താണ് ഏറെ ദുരിതമനുഭവിക്കുന്നത്. മലമടക്കുകളിലായി സ്ഥിതി ചെയ്യുന്ന അട്ടപ്പാടിയില്‍ പൊതുവെ സ്വാഭാവിക ജലസ്രോതസ്സുകളെയാണ് വെള്ളത്തിന് ആശ്രയിക്കുന്നത്. പാറമടകളും നീര്‍ച്ചാലുകളും ആദിവാസികള്‍ ഓലി എന്ന് വിളിക്കുന്ന ചെറിയ ഒഴുക്കുകളുമാണ് ഇത്. മഴക്കുറവ് മൂലം ഭവാനിയിലും ശിരുവാണിയിലും ഇക്കുറി ജലനിരപ്പ് ഏറെ താണു. അട്ടപ്പാടിയെ ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം ആരംഭിച്ച ജപ്പാന്‍ സഹായ പദ്ധതിയും നിലച്ചു. ചാവടിയൂര്‍, പൂപ്പണി ഊരുകളിലായി 150ഓളം കുടുംബങ്ങളുണ്ട്.
ലൈന്‍ വലിച്ചിട്ടുണ്ടെങ്കിലും വൈദ്യുതി ഇനിയും എത്തിയിട്ടില്ല. രണ്ട് കിലോമീറ്റര്‍ നടന്നാണ് നീര്‍ച്ചാലില്‍നിന്ന് ഇവിടെയുള്ളവര്‍ വെള്ളം കൊണ്ടുവരുന്നത്. പ്രദേശത്തെ ചുണ്ടുകുളം ഊരിലെ പ്രവര്‍ത്തനരഹിതമായ കുടിവെള്ള ടാങ്ക് കഴിഞ്ഞ ദിവസമാണ് കാട്ടാന തകര്‍ത്തത്. മിനര്‍വയിലെ കുടിവെള്ള പദ്ധതി വറ്റിയിട്ട് നാളേറെയായി. ചാവടിയൂരിലെ കാര അടക്കമുള്ള നാല് ആദിവാസി കുടുംബങ്ങളും കുടിയേറ്റ കര്‍ഷക കുടുംബങ്ങളുമാണ് പലയിടത്തേക്കായി പലായനം ചെയ്തത്. പുല്ലാട്ട് സതീഷ്, മിനര്‍വ വര്‍ക്കി, കൊച്ചുകുന്നില്‍ ഒൗസേപ്പ്, മാവിളയില്‍ ബാബു പോള്‍, ചതുരതറയില്‍ മോഹനന്‍, കുഴിപ്പറമ്പില്‍ ജയന്‍, ആവിക്കല്‍ ഷാജി എന്നിവരുടെ കുടുംബങ്ങളും മാറിത്താമസിക്കാന്‍ നിര്‍ബന്ധിതരായവരില്‍ ഉള്‍പ്പെടുന്നു. ചിലര്‍ ശിരുവാണി പുഴയുടെ തീരത്ത് ഷെഡ് കെട്ടിയാണ് മാറിയത്. അഗളിയിലും കല്ലടിക്കോട്ടുമുള്ള ബന്ധുവീടുകളിലേക്ക് കുടുംബസമേതം മാറിയവരുമുണ്ട്.
കുടിവെള്ള വിതരണത്തിന് മറ്റിടങ്ങളെപ്പോലെ ടാങ്കര്‍ ലോറികളെ ആശ്രയിക്കാന്‍ അട്ടപ്പാടിയില്‍ കഴിയില്ല. റോഡില്‍നിന്ന് വളരെ മാറിയാണ് പലരുടെയും താമസം. നിര്‍ദിഷ്ട അട്ടപ്പാടി വാലി ജലപദ്ധതിയുടെ വൃഷ്ടിപ്രദേശത്ത് നിന്നാണ് പലായനം. സാഹചര്യം നേരിടാന്‍ തടയണകള്‍ക്ക് ഒരു പരിധിവരെ കഴിയുമെങ്കിലും തമിഴ്നാടിനെ പേടിച്ച് ഒരു നീക്കവും ഈ ദിശയില്‍ ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
