ചാരക്കേസ്: മുൻ അന്വേഷണ ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യ ഹരജി വിധി പറയാൻ മാറ്റി
text_fieldsകൊച്ചി: ഐ.എസ്.ആർ.ഒ ചാരക്കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യ ഹരജികൾ ഹൈകോടതി വിധി പറയാൻ മാറ്റി. ചാരക്കേസിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന സുപ്രീംകോടതി നിർദേശത്തെ തുടർന്ന് സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിലാണ് മുൻ അന്വേഷണ ഉദ്യോഗസ്ഥർ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ചത്.
ഒന്നാം പ്രതി എസ്. വിജയൻ, രണ്ടാം പ്രതി തമ്പി എസ്. ദുർഗാദത്ത്, നാലാം പ്രതിയും മുൻ ഡി.ജി.പിയുമായ സിബി മാത്യൂസ്, ഏഴാം പ്രതി മുൻ ഐ.ബി ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി. ശ്രീകുമാർ, 11ാം പ്രതി പി.എസ്. ജയപ്രകാശ് എന്നിവരുടെ ഹരജികളാണ് മാറ്റിയത്. ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ അറസ്റ്റ് നിയമവിരുദ്ധമായിരുന്നുവെന്നും പൊലീസ് നടപടികളിലൂടെ ദേശസുരക്ഷ അപകടത്തിലായത് ഗൗരവമേറിയ വിഷയമാണെന്നും സി.ബി.ഐക്കുവേണ്ടി ഹാജരായ അഡീ. സോളിസിറ്റർ ജനറൽ എസ്.വി. രാജു പറഞ്ഞു. ജാമ്യം അനുവദിക്കരുതെന്നും അഡീ. സോളിസിറ്റർ ജനറൽ വാദിച്ചു.
ഇത്തരമൊരു രാജ്യാന്തര ഗൂഢാലോചന നടന്നതിന് ഒരു തെളിവുമില്ലെന്ന് ഹരജിക്കാരിലൊരാളായ സിബി മാത്യൂസിന്റെ അഭിഭാഷകൻ മറുപടി നൽകി. വാദം പൂർത്തിയായതിനെത്തുടർന്നാണ് ജസ്റ്റിസ് കെ. ബാബു ഹരജികൾ വിധി പറയാൻ മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

