സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. വേനൽചൂട് കനക്കുന്നതിനിടെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ലഭിക്കുന്ന മഴ ആശ്വാസമാകുന്നുണ്ട്. ഇടക്കിടെ ലഭിക്കുന്ന മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. സംസ്ഥാനത്ത് കള്ളക്കടൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
മേയ് പതിമൂന്നാം തീയതിയോടെ കാലവര്‍ഷം എത്തിയേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. അതിനിടെ, കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാത്രി 8.30 വരെ ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് , കണ്ണൂര്‍, കാസര്‍കോട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
തീര പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം. ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണം.
പാലക്കാട് ജില്ലയില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

