‘ഞാൻ വർഗീയവാദിയാണെന്നാ പറഞ്ഞത്, മരിച്ചുപോയ ഭർത്താവിനെ കുറിച്ച് വരെ പറഞ്ഞു..’ -എൽ.ഡി.എഫ് സ്ഥാനാർഥിക്കെതിരെ കേസുമായി അങ്കണവാടി ഹെൽപർ
text_fieldsഇടുക്കി: വോട്ടുചോദിച്ചു വന്ന എൽ.ഡി.എഫ് സ്ഥാനാർഥി അങ്കണവാടി ജീവനക്കാരിയെ അസഭ്യം പറയുകയും വർഗീയവാദിയെന്ന് അധിക്ഷേപിക്കുകയും ചെയ്തതായി പരാതി. സംഭവത്തിൽ വണ്ണപ്പുറം പഞ്ചായത്ത് 13ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി ലിജോക്കെതിരെ പൊലീസിൽ പരാതി നൽകിയതായി അങ്കണവാടി ഹെൽപ്പർ നബീസ പറഞ്ഞു.
കുട്ടികളുടെയും മറ്റും മുന്നിൽവെച്ച് ലിജോ വർഗീയവാദിയായി മുദ്രകുത്തുകയും അസഭ്യം പറയുകയും മരിച്ചുപോയ ഭർത്താവിനെ കുറിച്ച് പറയുകയും ചെയ്തു. വലിയ മാനസിക ബുദ്ധിമുട്ടാണ് ഉണ്ടായതെന്നും വിഷയം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും നബീസ പറഞ്ഞു. പൊലീസിൽ പരാതി നൽകിയ ശേഷവും സ്ഥാനാർഥി ലിജോ വീണ്ടും അങ്കണവാടിയിലെത്തി അസഭ്യം പറഞ്ഞുവെന്നും നബീസ പറഞ്ഞു.
‘ഇന്നലെ ഉച്ചയ്ക്ക് പിള്ളേര് ഉറങ്ങി കിടക്കുന്ന സമയത്ത് കേറി വന്നാണ് ഈ അനാവശ്യങ്ങൾ എല്ലാം പറഞ്ഞത്. ഞാൻ വർഗീയവാദിയാണ്, ലീഗുകാരിയാണ്, പിഡിപിക്കാരിയാണ് എന്നൊക്കെ പറഞ്ഞു. അവനുമായിട്ട് വ്യക്തി വൈരാഗ്യങ്ങൾ ഒന്നുമില്ല. എന്തിനാണ് അങ്ങനെ പറഞ്ഞതെന്നറിയില്ല. അവൻ വെള്ളമടിച്ചിട്ടുണ്ടായിരുന്നു. കുട്ടികൾ അടക്കമുള്ളപ്പോൾ വളരെ മോശം ഭാഷയിലാണ് സംസാരിച്ചത്.
ഇതൊക്കെ ഞാൻ ആദ്യമൊന്നും വിഡിയോ പിടിച്ചിട്ടില്ല. അത് കഴിഞ്ഞ് ലാസ്റ്റ് ഇവൻ വാശി പിടിപ്പിച്ചതോടെയാണ് വിഡിയോ പിടിച്ചത്. ആ വീഡിയോയിൽ എല്ലാം തന്നെ ഉണ്ടല്ലോ. ആദ്യമൊന്നും ഞാൻ ഒന്നും പറഞ്ഞില്ല. ഈ വാർഡിലെ മെമ്പറെയും ഈ വാർഡിൽ നിൽക്കുന്ന സ്ഥാനാർത്ഥിയെയും ഒക്കെയാണ് ഇവൻ പറഞ്ഞത്’ -നബീസ പറഞ്ഞു.
നിങ്ങളുടെ വോട്ട് കിട്ടില്ല എന്നറിയാം എന്ന് പറഞ്ഞഞുകൊണ്ടാണ് ലിജോ അങ്കണവാടിയിലേക്ക് വന്നതെന്ന് അധ്യാപികയായ മിനി ടീച്ചർ പറഞ്ഞു. ‘നോട്ടീസ് കൊടുത്തപ്പോൾ എന്റെ വോട്ട് നിനക്ക് കിട്ടല്ല എന്ന് പറഞ്ഞല്ലേ പിന്നെ എന്തിനാണ് നോട്ടീസ് എന്ന് ഇത്ത ചോദിച്ചു. എന്നിട്ട് എനിക്ക് നോട്ടീസ് കൊണ്ടുതന്നു. പിന്നെ ഇത്തായോട് പിഡിപിക്കാരിയാണോ എന്നൊക്കെ ചോദിച്ചു. അങ്കണവാടിയിൽ ഇത്തരം വർത്തമാനം ഒന്നും പറയരുതെന്ന് ഞാൻ പറഞ്ഞു. ഇറങ്ങി പോയി ഗേറ്റിന്റെ അവിടെ നിന്ന് അനാവശ്യം പറഞ്ഞപ്പോഴാണ് ഇത്ത വിഡിയോ പിടിച്ചത്. വളരെ മോശം ഭാഷയിലാണ് സംസാരിക്കുന്നത്. അതിനു മുമ്പ് അതിനേക്കാൾ കൂടുതൽ പറഞ്ഞിരുന്നു’ -ടീച്ചർ പറഞ്ഞു.
‘എനിക്ക് ടീച്ചർ ആയിട്ട് പ്രൊമോഷൻ കിട്ടിയതായിരുന്നു. ഞാൻ പോയില്ല. മരിച്ചുപോയ ഭർത്താവിനെ വരെ കുറ്റം പറഞ്ഞു. മരത്തിൽനിന്ന് വീണ മരിച്ച ആളാ. അപ്പൊ അന്നേരത്തെ അവസ്ഥയിൽ ഒത്തിരി ആൾക്കാരുടെ സഹായം എനിക്ക് കിട്ടിയിട്ടുണ്ട്. ഇവരുടെ പാർട്ടിക്കാരും സഹായം തന്നിട്ടുണ്ട്. അതൊക്കെ ഈ സമയത്ത് വിളിച്ചു പറഞ്ഞു. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇന്ന് സ്റ്റേഷനിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ട്. പരാതിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം’ -നബീസ പറഞ്ഞു.
അതേസമയം, വർഗീയവാദിയെന്ന് വിളിച്ചിട്ടില്ലെന്നാണ് ലിജോയുടെ വിശദീകരണം. പിഡിപിക്കാരിയും മുസ്‌ലിം ലീഗുകാരിയും ആണെന്നാണ് പറഞ്ഞത്. മുസ്‌ലിം ലീഗും പിഡിപിയും വർഗീയ പാർട്ടി തന്നെയാണ്. മോശമായി പെരുമാറിയതിന് മാപ്പു ചോദിക്കുന്നുവെന്നും സംസാരിച്ചത് തെറ്റാണെന്ന് ബോധ്യപ്പെട്ടുവെന്നും ലിജോ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ലിജോ അങ്കണവാടി ഹെൽപ്പർക്ക് നേരെ അസഭ്യവർഷവും വർഗീയ പരാമർശവും നടത്തുന്ന വീഡിയോ പുറത്തുവന്നത്. വർഗീയവാദിയാണെന്നും അസഭ്യം പറയുന്നതും വിഡിയോയിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

